18 September Saturday

നിത്യഹരിതമായി നിസ്സാന്‍ കിക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2019

 2016ൽ ലോകവിപണിയിലെത്തിയ കിക്‌സിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ടെറാനോ, റിനോ ക്യാപ്റ്റർ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന്റെ നവീകരിച്ച പതിപ്പാണ് ഇന്ത്യയിൽ കിക്‌സിന് നൽകിയിരിക്കുന്നത്. മത്സരം മുറുകുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ പൊരുതാൻ, കാലാനുസൃതമായി ഒട്ടേറെ നിത്യഹരിത സവിശേഷതകൾ ഉൾക്കൊള്ളിക്കാൻ നിസ്സാൻ ശ്രമിച്ചിട്ടുണ്ട്. 

ബാഹ്യരൂപകൽപ്പനയിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് ഫ്രണ്ട് ഗ്രില്ലിന്റെ സിഗ്‌നേച്ചർ സ്റ്റൈൽ തന്നെ. ‘യു' ആകൃതിയിൽ ക്രോം സ്ട്രിപ്പോടുകൂടിയ ഗ്രിൽ മുഖത്തിന്റെ ഗാംഭീര്യം വർധിപ്പിക്കുന്നു. ടോപ്‌ വേരിയന്റിലുള്ള എൽഇഡി ഹെഡ് ലാമ്പുകളും ഡിആർഎലും തികച്ചും കാലാനുസൃതമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്‌ വീലുകളും റൂഫ് റെയിലുമൊക്കെ സ്റ്റൈൽ മെച്ചപ്പെടുത്തുന്ന ഘടകങ്ങൾ തന്നെ. പ്രമുഖ എതിരാളിയായ ക്രെറ്റയേക്കാൾ നീളവും വീതിയും വീൽബേസും ഗ്രൗണ്ട് ക്ലിയറൻസും കൂടുതലുണ്ട് കിക്‌സിന്. പക്ഷേ, ഉയരം ക്രെറ്റയേക്കാൾ അൽപ്പം കുറവാണ്.


 

പുറംകാഴ്ചയിൽ എസ്‌യുവിയുടെ കരുത്തും ക്രോസ് ഓവറിന്റെ സൗന്ദര്യവും ഒരുപോലെ അവകാശപ്പെടാവുന്ന ഡിസൈൻ ശൈലിയാണ് കിക്‌സിൽ പിന്തുടരുന്നത്.  റോഡ് പ്രസൻസും വ്യത്യസ്തതയുമുള്ള ആകാരമാണ് കിക്‌സിനുള്ളത്. പ്രീമിയം ഗുണമേന്മ അവകാശപ്പെടാവുന്നതാണ് ക്യാബിനും. ഫ്ളോട്ടിങ്‌ ഡിസൈനിലുള്ള എട്ട്‌ ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ സെന്റർ കൺസോളിൽ ഉയർന്നുനിൽക്കുന്നു. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി ഇതിൽ ലഭ്യമാണ്. ഗിയർ റിവേഴ്സ് മോഡിലായിരിക്കുമ്പോൾ വാഹനത്തിന് ചുറ്റുമുള്ള 360 ഡിഗ്രി കാഴ്ച ലഭ്യമാക്കുന്നതാണ് ഇതിന്റെ പാർക്കിങ്‌ അസിസ്റ്റൻസ് സിസ്റ്റം. മുന്നിലും പിന്നിലും ഉള്ളതുകൂടാതെ വിങ്‌ മിററുകളുടെ അടിയിലുമുള്ള ക്യാമറകളാണ് ഇത് സാധ്യമാക്കുന്നത്. സെഗ്‌മെന്റിൽ ആദ്യമായി ഈ സംവിധാനം നൽകുന്നത് കിക്‌സാണ്.

ഡിസൈനിലെ പ്രീമിയം ഫീൽ ഉള്ളിലും നിലനിർത്തിയിട്ടുണ്ട്. 400 ലിറ്ററാണ് ബൂട്ടിന്റെ സംഭരണശേഷി.രണ്ട് എൻജിൻ ഓപ്ഷനുകളാണ് കിക്‌സിനുള്ളത്. 1.5 ലിറ്റർ പെട്രോൾ എൻജിന് 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനും 1.5 ലിറ്റർ ഡീസൽ എൻജിന് 6 സ്പീഡ് മാന്വൽ ഗിയർ ബോക്സുമാണുള്ളത്.

യുവത്വവും കരുത്തും തുടിക്കുന്ന ആകാരം, കംഫർട്ട് നൽകുന്ന കാബിൻ, മാന്യമായ ഡ്രൈവ് അനുഭവം എന്നീ ഗുണങ്ങളൊക്കെ കിക്‌സിന് പ്ലസ്‌ പോയിന്റുകളായുണ്ട്. എക്സ് ഷോറൂം വില  (പെട്രോൾ) 9.55 ലക്ഷം രൂപയിലും (ഡീസൽ) 9.89 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ്  ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top