കോഴിക്കോട്> ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉഷ്‌ണതരംഗം കേരളത്തിലേക്കും. സംസ്ഥാനത്തെ താപനില ഇനിയും ഉയരും. കർണാടക, കേരളം ഉൾപ്പെടുന്ന മേഖലയിലാണ് ഉഷ്‌ണതരംഗം കൂടുന്നത്. ഇതോടെ 40 ഡിഗ്രിക്ക് മുകളിലാകും താപനില. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുണ്ടാകുമെങ്കിലും ഉഷ്‌ണതരംഗ സ്വാധീനത്താൽ താപനില വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഭിലാഷ് ജോസഫ് പറഞ്ഞു.
2010ന് ശേഷമുള്ള വലിയ ഉഷ്‌ണതരംഗമാണിപ്പോൾ ഉത്തരേന്ത്യയിൽ. 2010 ഏപ്രിലിൽ 11 തവണ ഉഷ്‌ണതരംഗമുണ്ടായി. ഈ വർഷം എട്ടുതവണ ചൂട് കൂടി.
നിരപ്പായയിടങ്ങളിൽ 40 ഡിഗ്രിക്കും തീരമേഖലകളിൽ 37നും ഉയർന്ന പ്രദേശങ്ങളിൽ 30നും മുകളിൽ താപനില എത്തുന്നതാണ് ഉഷ്‌ണതരംഗം. വേനൽമഴയാണ് ചൂട് ഒരുപരിധിവരെ തടഞ്ഞത്. ഉഷ്‌ണതരംഗത്തിന്റെ തുടർച്ചയായുണ്ടാകുന്ന എതിർചുഴലി എന്ന വായുപ്രതിഭാസമാണ് കിലോമീറ്റർ അകലേയ്‌ക്ക് താപവ്യാപനമുണ്ടാക്കുന്നത്.
ഭൗമപ്രതലത്തിൽനിന്ന് ഒന്നരക്കിലോമീറ്റർവരെ ഉയരത്തിലാകും ഈ പ്രതിഭാസം. തമിഴ്നാട്ടിൽനിന്നുള്ള വരണ്ട കാറ്റും ചൂട് കൂടാനിടയാക്കുന്നു. കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ചൂട് സാധാരണ വേനൽക്കാലത്തേക്കാൾ രണ്ടുമുതൽ അഞ്ച് ഡിഗ്രിവരെ വർധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..