19 January Sunday

കണ്ടെയ്‌നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍; ലണ്ടനിൽ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ലണ്ടന്‍ > ഇംഗ്ലണ്ടിലെ എസക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റെ അടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറും വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയുമായ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം ലോറി പരിശോധിച്ചപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടത്.

ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹം കണ്ടെത്തിയ എസക്‌സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്. അയര്‍ലന്‍ഡില്‍നിന്നും ബ്രിട്ടനിലേക്കുള്ള പ്രധാനപാതയാണിത്.

അതിദാരുണമായ സംഭവമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഏറെ ശ്രമകരമാണെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് താത്കാലികമായി അടച്ചു.


പ്രധാന വാർത്തകൾ
 Top