18 September Wednesday

ആമസോണിലെ തീ ആഗോളവിഷയമായി പടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

പാരിസ്‌ > ആമസോൺ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി രാജ്യങ്ങൾ ഏറ്റെടുക്കുന്നു.  തീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വൻ വ്യാപാര ഉടമ്പടിക്ക്‌ തങ്ങൾ അംഗീകാരം നൽകില്ലെന്ന്‌ ഫ്രാൻസും അയർലൻഡും വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയലാനം സംബന്ധിച്ച നിലപാടുകളെക്കുറിച്ച്‌ ബ്രസീൽ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോ തന്നോട്‌ കള്ളം പറഞ്ഞതായി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആമസോൺ മഴക്കാടുകളിൽ പടരുന്ന കാട്ടുതീ അന്താരാഷ്‌ട്ര പ്രതിസന്ധിയാണെന്നും ഈയാഴ്‌ചത്തെ ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്നും ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. നമ്മുടെ വീട്‌ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ മാക്രോൺ ട്വീറ്റ്‌ ചെയ്‌തു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ബോൾസനാരോയുടെ നയങ്ങളാണ്‌ ദുരന്തത്തിന്‌ കാരണമെന്ന്‌ പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി. അതേസമയം, ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്ന ഫ്രഞ്ച്‌ പ്രസിഡന്റിന്റെ ആവശ്യം രാഷ്‌ട്രീയനേട്ടത്തിനായുള്ള ഇടപെടലാണെന്ന്‌ ബോൾസനാരോ പറഞ്ഞു.

ഭൂമിയുടെ ശ്വസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിൽ ആയിരക്കണക്കിന്‌ മേഖലകളിലാണ്‌ കാട്ടുതീ പടരുന്നത്‌. പത്തുലക്ഷം ഗോത്രജനവിഭാഗം അധിവസിക്കുന്ന മേഖല മൂന്ന്‌ ലക്ഷം ഇനം സസ്യമൃഗാദികളുടെയും ആവാസകേന്ദ്രമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top