05 December Thursday

മേഘാലയയിൽ പ്രവേശിക്കണോ; രജിസ്‌ട്രേഷൻ നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ഷില്ലോങ്‌ >  മേഘാലയയിൽ  ഒരുദിവസത്തിൽ കൂടുതൽ താമസിക്കണമെങ്കിൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച നിയമനിർമാണത്തിന്‌ സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു.  ഗോത്രജനതയുടെ സംരക്ഷണത്തിന്‌ മേഘാലയ റസിഡൻസ്‌ സേഫ്‌റ്റി ആൻഡ്‌ സെക്യൂരിറ്റി ആക്ട്‌ 2016 (എംആർഎസ്‌എസ്‌) ഭേദഗതിചെയ്യാനുള്ള നിർദേശം മന്ത്രിസഭ വെള്ളിയാഴ്‌ച അംഗീകരിച്ചെന്ന്‌ ഉപമുഖ്യമന്ത്രി പ്രസ്‌റ്റൺ ടിൻസോങ്‌ പറഞ്ഞു.

നിയമം ഉടൻ പ്രാബല്യത്തിൽവരും. നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ഓർഡിനൻസ്‌ നിയമമാക്കുമെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ വിഭാഗക്കാരോടും രാഷ്ട്രീയപാർടി പ്രതിനിധികളോടും സർക്കാരിതര സംഘടനകളോടും ആലോചിച്ചശേഷമാണ്‌ തീരുമാനം. മേഘാലയക്കു പുറത്തുനിന്നുള്ളവർ ആരായാലും 24 മണിക്കൂറിൽ കൂടുതൽ സമയം സംസ്ഥാനത്ത്‌ താമസിക്കുകയാണെങ്കിൽ  സർക്കാരിന്‌ രേഖകൾ സമർപ്പിക്കണം.  കേന്ദ്ര–-സംസ്ഥാന–-ജില്ലാ കൗൺസിൽ ജീവനക്കാർ ഈ നിയമത്തിന്റെ  പരിധിയിൽ വരില്ല. 

നിലവിലുള്ള നിയമം പരിഷ്‌കരിച്ച്‌ രജിസ്‌ട്രേഷൻ നടപടികൾ ലഘൂകരിക്കുകയും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുകയുംചെയ്യും. വ്യാജരേഖകൾ സമർപ്പിച്ച്‌ താമസിക്കാൻ ശ്രമിച്ചാൽ  കർശനശിക്ഷ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.


പ്രധാന വാർത്തകൾ
 Top