07 December Saturday

ജിടി ലൈന്‍ പെരുമയില്‍ പുതിയ പോരിനൊരുങ്ങി പോളോ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2019

ലോകമെമ്പാടുമായി 1.2 കോടിയിലേറെ യൂണിറ്റുകൾ വിറ്റഴിഞ്ഞ കാറാണ് ഫോക്സ് വാഗൻ പോളോ. 2010ൽ വേൾഡ് കാർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ പോളോയുടെ ആറു തലമുറകൾ ഇതുവരെ വിപണിയിലെത്തി. ഇന്ത്യയിൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ കടുത്ത മത്സരം നടക്കുമ്പോഴും യുവതലമുറയുടെ പ്രീതി നേടാൻ പോളോയ്ക്ക് സാധിക്കുന്നുണ്ട്. കാലോചിതമായ പരിഷ്കാരങ്ങളും വേൾഡ് റാലി ചാമ്പ്യൻഷിപ്‌ ഉൾപ്പെടെയുള്ള മോട്ടോർ  സ്‌പോർട്‌സ്‌ വേദികളിലെ മികവിന്റെ പാരമ്പര്യവുമാണ് ഈ കാറിന്റെ ഇന്ത്യയിലെ സ്വീകാര്യതയ്ക്ക് പ്രധാന കാരണങ്ങൾ. ഇതു രണ്ടും കൂടുതൽ ബലപ്പെടുത്താൻ പോളോയുടെ ജിടി ലൈൻ എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.

 

സ്‌പോർട്ടി ഭാവത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള സൗന്ദര്യവൽക്കരണമാണ് ജിടി ലൈനിലൂടെ ഫോക്സ് വാഗൻ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ, ബാഹ്യാകാരത്തിലാണ് മാറ്റങ്ങളേറെയും. പുതിയ ഹണികോമ്പ് ഫ്രണ്ട് ഗ്രിലാണ് ഏറ്റവും ശ്രദ്ധേയം. വലിയ എയർഡാമും കൂടുതൽ സ്‌പോർട്ടിയായ ബമ്പറും മുൻഭാഗത്തിന്റെ പ്രൗഢി വർധിപ്പിക്കുന്നു. ഡ്യൂവൽ ബീം ഹെഡ് ലാമ്പുകളും ഫോഗ് ലാമ്പുകളും 16 ഇഞ്ച് അലോയ് വീലുകളും പുതിയ ടെയ്ൽ ലാമ്പുകളും ഡിഫ്യൂസറുള്ള പിൻ ബമ്പറും ഇപ്പോഴത്തെ ഫേസ് ലിഫ്റ്റിന്റെ പ്രത്യേകതകളാണ്. ഇതിനുപുറമെ, കറുപ്പഴകിലുള്ള വിങ് മിററുകളും റൂഫും സ്പോയിലറും സൈഡ് ഫോയിലും ജിടി ലൈനിന്റേതായി നൽകിയിരിക്കുന്നു.  സൺസെറ്റ് റെഡ് എന്ന പുതിയ നിറത്തിലും ജിടി ലൈൻ എഡിഷൻ ലഭ്യമാണ്. ഹൈലൈൻ പ്ലസ്, ജിടി വേരിയന്റുകളിൽ ഫോക്സ് വാഗൻ കണക്ട് ഫീച്ചറുകൾ സ്റ്റാൻഡാർഡാക്കി. 

ഒരു ലിറ്റർ പെട്രോൾ, ജിടിഎസ്ഐയിൽ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് പോളോയ്ക്കുള്ളത്. അഞ്ച് സ്പീഡ് മാന്വൽ, ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിങ്ങനെയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. ഡീസൽ മോഡലിന് അഞ്ചുവർഷവും പെട്രോൾ കാറിന് നാലുവർഷവുമാണ് സ്റ്റാൻഡേർഡ് വാറന്റി. പെട്രോൾ മോഡലിന് 9.76 ലക്ഷം രൂപയും ഡീസലിന് 9.88 ലക്ഷം രൂപയുമാണ് ജിടി ലൈൻ എഡിഷന്റെ എക്സ് ഷോറൂം വില. ഫോക്സ് വാഗന്റെ കോംപാക്ട് സെഡാനായ അമിയോയ്ക്കും മിഡ്സൈസ് സെഡാനായ വെന്റോയ്ക്കും ഇപ്പോൾ ജിടി ലൈൻ എഡിഷനുകൾ ലഭ്യമാണ്.

(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ് ലേഖകൻ)
 


പ്രധാന വാർത്തകൾ
 Top