2017ലാണ് അപ്പാച്ചി ആർആർ 310 ഇന്ത്യയിൽ ആദ്യമായി ടിവിഎസ് വിപണിയിൽ ഇറക്കിയത്. ബിഎംഡബ്ല്യു മോട്ടോറാഡ് ജി310 ആർ എൻജിനാണ് ബൈക്കിന്റെ ഊർജ സ്രോതസ്സ്. എന്നാൽ ഇതിന്റെ ഡിസൈൻ മുഴുവനായും ടിവിഎസ് ഇന്ത്യയിലാണ് ചെയ്തത്. നവീകരിച്ച ബൈക്ക് 2019ലും പിന്നെ ബിഎസ് 4 എൻജിനോടുകൂടി 2020ലും പുറത്തുവന്നു. ഓരോപ്രാവശ്യവും ഒന്നിനൊന്നു മെച്ചപ്പെടുത്തിയാണ് ടിവിഎസ് ആർആർ 310 ലോഞ്ച് ചെയ്തിരുന്നത്. ഈ വർഷം ആദ്യം ലോഞ്ച് ചെയ്യാനിരുന്നത് കോവിഡ് മഹാമാരിമൂലം മാറ്റിവച്ച 2021 ആർആർ 310ൽ എന്തൊക്കെയുണ്ടെന്ന് നോക്കാം.
ഇപ്പോൾ ആർആർ 310 ബിഎസ് 6 എൻജിനോടുകൂടി ബിടിഒ (ബിൽറ്റ് ടു ഓർഡർ) വരുന്നു. അതുമാത്രമല്ല നമുക്ക് ഇണങ്ങുന്നരീതിയിൽ കസ്റ്റമൈസ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ ആദ്യത്തെ ബിടിഒ ബൈക്കാണ് അപ്പാച്ചി ആർആർ 310. ടിവിഎസ് അറൈവ് ആപ്പിലൂടെ നമുക്ക് ആവശ്യമുള്ള കിറ്റ് സെലക്ട് ചെയ്തു ഓർഡർ ചെയ്യാം. ഡൈനാമിക് കിറ്റ് (ട്രാക്ക് ഡേ, ഹൈവേ ടൂറിങ്, സിറ്റി റൈഡിങ്, കംഫർട് റൈഡിങ് എന്നിങ്ങനെ സെറ്റ് ചെയ്യാൻ സാധിക്കും) റേസ് കിറ്റ്, (റേസിങ് പൊസിഷനിൽ താഴേക്ക് ഒതുക്കിയ ക്ലിപ്പ് -ഓൺ ഹാൻഡിൽ ബാർ, മുകളിലേക്കു ഉയർത്തി, കൂടുതൽ ഗ്രീപ്പുള്ള ഫൂട്ട് റെസ്റ്റ് പൊസിഷൻ) എന്നിങ്ങനെ രണ്ടു പെർഫോമൻസ് കിറ്റുകൾ സെലക്ട് ചെയ്യാം. മുഴുവനായും ക്രമീകരിക്കാവുന്ന മുന്നിലെയും പിന്നിലെയും സസ്‌പെൻഷനുകൾ, തുരുമ്പുപിടിക്കാത്ത പിച്ചള കോട്ട് ചെയ്ത ഡ്രൈവ് ചെയിൻ, ചുവന്ന നിറത്തിലുള്ള അലോയി വീൽ മുതലായവ പ്രത്യേകമായി ഓർഡർ ചെയ്യാം. ടിവിഎസ് റേസിങ് ഗ്രാഫിക്‍സിന്റെ പകർപ്പാണ് ആർആർ 310ലുള്ളത്. കൂടാതെ വൈസറിൽ നമ്മുടെ പ്രിയപ്പെട്ട റേസ് നമ്പരും സെലക്ട് ചെയ്യാം. ഓർഡർ ട്രാക്കിങ് ഫീച്ചറും ആപ്പിലുണ്ട്.
റേസ് ട്രാക്കിൽ ബൈക്കിന്റെ നിയന്ത്രണവും സ്ഥിരതയും മെച്ചപ്പെടുത്തി. അതുപോലെതന്നെ ഉയർന്ന വേഗതയിൽ കാറ്റിന്റെ പ്രതിരോധം കുറച്ചു. ലീൻ ആംഗിൾ (4.5 ഡിഗ്രി) കണക്കിലെടുത്ത് ഫൂട് റെസ്റ്റ് ഉയർത്തി സൈലൻസറിന്റെ ആംഗിളും ഉയർത്തിയിരിക്കുന്നു. പുതിയ സൈലൻസർ സ്പോർടിയും റേസിങ് ശബ്ദമുള്ളതുമാണ്. ആർആർ 310 ടെക്നിക്കൽ ഹൈലൈറ്റ് എന്നുപറയാവുന്നത് പുതിയ കെവൈബി സസ്‌പെൻഷനാണ്. 20 സ്റ്റെപ്പ് റീബൌണ്ട് ഡാമ്പിങ്ങും 15 എംഎം പ്രീ ലോഡ് അഡ്ജസ്‌റ്റുമെന്റുമുള്ള മോണോഷോക്ക് സസ്‌പെൻഷനും മുന്നിൽ ഇടതുവശത്തെ ഫോർക്കിൽ 20 സ്റ്റെപ്പ് റീബൌണ്ട് ഡാമ്പിങ്, വലതുവശത്ത് 20 സ്റ്റെപ്പ് കംപ്രഷൻ ഡാമ്പിങ്ങും കൂടാതെ 15 എംഎം പ്രീ ലോഡ് അഡ്‌ജസ്‌റ്റുമെന്റും ഉണ്ട്. ഇതിനായി സർവീസ് സെന്ററിൽ കൊണ്ടുപോകുകയോ മെക്കാനിക്കിനെ വിളിക്കുകയോ ചെയ്യേണ്ട, ബൈക്കിന്റെ കീ ഉപയോഗിച്ച് എപ്പോൾവേണമെങ്കിലും ഇവ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഇൻസ്ട്രമെന്റ് ക്ലസ്റ്റർ സാധാരണ ഫീച്ചറുകൾക്കുപുറമെ എൻജിന്റെ താപനിലയും ആർപിഎം പാരാമീറ്ററും ഡേ ട്രിപ് മീറ്റർ, ഓവർ സ്പീഡ് ഇന്റികേഷൻ എന്നിവ കാണിക്കുന്നു. കൂടാതെ ഡിജി ഡോക് ഫീച്ചർ ബൈക്കിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് മുതലായ ഡോക്യുമെന്റുകൾ സ്റ്റോർ ചെയ്യാനും ആവശ്യമെങ്കിൽ ഡിസ്‌പ്ലേ ചെയ്യാനും സാധിക്കും. അപ്പാച്ചി ആർആർ 310ന്റെ ചാസ്സിക്കും എൻജിനും പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല, 34 പിഎസ് പവറും 27 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 312 സിസി എൻജിൻ പഴയതുപോലെതന്നെയാണ്.
ടിവിഎസ് അപ്പാച്ചി ആർആർ 310ന്റെ വില 2,40,000 രൂപയാണ്. ഡൈനാമിക് കിറ്റിന് 12,000 രൂപയും റേസ് കിറ്റിന് 5,000 രൂപയും, റേസ് റെപ്ലിക ഗ്രാഫിക്സിന് 4,500 രൂപയും ചുവന്ന അലോയി വീലിന് 1,500 രൂപയുമാണ് വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..