18 April Sunday

രണ്ട് അമേരിക്കന്‍ യുദ്ധ കപ്പലുകളില്‍ സൈനികര്‍ക്ക് കോവിഡ്‌

അനസ് യാസിന്‍Updated: Saturday Feb 27, 2021

മനാമ > പശ്ചിമേഷ്യയില്‍ രണ്ട് യുഎസ് നേവി യുദ്ധക്കപ്പലുകളില്‍ സൈനികര്‍ക്ക് കൊറോണ വൈറസ് പിടിപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ്എസ് സാന്‍ ഡീഗോ, ഗൈഡഡ് മിസൈല്‍ ക്രൂയിസറായ ഫിലിപ്പൈന്‍ സീ എന്നീ കപ്പലുകളിലാണ് നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബഹ്‌റൈന്‍ ആസ്ഥാനമായ അഞ്ചാം കപ്പല്‍ പട വക്താവ് റെബേക്ക റെബറിച്ച് അറിയിച്ചു.

ബഹ്‌റൈന്‍ തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന സാന്‍ ഡീഗോയില്‍ 12 ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈന്‍ തുറമുഖത്ത് എത്തിയ ഫിലിപ്പൈന്‍ സീ കപ്പലിലെ നിരവധി പേര്‍ക്ക് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. രോഗികളെയും അടുത്ത സമ്പര്‍ക്കക്കാരെയും ഒറ്റപ്പെടലിന് വിധേയമാക്കിയതായും അറിയിച്ചു.
സാന്‍ ഡീഗോയില്‍ കപ്പല്‍ ജീവനക്കാരും നാവിക സൈനികരുമായി 600 ഓളം പേരും ഫിലിപ്പൈന്‍ സീയില്‍ 380 പേരും ഉണ്ട്.

അമേരിക്കന്‍ നാവിക സേനയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പിടിപ്പെട്ടത് കഴിഞ്ഞ വര്‍ഷം യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റ് എന്ന വിമാനവാഹിനിക്കപ്പലിലായിരുന്നു, അന്ന് ആയിരത്തിലധികം നാവികര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. രണ്ട് മാസത്തോളം പസഫിക് സമുദ്രത്തിലെ ഗ്‌വാം ദീപിനടുത്ത് നങ്കൂരമിടേണ്ടിവന്നു. തുടര്‍ന്ന് കപ്പലിലെ 4,800 നാവികരെയും ജീവനക്കാരെയും ഗ്‌വാമില്‍ ആഴ്ചകളോളം ക്വാറന്റയ്‌നിലാക്കി.

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top