13 August Saturday
പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ 
എന്നിവിടങ്ങളിലും തുടർചലനം സഹായം അഭ്യർഥിച്ച് താലിബാൻ

അഫ്‌ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 1000 മരണം, അടിയന്തര ശുശ്രൂഷയും
 ചികിത്സയും വൈകി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

twitter.com/BakhtarNA

   
കാബൂൾ
അഫ്‌ഗാനിസ്ഥാനിൽ രണ്ടുപതിറ്റാണ്ടിനിടെ ഉണ്ടായ  വിനാശകാരിയായ ഭൂകമ്പത്തിൽ 1000 പേർ മരിച്ചു. ആയിരത്തഞ്ഞൂറിലധികം പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന്‌ അധികൃതർ അറിയിച്ചു.ബുധനാഴ്ച പുലർച്ചെയാണ്‌ പാകിസ്ഥാൻ അതിർത്തിയോട്‌ ചേർന്നുള്ള തെക്കുകിഴക്കൻ അഫ്‌ഗാനിൽ ഭൂകമ്പമുണ്ടായത്‌. ഖോസ്റ്റ്‌ പ്രവിശ്യക്ക്‌ 50 കിലോമീറ്റർ തെക്കുപടിഞ്ഞാറ്‌ പക്തികയിലാണ്‌ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി. ഭൗമോപരിതലത്തിൽനിന്ന്‌ 10 കിലോമീറ്റർ ആഴത്തിലാണ്‌ പ്രഭവസ്ഥാനമെന്ന്‌ പാകിസ്ഥാൻ കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു. ഇതിന്റെ തുടർകമ്പനങ്ങൾ 500 കിലോമീറ്റർ അകലെവരെ അനുഭവപ്പെട്ടതായി യൂറോപ്യൻ സീസ്‌മോളജിക്കൽ സൊസൈറ്റി റിപ്പോർട്ട്‌ ചെയ്തു. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ എന്നിവിടങ്ങളിലും തുടർചലനമുണ്ടായി. അവികസിത, മലമ്പ്രദേശമായ പക്തികയിലെ രണ്ടായിരത്തോളം  വീടും കെട്ടിടവും തകർന്നു. ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട്‌ പ്രകാരം ബുധൻ വൈകിട്ടുവരെ 130 പേരെ മാത്രമാണ്‌ ആശുപത്രിയിൽ എത്തിക്കാനായത്‌. ചാക്കുകളിൽ കിടന്നും കസേരകളിൽ ഇരുന്നും അടിയന്തര ശുശ്രൂഷ സ്വീകരിക്കുന്നവരുടെ ദൃശ്യങ്ങളും പുറത്തുവന്നു.

അമേരിക്കൻ അധിനിവേശം അവസാനിപ്പിച്ച്‌ 2021ൽ താലിബാൻ ഭരണം തിരിച്ചുപിടിച്ചതോടെ അന്താരാഷ്ട്ര സന്നദ്ധസംഘടനകളടക്കം രാജ്യം വിട്ടിരുന്നു. ഇതും അടിയന്തര വൈദ്യസഹായം വെല്ലുവിളിയാക്കി. അന്താരാഷ്ട്ര സമൂഹം സഹായിക്കാൻ മുന്നോട്ടുവരണമെന്ന്‌ താലിബാൻ ഇടക്കാല സർക്കാർ അഭ്യർഥിച്ചു. പ്രധാനമന്ത്രി മൊഹമ്മദ്‌ ഹസൻ അകുന്ദിന്റെ അധ്യക്ഷതയിൽ കാബൂളിൽ മന്ത്രിസഭായോഗം സ്ഥിതിഗതി  വിലയിരുത്തി. പാകിസ്ഥാൻ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും സഹായം എത്തിക്കും. ഭൂകമ്പം പതിവായി നാശം വിതയ്ക്കുന്ന രാജ്യമാണ്‌ അഫ്‌ഗാനിസ്ഥാൻ. 2002ൽ വടക്കൻ പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ 1000 പേരും 1998ൽ വടക്കുകിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ 4500 പേരും മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top