21 September Thursday

വെന്റോക്ക് പിൻഗാമിയായി ഫോക്സ് വാഗൺ വെർട്ടസ്

സുരേഷ് നാരായണൻUpdated: Wednesday May 11, 2022

റാപ്പിഡിന്റെ പിൻഗാമിയായി സ്കോഡ സ്ലാവിയ വിപണിയിലിറക്കിയപ്പോൾ മാതൃസ്ഥാപനമായ ഫോക്സ് വാഗൺ വെന്റോക്ക് പിൻഗാമിയായി വെർട്ടസ് പുറത്തിറക്കുന്നു. രണ്ടു കാറുകളും ഒന്നുതന്നെയാണെങ്കിലും ഇതൊരു ഫോക്സ് വാഗൺ കാറാണ് എന്ന് ഫോക്സ് വാഗൺ അവകാശപ്പെടുന്നു. രൂപത്തിൽ വരുത്തിയിരിക്കുന്ന വ്യത്യാസം ഷാർപ്പ് ലൈനുകൾ ഉള്ള ജെട്ടയോട് സാമ്യത തോന്നിക്കുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ ഇതൊരു ഫോക്സ് വാഗൺ കാറാണ് എന്ന് പറയുന്നതിൽ  കാര്യമുണ്ട്.  വിപണിയിൽ ഹോണ്ട സിറ്റിയെയും ഹുൺഡായ് വെർണയെയും ആണ് വെർട്ടസ് നേരിടുന്നത്. എസ്‌യു‌വികളുടെ ഉയർന്ന സീറ്റിലേക്ക് ചാഞ്ഞിരിക്കുന്ന ഉപഭോക്താക്കളെ സെഡാന്റെ താഴ്ന്ന സീറ്റിലേക്ക് കൊണ്ടുവരുകയെന്നത് ശ്രമകരമാണെങ്കിലും സെഡാനിലുള്ള പ്രതീക്ഷ ചില നിർമാതാക്കാൾ കൈവിട്ടിട്ടില്ല!

ഇന്ത്യ 2 പ്രോജക്റ്റ് പ്രകാരം ഫോക്സ് വാഗൺ  പുറത്തിറക്കുന്ന നാലാമത്തെ വാഹനമാണ് വെർട്ടസ്. 1 ലിറ്റർ, 1.5 ലിറ്റർ എന്നീ  രണ്ടു എൻജിൻ വേരിയന്റുകളാണ് വെർട്ടസിന്റെ പവർഹൗസ്! ഇതേ എൻജിൻ വേരിയന്റുകൾ നമ്മൾ സ്കോഡ സ്ലാവിയയിൽ പരിചയപ്പെട്ടതാണ്. ഇതിൽ 1 ലിറ്റർ 3 സിലിണ്ടർ ടി‌എസ്‌ഐ എൻജിൻ 115 ഹോഴ്സ് പവറും 178 ന്യൂട്ടൻ മീറ്റർ ടോർക്കും പുറപ്പെടുവിക്കുമ്പോൾ 1.5 ലിറ്റർ 4 സിലിണ്ടർ ടി‌എസ്‌ഐ എൻജിൻ 150 ഹോഴ്സ് പവറും 250 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. 1 ലിറ്റർ എൻജിൻ 6 സ്പീഡ് മാന്വൽ ഗിയർ ബോക്സിലും 6 സ്പീഡ് ടോർക് കൺവർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്സിനോടും ബന്ധിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റർ എൻജിന്റെ പവർ 7 സ്പീഡ് ഡി‌എസ്‌ജി ട്വിൻ ക്ലച് ഗിയർ ബോക്സാണ് വീലുകളിൽ എത്തിക്കുന്നത്!


 

ഇതിൽ 1 ലിറ്റർ ഓട്ടോമാറ്റിക് എൻജിനാണ് വ്യക്തിപരമായി എനിക്കിഷ്‌ടപ്പെട്ടത്! ഇത്  രണ്ടുപേർമാത്രം കാറിൽ ഉള്ളപ്പോൾ തോന്നിയ ഇഷ്‌ടമാണ്, 5 യാത്രക്കാരും അവരുടെ ബാഗുകളും കാറിൽ കയറുമ്പോൾ ഇപ്പോഴത്തെ ഈ ഇഷ്‌ടത്തിന് മാറ്റംവരാൻ സാധ്യതയുണ്ട്.   
സ്ലാവിയയും വെർട്ടസും തമ്മിലുള്ള താരതമ്യം സ്വാഭാവികമാണ്, പുറംമോടിയിൽ രണ്ടു കമ്പനികളുടെയും തനത് ഡി‌എൻ‌എ പ്രകടമാണ്! ഷാർപ്പ് ഹെഡ് ലാമ്പ് ഇൻറഗേറ്റ് ചെയ്ത നേരിയ ഗ്രിൽ പക്വത വന്ന ജർമൻ ലുക്ക് ഫോക്സ് വാഗന്റെ മറ്റ് വാഹനങ്ങളിലും കാണാവുന്നതാണ്. എൽ ഷേപ്പിലുള്ള ഡി‌ആർ‌എൽ ഗ്രില്ലിലെ ക്രോമുമായി ചേർന്നുപോകുന്നു. സ്ലാവിയയുടെ ബംബറിൽ ഉള്ള പ്രിസം കട്ട് ഇവിടെ കാണാനില്ല, ആ സ്ഥാനത്ത് ബംബർ ഗ്രില്ലും ഫോഗ് ലാമ്പും ചേർന്ന് വളരെ എലെഗന്റ്‌ ആക്കുന്നു. സ്ലാവിയയുടെ വേരിയന്റുകൾ ഐഡന്റിക്കൽ ട്വിൻസ് പോലെയാണ്, ഒരു വ്യത്യാസവും ഇല്ല! എന്നാൽ, വെർട്ടസിന്റെ മുന്നിലും പിന്നിലും കൂടാതെ വീൽ ആർച്ചിന് മുകളിലും ക്രോം ജി‌ടി ബഡ്ജിങ് 1.5 ലിറ്റർ വേരിയന്ർിനെ വ്യത്യസ്തമാക്കുന്നു. ബ്ലാകൌട്ട് ചെയ്ത സ്‌പ്ലിറ്റ് ടെയ്ൽ ലാമ്പ് വളരെ ആകർഷകമാണ്. ഈ ഡീടെയിലിങ്ങിലുള്ള ശ്രദ്ധയാണ് ജർമൻ കാറുകളിൽ കാണാൻ സാധിക്കുന്നത്. ഡോർ അടയ്ക്കുമ്പോഴുള്ള ശബ്ദത്തിൽവരെ  ഈ ശ്രദ്ധ കാണാം!

ഫോക്സ് വാഗൺ കാറുകളിലെ ഫാമിലി ലുക്ക് അകത്തെ ഡിസൈനിങ്ങിലും ഉണ്ട്. അകത്ത്‌ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഹൈ ക്വാളിറ്റി ഉള്ളതാണ്. ഗിയർ ഷിഫ്ട് മുതൽ ഓരോ ഡാഷ് ബോർഡിലെ ഓരോതലത്തിലും ജർമൻ ക്ലാസ് പ്രതിഫലിക്കുന്നു. മുകളിൽ കറുപ്പും താഴെ ബീജും ഉള്ള ഡ്യുവൽ കളർ കോമ്പിനേഷനാണ് ഡാഷ് ബോർഡിന്. ജി‌ടി വേരിയന്റിന് ഡാഷ് ബോർഡിൽ ചുവപ്പ് നിറത്തിൽ ബോർഡർ കൊടുത്തിരിക്കുന്നു. ഇതും 1.5 ലിറ്റർ വേരിയന്റിനെ 1 ലിറ്ററിൽനിന്ന്‌ വ്യത്യസ്തമാക്കുന്നു. വെന്റിലേറ്റഡ് സീറ്റുകൾക്ക് കറുപ്പ് നിറമാണ്. ഒരു എസ്‌യു‌വിയുടെ സീറ്റിന്റെ ഉയരത്തിൽനിന്ന്‌ വളരെ താഴെയാണ് സെഡാന്റെ സീറ്റ്, ഇത് യാത്ര താരതമ്യേന സുഖകരമാക്കുന്നു. മൂന്നു സ്പോക് ഉള്ള  സ്റ്റീറിങ്‌ വീലിന്റെ ഡിസൈൻ ക്ലാസ് ആണെങ്കിലും കോൾ റിസീവിങ് ബട്ടൻ ഇല്ല എന്നുള്ളത് ഒരു കുറവുതന്നെയാണ്.  ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ്‌ സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്‌ ഓട്ടോ എന്നിവ എഫക്റ്റീവ് ആണ്. തണുപ്പിക്കാവുന്ന ഗ്ലോവ് ബോക്സും, ഡോറുകളിൽ ബോട്ടിൽ ഹോൾഡറുകളും സെന്റർ കാൻസൊളിന് മുന്നിലുള്ള സ്ഥലവും സ്ലൈഡ് ചെയ്യാവുന്ന ഹാൻഡ് റെസ്റ്റും വെർട്ടസിന്റെ അകം പ്രായോഗികവും ആക്കുന്നു. നാലുപേർക്ക് വളരെ സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സ്ഥലസൗകര്യവും അത്രയും ആൾക്കാരുടെ ലഗേജ് വയ്‌ക്കാൻ 521 ലിറ്റർ ബൂട്ട് സ്പേസും വെർട്ടസിൽ ഉണ്ട്. സ്കോഡ സ്ലാവിയയുമായി സാങ്കേതികമായുള്ള സാമ്യം ഒഴിച്ചാൽ കാണാൻ തികച്ചും ഫോക്സ് വാഗൺ തന്നെയാണ് വെർട്ടസ്! 2022 ജൂണിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഈ വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത് 10 ലക്ഷം മുതലാണ്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top