17 July Wednesday

അമേരിക്കൻ ചാര ഡ്രോൺ ഇറാൻ വെടിവച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

ടെഹ‌്റാൻ
വ്യോമാതിർത്തി അതിക്രമിച്ചു കടന്ന അമേരിക്കൻ ചാര ഡ്രോൺ ഇറാൻ റവല്യൂഷറി ഗാർഡ‌് വെടിവച്ചിട്ടു. വ്യാഴാഴ‌്ച അമേരിക്കയുടെ ചാര വിമാനം ഇറാന്‍ അതിര്‍ത്തിയില്‍ കടന്ന ഉടനെ സൈന്യം വെടിവച്ചിടുകയായിരുന്നുവെന്ന‌് റവല്യൂഷണറി ഗാർഡിന്റെ വാർത്ത വെബ‌്സൈറ്റ‌് അറിയിച്ചു. എന്നാൽ അന്താരാഷ‌്ട്ര അതിർത്തിയിലൂടെ പറക്കുകയായിരുന്ന തങ്ങളുടെ ഡ്രോൺ ആണ‌് ഇറാൻ വെടിവച്ചിട്ടതെന്ന‌് അമേരിക്ക പറഞ്ഞു.  ഡ്രോൺ ഇറാന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ‌് അമേരിക്കയുടെ വിശദീകരണം. സ‌്ട്രേറ്റ‌് ഓഫ‌് ഹോർമുസിലെ അന്താരാഷ‌്ട്ര വ്യോമാതിർത്തിയിലാണ‌് തങ്ങളുടെ ഡ്രോൺ ഇറാൻ വെടിവച്ചിട്ടതെന്ന‌് അമേരിക്കൻ സൈനിക വക്താവ‌് ക്യാപ‌്റ്റൻ ബിൽ അർബൻ പറഞ്ഞു.

എന്നാൽ തങ്ങളുടെ അതിർത്തിക്കകത്ത‌് ചാരവൃത്തിക്ക‌് കടന്നുകയറിയ അമേരിക്കൻ നിർമിത ആര്‍ക്യു-4 ഗ്ലോബൽ ഹൗക്ക് എന്ന ചാര വിമാനമാണ് വെടിവച്ച് തകര്‍ത്തതെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ തെക്കന്‍തീര പ്രവിശ്യയായ ഹോമോസ‌്ഗനിലാണ‌് ഇറാൻ റവല്യൂഷണറി ഗാർഡ‌് ഡ്രോൺ വെടിവച്ചിട്ടത‌്. ഇതിന‌് സമീപം കൗമോബാറക് ജില്ലയിലാണ‌് ഇറാന്റെ വ്യോമത്താവളം. വ്യോമാതിർത്തി ലംഘിച്ച‌് ചാര ഡ്രോൺ പറത്തിയ നടപടിയെ ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.  ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന‌് ഇറാൻ വിദേശ കാര്യ വക്താവ‌് അബ്ബാസ‌് മൗസവി മുന്നറിയിപ്പ‌് നൽകി. രാജ്യത്തിന്റെ അതിർത്തികൾ തങ്ങളുടെ ചുവപ്പ‌് വരകളാണെന്ന‌്  ഇറാൻ സൈനിക ജനറൽ ഹൊസയിൻ സലാമി പറഞ്ഞ‌ു. അത‌് അതിക്രമിച്ചുകടക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഒരു രാജ്യത്തും അതിക്രമിച്ചു കയറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തങ്ങളുടെ രാജ്യത്തിനുനേരെ വന്നാൽ യുദ്ധത്തിന‌് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ അമേരിക്ക കനത്ത ഉപരോധങ്ങൾ അടിച്ചേൽപ്പിച്ചതിനും ഗൾഫ‌് മേഖലയിൽ അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതിനുംശേഷം ഇറാൻ അമേരിക്കയ‌്ക്ക‌് നൽകുന്ന ശക്തമായ തിരിച്ചടിയാണിത‌്.

അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള സംഘർഷാവസ്ഥ മൂർച‌്ഛിപ്പിക്കുന്നതാണ‌് പുതിയ സംഭവം.  30 മണിക്കൂറോളം പറക്കാനും ഏത് കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കുന്ന അമേരിക്കയുടെ ചാര വിമാനമാണ‌് ആര്‍ക്യു-4 ഗ്ലോബല്‍ ഹൗക്ക്. ഇറാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികരെ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ആയിരം സൈനികരെയാണ് ഇറാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചത‌്. കൂടുതൽ ആയുധങ്ങളും അമേരിക്ക ഇറാൻ അതിർത്തിയിൽ എത്തിച്ചിട്ടുണ്ട‌്. എന്നാൽ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top