29 March Wednesday

സ്ലാവിയ ; മിഡ് സൈസ് സെഡാനുമായി സ്കോഡ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 23, 2022

സാധാരണയായി ഒരു ചെറിയ കാർ ഉപയോഗിക്കുന്നവർ പ്രീമിയം ഹാച്ച് ബാക്കിലേക്കും അവിടെനിന്ന് എൻട്രി ലെവൽ സെഡാനിലേക്കും പിന്നെ പ്രീമിയം സെഡാനിലേക്കുമായിരുന്നു മുന്നേറുന്നത്! ഇപ്പോൾ പ്രീമിയം ഹാച്ച് ബാക്കിന്റെ വിലയ്ക്ക് കോമ്പാക്റ്റ് എസ്‌യു‌വിയുടെ ബേസ് മോഡൽ കിട്ടുമ്പോൾ എന്തിന് സെഡാനിലേക്ക് പോകണം? ഇവിടെ നമ്മൾ കാണുന്നത് പ്രീമിയം ഹാച്ച് ബാക്ക് വാങ്ങിക്കാൻ വന്നയാൾ കോമ്പാക്റ്റ്‌ എസ്‌യു‌വിയിലേക്ക് മുന്നേറുന്ന കാഴ്ചയാണ്! ഈ പോക്ക് പ്രീമിയം ഹാച്ച് ബാക്കിന്റെയും സെഡാന്റെയും വിൽപ്പനയെയാണ് ബാധിക്കുന്നത്. എൻട്രി ലെവൽ ഹാച്ച് ബാക്ക് വിൽപ്പന ഏതാണ്ട് നിന്നതുപോലെയാണ്. ഈ സമയത്ത് ഒരു മിഡ് സൈസ് സെഡാൻ നിരത്തിലിറക്കുകയെന്നത് സാഹസമാണ്. ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്, മുകളിൽ പറഞ്ഞ കോമ്പാക്റ്റ്‌ എസ്‌യു‌വികളുടെ എൻജിൻ കപ്പാസിറ്റി മിക്കവാറും ഒരുലിറ്ററായിരിക്കും, മുന്നിൽ പോകുന്ന ട്രക്കിനെ ഓവർടേക് ചെയ്യാൻ അഞ്ച് യാത്രക്കാരുമായി ഈ കോമ്പാക്റ്റ്‌ എസ്‌യു‌വി മുക്രയിടുന്ന കാഴ്ച സർവസാധാരണമാണ്. ഈ സാഹചര്യം മുതലെടുക്കാനായിരിക്കണം സ്കോഡ ശക്തിയേറിയ 1.5 ലിറ്റർ ടി‌എസ്‌ഐ  എൻജിനുമായി സ്ലാവിയ നിരത്തിലിറക്കുന്നത്!

150 ബി‌എച്ച്‌പി ഊർജവും 250 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടി‌എസ്‌ഐ എൻജിൻ ആവശ്യം ഇല്ലാത്തപ്പോൾ എൻജിന്റെ രണ്ട് സിലിണ്ടർ പ്രവർത്തനരഹിതമാക്കി ഇന്ധനക്ഷമത വർധിപ്പിക്കുന്ന സിലിണ്ടർ ഡീ ആക്ടിവേഷൻ ടെക്നോളജി ഉള്ളതാണ്. ഇതേ എൻജിൻതന്നെയാണ് സ്കോഡ കുഷാക്കിലുമുള്ളത്. സ്ലാവിയക്ക്‌ കുഷാക്കിനെക്കാൾ അൽപ്പം ഭാരം കുറവാണെങ്കിലും എൻജിന്റെ പ്രകടനത്തിൽ വ്യത്യാസം വരുത്തുംവിധം ഇല്ലെന്നു പറയാം. ഇപ്പോൾ വിപണിയിലുള്ള മറ്റു മിഡ് സൈസ് സെഡാനുകളിൽ ഏറ്റവും ശക്തിയേറിയ എൻജിനാണ് സ്ലാവിയയുടേത്. സ്ലാവിയക്ക് രണ്ടാമതൊരു വേരിയന്റുകൂടിയുണ്ട്, ഈ എൻജിൻ 115 ബി‌എച്ച്‌പി ഊർജവും 178 ന്യൂട്ടൻ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഒരുലിറ്റർ ടി‌എസ്‌ഐയാണ്.

ഈ രണ്ട് എൻജിനുകളെയും  6 സ്പീഡ് മാന്വൽ ഗീയർ ബോക്സുമായും 7 സ്പീഡ് ട്വിൻ ക്ലച്ച്‌ ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗീയർ ബോക്സുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഡി‌എസ്‌ജിയിൽ പാഡിൽ ഷിഫ്റ്റ്‌ സ്റ്റാൻഡാർഡാണ്. പുറമേനിന്ന്‌ കാഴ്ചയിൽ ഒരു വ്യത്യാസവും ഇല്ലാത്ത ഈ രണ്ട് വേരിയന്റുകൾ തമ്മിലുള്ള വിലവ്യത്യാസം ഏകദേശം രണ്ടുലക്ഷമാണ്! വ്യക്തിപരമായി മാന്വൽ ഗീയർ ഷിഫ്റ്റാണ് ഞാൻ ഇഷ്ടപ്പെടുന്നതെങ്കിലും പാഡിൽ ഷിഫ്റ്റ്‌ ഫീച്ചറുള്ള  സ്ലാവിയയുടെ ഡി‌എസ്‌ജി ഗീയർ ബോക്സ് ഒട്ടും പിന്നിലല്ല. രണ്ട് വേരിയന്റുകളുടെയും ഗീയർ ബോക്സ് താരതമ്യം ചെയ്യുമ്പോൾ, 1.5 ലിറ്റർ ടി‌എസ്‌ഐ എൻജിനുള്ള ഭാരക്കൂടുതൽ മനസ്സിലാകില്ല എന്നുമാത്രമല്ല, വേഗത്തിലുള്ള ഗീയർ മാറ്റവും ഈ ട്വിൻ ക്ലച്ച് ഗീയർ ബോക്സിന്റെ പ്രത്യേകതയാണ്.

സ്ലാവിയയുടെ ഡിസൈൻ കണ്ടാൽത്തന്നെ മനസ്സിലാക്കാം ഇതൊരു സ്കോഡയാണെന്ന്, സ്കോഡ കാറുകളെ തിരിച്ചറിയാൻ ഔർ ബാഡ്‌ജിന്റെയോ പേരിന്റെയോ ആവശ്യമില്ല. ബോണറ്റിൽ മധ്യത്തിലും വശങ്ങളിലുമായി സിഗ്‌നേച്ചർ ഗ്രിൽവരെ എത്തുന്ന ക്രീസ്. ഹോക്കി സ്റ്റിക്ക് ഷെപ്പിലുള്ള ഡി‌ആർ‌എൽ, പ്രൊജക്റ്റർ ഹെഡ് ലാമ്പ്, ആകർഷകമായ ബമ്പർ എല്ലാം ചേർന്ന് സ്ലാവിയക്ക്‌ ഒരു സ്ട്രോങ് സ്റ്റാൻസ് കൊടുക്കുന്നു. ഇത് എല്ലാ സ്കോഡാ വാഹനങ്ങളുടെയും പ്രത്യേകതയാണ്! എ പില്ലറിന്റെ താഴെ കൊടുത്തിരിക്കുന്ന സ്കോഡ ബാഡ്‌ജിൽ തുടങ്ങി ഡോർ ഹാൻഡിലുകളെ ബന്ധിപ്പിച്ചുകൊണ്ട്‌ ടെയ്ൽ ലാമ്പുവരെ എത്തുന്ന സ്ട്രോങ് ലൈൻ, അലോയ് വീൽ, ഷാർക്ക് ഫിൻ ആന്റെനായും ചേർന്ന് വശങ്ങൾക്ക് എയ്റോഡൈനാമിക് ലുക്ക് കൊടുക്കുന്നു.  പിന്നിൽ സ്പോയിലറിനുതാഴെയായി സ്ഥലം ഇട്ട് എഴുതിയിരിക്കുന്ന ക്രോം സ്കോഡ ബാഡ്‌ജ്‌, സ്പ്ലിറ്റ് ടെയ്ൽ ലാമ്പ് പിന്നെ ബംബറിൽ ക്രോം ലൈനിങ്.


 

എല്ലാ സ്കോഡാ വാഹനങ്ങളെപ്പോലെ ഒരു കോട്ടയ്ക്കകത്തിരിക്കുന്ന സുരക്ഷാബോധം സ്ലാവിയയിലും കിട്ടുന്നു. ഇന്റീരിയർ ഡിസൈനിലും സ്കോഡയുടെ കൈയൊപ്പ് കാണാം. പല ലേയറുകളിലാണ് ഡാഷ് ബോർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ വിവിധതരം മെറ്റീരിയലുകൾ പല ടെക്ചറുകളിലും നിറത്തിലും ഭംഗിയായി ഇഴചേർത്തിരിക്കുന്നു. ഒരുതലത്തിൽ ചെമ്പുനിറത്തിലുള്ള ലൈനിങ് കാണാം. കറുപ്പും ബീജുമാണ് പ്രധാന കളർ കോമ്പിനേഷൻ.  ഹാൻഡ് റെസ്റ്റിലും സ്റ്റീറിങ്‌ വീലിലും സോഫ്റ്റ്‌ മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നു. ഡാഷ് ബോർഡിൽ സംയോജിപ്പിക്കാതെ ഫ്രീ സ്റ്റാൻഡിങ് ഇൻഫോടൈൻമെന്റ്‌ സിസ്റ്റം, അലുമിനിയം റോളർ ബട്ടൻ കൺട്രോളുള്ള സ്റ്റീറിങ്‌ വീൽ, ഇവ ഡ്യുവൽ ടോൺ ഡാഷ് ബോർഡിനെ മറ്റു മിഡ് സൈസ് സെഡാനുകളിൽനിന്ന്‌ ഒരുപടി മുന്നിൽ നിർത്തുന്നു. ആറടി ഉയരമുള്ള എന്റെ ഡ്രൈവിങ് പൊസിഷനിൽ സീറ്റ് ക്രമീകരിച്ചാലും പിന്നിലെയാൾക്ക് സുഖമായി ഇരിക്കാനുള്ള സ്ഥലസൗകര്യം സ്ലാവിയക്കുണ്ട്. ഇത് ബൂട്ടിന്റെ സ്ഥലത്തെ ബാധിക്കുന്നില്ല, 521 ലിറ്റർ ബൂട്ട് സ്ഥലം ഈ സെഗ്മെന്റിലെ ഏറ്റവും വലുതാണ്.

ആറ് എയർ ബാഗുകൾ, കൂടാതെ ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ഡിഫ്ഫെറെൻഷ്യൽ ലോക്ക്, ടയർ പ്രെഷർ മോണിറ്ററിങ്  എന്നിവ ചേർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നു. സ്കോഡ സ്ലാവിയയുടെ എക്സ് ഷോ റൂം വില 10.69 ലക്ഷംമുതൽ 17.79 ലക്ഷംവരെയാണ്!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top