18 June Tuesday

ദക്ഷിണാഫ്രിക്കയിൽ 14 സിംഹങ്ങൾ സങ്കേതത്തിൽനിന്ന‌് പുറത്തുചാടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

കേപ‌് ടൗൺ> ദക്ഷിണാഫ്രിക്കയിലെ ക്രുഗർ ദേശീയോദ്യാനത്തിൽനിന്ന‌് പുറത്തുചാടിയെന്നു കരുതുന്ന 14 സിംഹങ്ങളെ മൊസാമ്പിക‌് അതിർത്തിക്ക‌ു സമീപം കണ്ടെത്തി.  ഫലബോർവ ഫോസ‌്കർ ഖനിക്കരികിൽ സിംഹക്കൂട്ടം അലഞ്ഞുതിരിയുന്നത‌് കണ്ടതിനെത്തുടർന്ന‌് അധികൃതർ ജാഗ്രതാനിർദേശം നൽകി. വനപാലകർ സിംഹങ്ങളെ നിരീക്ഷിച്ചുവരികയാണ‌്. ഉടൻ പിടികൂടി സങ്കേതത്തിൽ തിരിച്ചയക്കാനാണ‌് അധികൃതരുടെ പദ്ധതി.

ആഫ്രിക്കയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ‌് ക്രൂഗർ. വൻ വേലികെട്ടി സംരക്ഷിച്ചിട്ടുള്ള പ്രദേശത്തുനിന്ന‌് സിംഹങ്ങൾ എങ്ങനെ പുറത്തുകടന്നുവെന്ന‌് വ്യക്തമല്ല.  2017ൽ ബുമലാങ്ക സങ്കേതത്തിൽനിന്ന‌് അഞ്ച‌് സിംഹങ്ങൾ പുറത്തുചാടിയിരുന്നു.

സിംഹങ്ങളെ പിടിച്ച‌് തിരിച്ചുകൊണ്ടുവന്നാൽ പ്രശ‌്നം തീരില്ലെന്ന‌് ദേശീയോദ്യാന വക്താവ‌് ഇകെ ഫഹ‌്‌ല അഭിപ്രായപ്പെട്ടു. സിംഹങ്ങൾ സ്വന്തം പ്രദേശത്ത‌് മറ്റുള്ളവയെ കയറ്റാത്ത പ്രകൃതമായതിനാൽ തിരിച്ചെത്തുന്നവയെ മറ്റു സിംഹങ്ങൾ ഓടിക്കാനോ അവ വീണ്ടും പുറത്തുചാടാനോ സാധ്യതയുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top