26 September Saturday

അമേരിക്ക വിരട്ടൽ നിർത്തണം: ഇയു

വെബ് ഡെസ്‌ക്‌Updated: Sunday Jul 19, 2020

ബ്രസല്‍സ്>  യൂറോപ്യൻ കമ്പനികളെ ഉപരോധ ഭീഷണി ഉയർത്തി വിരട്ടുന്നത്‌ അമേരിക്ക അവസാനിപ്പിക്കണമെന്ന്‌ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇയു വിദേശനയ മേധാവി ജോസിപ്‌ ബോറെൽ പ്രസ്‌താവനയിലൂടെയാണ്‌ അമേരിക്കൻ ഭീഷണിക്കെതിരെ പ്രതികരിച്ചത്‌.
ജർമൻ–-റഷ്യൻ, തുർക്കിഷ്‌ റഷ്യൻ പ്രകൃതിവാതക പൈപ്പ്‌ലൈനുകളുടെ പൂർത്തീകരണത്തിൽ ഉൾപ്പെട്ട യൂറോപ്യൻ കമ്പനികൾ ഉപരോധ ഭീഷണിയിലായതിനെ തുടർന്നാണിത്‌. ഈ പ്രോജക്ടുകളിൽ ഉൾപ്പെട്ട കമ്പനികൾ പ്രവൃത്തി അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കൻ ശിക്ഷാനടപടി ഉണ്ടാകുമെന്ന്‌ ബുധനാഴ്‌ച യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനുപുറമേ ഇറാൻ, ക്യൂബ, അന്താരാഷ്‌ട്ര ക്രിമിനൽ കോടതി എന്നിവയുമായി ബന്ധപ്പെട്ട്‌ നേത്തേയുള്ള അമേരിക്കൻ ഭീഷണികളും ബോറെൽ പ്രസ്‌താവനയിൽ എടുത്തുപറഞ്ഞു.

വർധിച്ച തോതിൽ ഉപരോധങ്ങളെയും ഉപരോധഭീഷണിയും  ഉപയോഗിക്കുന്നതിൽ ഉൽക്കണ്ഠയുണ്ട്‌. നയപരമായ ഭിന്നതകൾ ചർച്ച ചെയ്യാൻ ഇയു എപ്പോഴും തയ്യാറാണ്‌. ഉപരോധ ഭീഷണിയുടെ സാഹചര്യത്തിൽ അത്‌ സാധിക്കില്ല. യൂറോപ്യൻ നയങ്ങൾ തീരുമാനിക്കുന്നത്‌ യൂറോപ്പിലാണ്‌, മറ്റ്‌ രാജ്യങ്ങളല്ലെന്നും ബോറെൽ വ്യക്തമാക്കി.
റഷ്യയിൽനിന്ന്‌ ജർമനിയിലേക്ക്‌ പ്രകൃതിവാതകം എത്തിക്കാനുള്ള ‘നോർദ്‌ സ്‌ട്രീം2’, റഷ്യയിൽനിന്ന്‌ തുർക്കിയിലേക്കുള്ള ‘തുർക്‌സ്‌ട്രീം’ പദ്ധതികളിൽനിന്ന്‌ യൂറോപ്യൻ കമ്പനികൾ പിൻവാങ്ങാനാണ്‌ അമേരിക്കൻ ഭീഷണി.അമേരിക്കൻ ഭീഷണി ജർമൻ വിദേശമന്ത്രി ഹെയ്‌കോ മാസ്‌ വ്യാഴാഴ്‌ച തള്ളിയിരുന്നു. ജർമൻ വ്യവസായ ഫെഡറേഷനും(ബിഡിഐ) അമേരിക്കൻ ഭീഷണിയെ അപലപിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top