02 June Friday

പുതുമകളുമായി ടി‌വി‌എസ് ജുപീറ്റർ

സുരേഷ് നാരായണൻUpdated: Wednesday Oct 13, 2021

100സി‌സി, 150സി‌സി ബൈക്കുകളുടെ കുത്തൊഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുമെന്നു കരുതിയിരുന്ന സ്കൂട്ടറുകൾ  ഇപ്പോൾ എല്ലാ പ്രായക്കാരുടെയും പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്. ഒരുസമയത്ത് ഓട്ടോമാറ്റിക് സ്കൂട്ടറുകൾ വനിതകൾക്കുള്ളതാണെന്ന് തരംതിരിച്ചിരുന്നു. എന്നാലിപ്പോൾ സ്ത്രീ–-പുരുഷ ഭേദമന്യേ എല്ലാവരും സ്കൂട്ടറുകൾ ഇഷ്ടപ്പെടുന്നു. പാൽ, ബ്രെഡ് മുതലായവ വാങ്ങാനായി പെട്ടെന്നുള്ള ഓട്ടത്തിന് ഉപയോഗിക്കുക എന്നതിലുപരിയായി കോളേജിൽ പോകാനും ഓഫീസിൽ പോകാനുംവരെ സ്കൂട്ടറിന്റെ ഉപയോഗം എത്തിയിരിക്കുന്നു. അതിന് പ്രധാനമായ കാരണം സ്കൂട്ടറിന്റെ പ്രായോഗികതയാണ്. സിറ്റിയായാലും ഗ്രാമമായാലും സ്കൂട്ടറിന്റെ സ്ഥാനം ഒരേപോലെയാണ്. അതുതന്നെയാണ് ഈ സെഗ്‌മെന്റിന്റെ വിജയവും. ഇന്ത്യയിൽ വിറ്റഴിയുന്ന സ്കൂട്ടറുകളിൽ രണ്ടാംസ്ഥാനത്താണ് ടി‌വി‌എസ് ജുപീറ്റർ. ഏകദേശം നാലര ദശലക്ഷം ജുപീറ്ററുകളാണ് ടി‌വി‌എസ് വിറ്റത്. ഏറെ പുതുമകളുമായി ജുപീറ്റർ വീണ്ടും അവതരിക്കുന്നു. 

പുതുമകളിൽ ആദ്യത്തേത് ഫ്യുവൽ ടാങ്കിന്റെ സ്ഥാനമാറ്റമാണ്. ടാങ്കിനെ സീറ്റിനടിയിൽനിന്ന്‌ ഫൂട്ട്ബോർഡിനു താഴെയാക്കി ഫ്യുവൽ ക്യാപ്പ് മുന്നിലേക്ക് മാറ്റിയിരിക്കുന്നു. ഇതിനാൽ സീറ്റിനടിയിലെ സ്റ്റോറെജിന്റെ അളവ് ഏകദേശം ഇരട്ടിയാക്കാൻ കഴിഞ്ഞു. ഇപ്പോൾ രണ്ട്‌ ഹാഫ് ഫേസ് ഹെൽമെറ്റ് സീറ്റിനടിയിൽ ഇരിക്കും! കൂടാതെ രണ്ടുപേർക്ക് സൗകര്യമായി ഇരിക്കാൻമാത്രം സീറ്റിന് നീളവും കൂട്ടി. ഒരു ഗ്യാസ് സിലിണ്ടർ അനായാസം വയ്‌ക്കാൻപറ്റുന്ന സ്ഥലമായി ലെഗ് റൂം മാറി. ഇടതുവശത്ത് ഫ്യുവൽ ക്യാപ്പും വലതുവശത്ത് ഓൾ ഇൻ വൺ ലോക്ക്, യു‌എസ്‌ബി ചാർജിങ് പോയിന്റ്‌, മൊബൈൽഫോൺ വയ്‌ക്കാനുള്ള സ്ഥലവും കൊടുത്തിരിക്കുന്നു.

സ്റ്റൈലിങ്ങിൽ എടുത്തുപറയേണ്ടത്, ടെയ്ൽ ലാമ്പിന്റെയും ഇന്റികെറ്ററുകളുടെയും ഫ്ലോട്ടിങ് ഡിസൈനാണ്. പുതിയ എൽ‌ഇ‌ഡി ഹെഡ് ലാമ്പ് സ്കൂട്ടറിന് പ്രീമിയം ലുക്ക് നൽകുന്നു. പുതിയ ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററിൽ എൻജിൻ മാൽഫങ്ഷൻ ഇന്റികെറ്റർ, ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ സൂചന, ടി‌വി‌എസ് ഇൻറെല്ലിഗോ, ലോ ഫ്യുവൽ ഇന്റികേഷൻ, എക്കോ, പവർ മോഡ് ഇന്റികേഷൻ, ക്ലോക്ക്, ലോ ബാറ്ററി ഇന്റികേഷൻ, ഹെൽമെറ്റ് സൂചന, ട്രിപ് മീറ്റർ, സൈഡ് സ്റ്റാൻഡ്‌ വാർണിങ് എന്നിവ കാണിക്കുന്നു. മെറ്റൽ മാക്സ് ബോഡി, സ്ട്രോങ് എന്ന് പേരെടുത്ത ജുപീറ്ററിനെ ഒന്നുകൂടി സ്ട്രോങ്ങാക്കുന്നു. സൈഡ് സ്റ്റാൻഡ് വാർണിങ്, ഡിസ്ക് ബ്രേക്‌, ഗ്രാബ് റൈലിൽ റിഫ്ലെക്സ് റിഫ്ലെക്ടർ എന്നിവ ജുപീറ്ററിൽ സുരക്ഷയൊരുക്കുന്നു.

6000ആർ‌പി‌എമ്മിൽ 8.3പി‌എസ് പവറും 4500 ആർ‌പി‌എമ്മിൽ 10.5 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 124.8സി‌സി എൻജിനാണ്‌ ജുപീറ്ററിന്റെ ഊർജസ്രോതസ്സ്. ഈ എൻജിനെ ടി‌വി‌എസിന്റെ ഇ‌ടി‌എഫ്‌ഐ (എക്കോ ത്രസ്റ്റ് ഫ്യുവൽ ഇഞ്ചക്‌ഷൻ), ഇൻറെല്ലിഗോ ടെക്നോളജിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ ഈ സെഗ്‌മെന്റിലെ ഏറ്റവും നല്ല ഇന്ധനക്ഷമത ജുപീറ്ററിന് കിട്ടുന്നു.

മുന്നിലെ ടെലിസ്കോപിക് സസ്പെൻഷനും പിന്നിലെ 3 സ്റ്റെപ്പുള്ള മോണോഷോക് ഗ്യാസ് ഫിൽഡ് സസ്പെൻഷനും ചേർന്ന് ജുപീറ്ററിലെ യാത്ര സുഖകരമാക്കുന്നു. 77,400 രൂപ (എക്സ് ഷോറൂം) വിലയുള്ള ടി‌വി‌എസ് ജുപീറ്റർ ഓറഞ്ച്, പർപ്പിൾ, വൈറ്റ്, ഗ്രേ എന്നിങ്ങനെ നാലു കളറിൽ ലഭ്യമാണ്‌. ഒന്നാംസ്ഥാനം പിടിച്ചടക്കാനുള്ള എല്ലാ ആയുധങ്ങളും ആവനാഴിയിൽ കരുതിയാണ് ജുപീറ്ററിന്റെ വരവ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top