ന്യൂഡൽഹി > മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഉഷ‌്ണതരംഗമാണ‌് രാജ്യം അനുഭവിക്കുന്നതെന്ന‌് റിപ്പോർട്ട‌്. ഈ വർഷം ഏപ്രിൽ 15 മുതൽ മെയ‌് നാലുവരെയും മെയ‌് 18 മുതൽ 22 വരെയും ജൂൺ ഏഴുമുതൽ 13 വരെയുമുള്ള 32 ദിവസം ഉഷ‌്ണതരംഗം അനുഭവപ്പെട്ടുവെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 1988ൽ 33 ദിവസമാണ‌് രാജ്യം ഉഷ‌്ണതരംഗം നേരിട്ടത‌്. നിലവിലെ ചൂട‌് തുടർന്നാൽ ഈവർഷം റെക്കോഡ‌് തിരുത്തും.
1971നും 2015നും ഇടയ്ക്ക‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തിയ താപനിലയുടെ കണക്കുപ്രകാരം ഉഷ്ണതരംഗത്തിന്റെ കാഠിന്യത്തിൽ 1991 മുതൽ മൂന്ന‌് മടങ്ങ‌് വർധനയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം രൂക്ഷമാകുന്നതിനൊപ്പം ഉഷ്ണതരംഗവും വർധിക്കുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പസഫിക‌് സമുദ്രത്തിലെ താപവ്യതിയാനങ്ങളെത്തുടർന്നുണ്ടാകുന്ന എൽനിനോ പ്രതിഭാസവും ചൂട‌് കൂടാനിടയാക്കുന്നു.
കനത്ത ചൂടും വായുമലിനീകരണവും ജനജീവിതം ദുസ്സഹമാക്കിയ ഉത്തരേന്ത്യയിലെ സാഹചര്യം വരുംദിവസങ്ങളിലും തുടരും. കടുത്ത ചൂടും പൊടിയും നിറഞ്ഞതോടെ ഡൽഹിയിൽ വായുമലിനീകരണത്തിന്റെ തോത‌് ‘ഗുരുതര’ നിലയിലെത്തി. ഉത്തർപ്രദേശ‌്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ‌് തുടങ്ങിയ സംസ്ഥാനങ്ങളിൽ അത്യുഷ്ണത്തിൽ നിരവധിപേർ മരിച്ചു. കടുത്ത ചൂടിൽ വരണ്ടുണങ്ങിയതോടെ ഡൽഹിയിലുൾപ്പെടെ പ്രാദേശികമായ പൊടിക്കാറ്റ‌് രൂപംകൊള്ളുന്നു.
അഫ‌്ഗാനിസ്ഥാനിൽ രൂപംകൊണ്ട ശക്തമായ പൊടിക്കാറ്റ‌് രണ്ട‌് ദിവസത്തിനുള്ളിൽ ഡൽഹി ഉൾപ്പെടെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ വീശുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നൽകി. താർ മരുഭൂമിയിൽനിന്നുള്ള പൊടിക്കാറ്റുംഎത്തിയേക്കും.
ആയുർദൈർഘ്യം 2.6 വർഷം കുറഞ്ഞു
രൂക്ഷമായ വായുമലിനീകരണം ഉണ്ടാക്കുന്ന കടുത്ത രോഗങ്ങൾ കാരണം ഇന്ത്യയിലെ പ്രതീക്ഷിത ആയുർദൈർഘ്യം 2.6 വർഷം കുറഞ്ഞെന്ന‌് പഠനം. വീടുകൾക്കുള്ളിലും പുറത്തുമുള്ള മലിനവായു അപകടകരമായ രോഗങ്ങൾ ഉണ്ടാക്കുന്നെന്ന‌് സെന്റർഫോർ സയൻസ‌് ആൻഡ‌് എൻവയോൺമെന്റിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. മരണകാരണങ്ങളിൽ മൂന്നാംസ്ഥാനമാണ‌് വായുമലിനീകരണത്തിന‌്. ലോകവ്യാപകമായി പ്രതീക്ഷിത ആയുർദൈർഘ്യത്തിലുണ്ടായ കുറവ‌് ശരാശരി 20 മാസമാണ‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..