30 March Thursday

ഫോള്‍ക്സ് വാഗന്‍ ടൈഗുന്‍

എഴുത്ത് , ചിത്രങ്ങൾ സുരേഷ് നാരായണൻ Updated: Wednesday Aug 18, 2021


കൊച്ചി
ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് ഇന്ത്യയിൽ നിർമിച്ച കാറാണ് ഫോൾക്സ് വാഗൻ ടൈഗുൻ എങ്കിലും ഒന്നു തിരിഞ്ഞുനോക്കിയാൽ 2012ൽ ഈ പേര് കേട്ടതായി അറിയാൻ സാധിക്കും. 2016ൽ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ‘അപ്പ്’ എന്ന സിറ്റി കാറിനെ അടിസ്ഥാനമാക്കി ടൈഗുൻ എന്ന പേരിൽ ഒരു ചെറിയ ക്രോസ്സ് ഓവർ എസ്‌യു‌വിയുടെ രൂപരേഖ ഫോൾക്സ് വാഗൻ തയ്യാറാക്കിയെങ്കിലും അവസാനം അത്  ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഫോൾക്സ് വാഗൻ ടി ക്രോസ്സ് എന്ന സബ് കോംപാക്റ്റ് എസ്‌യു‌വിയെ അടിസ്ഥാനമാക്കി ടൈഗുൻ ജന്മം എടുത്തിരിക്കുന്നു. ഫോൾക്സ് വാഗൻ ഇന്ത്യയിൽ എത്തി 10 വർഷത്തിനുശേഷമാണ് ഒരു പ്ലാറ്റ്ഫോം (MQB-AO-IN) ഇന്ത്യൻ റോഡുകൾക്കായി തയ്യാറാക്കുന്നത്. ടൈഗുനിന്റെ 95% പ്രാദേശികമായി നിർമിച്ചതിനാൽ വിലയിലും പരിപാലന ചെലവിലും ഉണ്ടാകുന്ന കുറവ് സ്വഭാവികമാണ്. 2020 ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഫോൾക്സ് വാഗൻ ആദ്യമായി ടൈഗുൻ പ്രദർശിപ്പിച്ചത്.


 

യൂറോപ്യൻ കാറുകളുടെ ഫാമിലി സാദൃശ്യം ഫോൾക്സ് വാഗൻ കാറുകളിലും വ്യക്തമാണ്. കാറിൽ ലോഗോയുടെയോ പേരിന്റെയോ സഹായം ഇല്ലാതെ ഏത് കമ്പനിയുടെ കാറാണെന്ന് മനസ്സിലാക്കാൻ കഴിയും. ഇത് ടൈഗുനിന്റെ കാര്യത്തിലും ദൃശ്യമാണ്. ഇന്ത്യയിലെ ഒരുവിഭാഗം ഉപയോക്താക്കളുടെ മനഃശാസ്ത്രം മനസ്സിലാക്കിയപോലെ ക്രോം ഉപയോഗം ധാരാളമായി കാറിന്റെ മുൻവശത്ത്  കാണാം. വെള്ളി പൂശിയ സ്കിഡ് പാഡ്, ക്രോം അതിരുകളോടെ ഗ്രിൽ-ഹെഡ് ലാമ്പ് സമുച്ചയം, ഗ്രില്ലിലും വശങ്ങളിലും GT അടയാളം മുതലായവ ഒരു എസ്‌യു‌വിയുടെ രൂപഭാവം നിലനിർത്തുന്നു. പിൻവശത്തിന് കുറുകെ തെളിഞ്ഞുനിൽക്കുന്ന ടെയ്ൽ ലാമ്പ് എടുത്തുപറയേണ്ടതുതന്നെ. ടെയ്ൽ ലാമ്പിന്റെ ആകൃതിയിൽ ബമ്പറിൽ ക്രോം പ്ലെയ്റ്റ്, അതിനുതാഴെ സിൽവർ സ്കിഡ് പ്ലെയ്റ്റ് എന്നിവ കാറിന്റെ പിൻവശത്തുനിന്നുള്ള നോട്ടം സുദൃഢം ആക്കുന്നു.

അകത്ത് കടക്കുമ്പോൾ ആദ്യം സ്റ്റീറിങ്ങിനെക്കുറിച്ച് പറയാം, കാണാൻ സ്പോർട്ടിയായിട്ടുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ്‌ വീൽ സ്മൂത്താണ് അതുപോലെതന്നെ നല്ല പ്രതികരണം ഉള്ളതുകൂടിയാണ്. ലംബമായും നീളത്തിലും നമ്മുടെ സൗകര്യം അനുസരിച്ച് ക്രമീകരിക്കാവുന്നതാണ്. കാറിനകത്ത് ആദ്യം ശ്രദ്ധയിൽപ്പെടുന്നത് ഡാഷ് ബോർഡിലുള്ള റെഡ് പാനലാണ്, ഇത് ഭിന്ന അഭിപ്രായം ഉണ്ടാക്കാൻ സാധ്യത ഏറെയാണ്. 10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ്‌ സിസ്റ്റം ആപ്പിൾ, ആൻഡ്രോയിഡ് കണക്ടിവിറ്റി ഉള്ളതാണ്. അതുപോലെതന്നെ ട്രിപ്, ഇന്ധനക്ഷമത മുതലായ വിവരങ്ങളും ഇതിൽ കാണാം. ടച്ച് സെൻസിറ്റീവ് ക്ലൈമറ്റ് കൺട്രോൾ ഒരു പുതുമയാണ്. സ്ഥലസൗകര്യം എടുത്തുപറയേണ്ടതാണ്. മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് യാതൊരുവിധ പരാതിയും ഉണ്ടാകാത്തവിധം വിസ്താരമുള്ളതാണ് ക്യാബിൻ. പിൻസീറ്റ് യാത്രക്കാർക്ക് എസി വെന്റിലേഷൻ, ട്വിൻ സി ടൈപ് ചാർജിങ് പോയിന്റ്‌സുമുണ്ട്. പിൻസീറ്റിലെ ആം റെസ്റ്റിൽ രണ്ടു കപ്പ് ഹോൾഡറുണ്ട്. 


 

ടൈഗുനിനു ഊർജം പകരുന്നത് ഒരു ലിറ്റർ മൂന്ന്‌ സിലിണ്ടർ ടി‌എസ്‌ഐയും 1.5 ലിറ്റർ നാല്‌ സിലിണ്ടർ ടി‌എസ്‌ഐ ഇവോ എന്നീ രണ്ടുതരം ടർബോ ചാർജ് പെട്രോൾ എൻജിനുകളാണ്. ഒരു ലിറ്റർ ടി‌എസ്‌ഐ എൻജിൻ 5000 മുതൽ  6000 വരെ ആർ‌പി‌എമ്മിൽ 115 ബി‌എച്ച്‌പിയും 1750 മുതൽ 4500 ആർ‌പി‌എംവരെ 178 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ഇതിൽ 6 സ്പീഡ് മാന്വൽ ഗിയർ ഷിഫ്റ്റും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റും (പുതിയ തലമുറ ഫ്ലൂയിഡ് ടോർക് കൺവർടെർ) എന്നിവ ലഭ്യമാണ്‌. ടൈഗുനിൽ പെട്രോൾ എൻജിൻ മാത്രമാണുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഡീസൽ എൻജിന്റെ ചെലവിൽ ഏകദേശം 15% കുറവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും വിലയിൽ വലിയ മാറ്റം ഇല്ലാത്തതായിരിക്കാം ഈ കുറവിന്റെ ഒരു കാരണം. മറ്റൊന്ന്, ഡീസൽ വാഹനത്തിന്റെ വില ആനുപാതികമായി വളരെ കൂടുതലാണ്‌. ഈ കാരണങ്ങൾ മുൻനിർത്തിയാണ് ഫോൾക്സ് വാഗൻ പെട്രോൾ എൻജിനിൽ മാത്രം ടൈഗുനിനെ ഒതുക്കിയത്. ആ ഒരു കുറവ് നികത്താൻ  5000, -6000 ആർ‌പി‌എം റേഞ്ചിൽ 150 ബി‌എച്ച്‌പി പവറും 1600-, 3500 റേഞ്ചിൽ 250 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടി‌എസ്‌ഐ ഇവോ എൻജിനുള്ള മറ്റൊരു വേരിയന്റുകൂടി ലഭ്യമാണ്‌. ഈ വേരിയന്റിന് ഒരു ലിറ്റർ ടി‌എസ്‌ഐയെ അപേക്ഷിച്ച് ചില പ്രത്യേകതകൾകൂടിയുണ്ട്. പുറമെ കാണാവുന്നത് ഹെഡ് ലാമ്പ് ഡിസൈൻ വ്യത്യസ്തമാണ്. ഒരു ലിറ്റർ ടി‌എസ്‌ഐക്കു 15 ഇഞ്ച് വീലാണെങ്കിൽ 1.5 ടി‌എസ്‌ഐക്കു 17 ഇഞ്ച് വീലാണുള്ളത്‌. ഇത് കാറിന്റെ റൈഡ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നു.

പുഷ് സ്റ്റാർട്ട് ബട്ടൻ, സൂൺ റൂഫ്, ഓട്ടോ ഡിമ്മിങ് റിയർ വ്യൂ മിറർ എന്നിവയും, ഡി‌എസ്‌ജി ട്രാൻസ്മിഷനിൽ പാഡിൽ ഷിഫ്റ്റുമുണ്ട്‌. സിലിണ്ടർ ഡീ ആക്ടിവേഷൻ ടെക്നോളജിയാണ് മറ്റൊരു പ്രത്യേകത. കുറഞ്ഞ സ്പീഡിൽ എൻജിന്റെ നാല്‌ സിലിണ്ടറുകളിൽ രണ്ടെണ്ണം പ്രവർത്തനരഹിതമാക്കി ഇന്ധന ഉപയോഗം കുറയ്ക്കുന്നു. ഈ എൻജിനെ 6 സ്പീഡ് മാന്വവൽ (ലൈറ്റ് വെയിറ്റ് മോഡുലർ ആർകിടെക്ച്ചർ) ഗിയർ ഷിഫ്റ്റിലും, 7 സ്പീഡ് ഡി‌എസ്‌ജി (ഡയറക്‌ട്‌ ഷിഫ്ട് ഗിയർബോക്സ്)യിലും ബന്ധിപ്പിച്ചിരിക്കുന്നു.  

ഒരു ലിറ്റർ എൻജിനുള്ള ടൈഗുൻ ഏകദേശം ഒമ്പതുമുതൽ 13 ലക്ഷം രൂപവരെയും, 1.5 ലിറ്റർ ടൈഗുൻ 14 മുതൽ 17 ലക്ഷം രൂപവരെയും വില പ്രതീക്ഷിക്കാം. ശരിയായ വിലയ്‌ക്കായി ലോഞ്ചുവരെ കാത്തിരിക്കേണ്ടിയിരിക്കുന്നു. 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top