04 December Wednesday

അമേരിക്കൻ തെരഞ്ഞെടുപ്പ്‌: ട്രംപിന്റെയും കമലയുടെയും നെഞ്ചിടിപ്പ് കൂട്ടി സർവേ ഫലങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

വാഷിങ്‌ടൺ
അമേരിക്കൻ തെരഞ്ഞെടുപ്പിന്‌ ഒരു ദിവസം മാത്രം ശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപിന്റെയും ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിന്റെയും നെഞ്ചിടിപ്പ്‌ കൂട്ടി സർവേ ഫലങ്ങൾ. തെരഞ്ഞെടുപ്പ്‌ അടുക്കും തോറും കമല ഹാരിസിനുള്ള പിന്തുണ കുറയുന്നതും ട്രംപ്‌ മുന്നേറുന്നതും ഡെമോക്രാറ്റുകളെ ആശങ്കയിലാഴ്‌ത്തുന്നു.

എന്നാൽ ഇപ്പോഴും ട്രംപിനേക്കാൾ നേരിയ മുൻതൂക്കം കമലയ്‌ക്കാണെന്നത്‌ റിപ്പബ്ലിക്കൻ പാർടിക്കും തലവേദനയാണ്‌. ന്യൂയോർക്ക്‌ പോസ്റ്റ്‌, എംബിസി, എംഎസ്‌എൻ തുടങ്ങിയ മാധ്യമങ്ങൾ ആർക്കും മുൻതൂക്കം പ്രവചിക്കാനാകില്ലെന്ന്‌ വിലയിരുത്തുമ്പോൾ വാൾസ്‌ട്രീറ്റ്‌ ജേർണൽ ട്രംപിനും റോയിട്ടർ കമലയ്‌ക്കും വിജയസാധ്യത കൽപ്പിക്കുന്നു.

  ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും അനുകൂലമായി മാറിമാറി വിധിയെഴുതുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ്‌ സ്ഥാനാർഥികൾ അവസാന മണിക്കൂറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. മിഷിഗൺ, പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ്‌ ട്രംപിന്റെ ക്യാമ്പയിൻ. കമല മിഷിഗൺ, ജോർജിയ, പെൻസിൽവാനിയ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങും.

270 അല്ലെങ്കിൽ അതിൽ കൂടുതൽ ഇലക്‌ടറൽ വോട്ട്‌ ലഭിക്കുന്ന സ്ഥാനാർഥിയാണ്‌ വൈറ്റ്‌ഹൗസിൽ എത്തുക. നിലവിലെ സ്ഥിതിയനുസരിച്ച്‌ കമലയ്‌ക്ക്‌ 226ഉം ട്രംപിന്‌ 219ഉം ഇലക്‌ടറൽ വോട്ടുകൾ ഉറപ്പാണ്‌. വിജയം ഉറപ്പിക്കാൻ കമലയ്‌ക്ക്‌ 44 അധിക ഇലക്‌ടറൽ വോട്ടുകളും ട്രംപിന്‌ 51 അധിക ഇലക്‌ടറൽ വോട്ടുകളും സമാഹരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top