13 August Thursday

ഓഫ്റോഡില്‍ തിളങ്ങാന്‍ കോഡിയാക് സ്കൗട്ട്

എസ് ശ്രീകുമാർUpdated: Monday Nov 18, 2019

പ്രീമിയം എസ്‌യുവി എന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുറപ്പിച്ച മോഡലാണ് സ്കോഡയുടെ കോഡിയാക്. ഓഫ് റോഡിങ് സാഹചര്യങ്ങൾക്കിണങ്ങുന്ന വിധത്തിൽ നവീകരിച്ച് സ്കൗട്ട് എന്ന പേരിൽ കോഡിയാക്കിന്റെ പുതിയ പതിപ്പിനെ സ്കോഡ ഈയിടെ വിപണിയിലെത്തിച്ചു. വാഹനമേതായാലും എസ്‌യുവിയുടെയോ ഓഫ് റോഡറിന്റെയോ മട്ടും ഭാവവും ഉണ്ടെങ്കിൽ ഡിമാൻഡുയരുന്ന കാലമാണല്ലോ. സ്കോഡയും ഈ വഴിക്ക് ചിന്തിച്ചപ്പോൾ കോഡിയാക്കിന്റെ സവിശേഷതകൾക്ക് മൂല്യവർധനയുമുണ്ടായി.
ബമ്പറിലെ സ്കിഡ്പ്ലേറ്റാണ് സ്കൗട്ടിന്റെ മുൻഭാഗത്തിന് സ്റ്റാൻഡാർഡ് മോഡലിൽനിന്ന് വേറിട്ട വ്യക്തിത്വം നൽകുന്നത്. കറുത്ത ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ് ലാമ്പ്, ഡിആർഎൽ, ഓഫ് റോഡിങ്ങിൽ തകരാറുണ്ടാകാതിരിക്കാൻ ഉയർത്തി സ്ഥാപിച്ചിരിക്കുന്ന ഫോ​ഗ് ലാമ്പുകൾ  എന്നിവയൊക്കെയാണ് മുൻകാഴ്ചയിലെ സവിശേഷതകൾ. വശങ്ങളിൽ കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ കാണാം. 18 ഇഞ്ച് വലിപ്പമുള്ളതാണ് പുതിയ ഡ്യൂവൽടോൺ അലോയ് വീലുകൾ. ഫ്രണ്ട് ഫൈൻഡറുകളിൽ സ്കൗട്ട് ബാഡ്‌ജിങ് നൽകിയിട്ടുണ്ട്. സിൽവർ ഫിനിഷിലുള്ളതാണ് വിങ് മിററുകൾ. പിൻബമ്പറും പുതിയ സിൽവർ ഡിഫ്യൂസർ നൽകി നവീകരിച്ചു. പിന്നിലെ ലോഗോയുടെ സ്ഥാനത്ത്  സ്കോഡ എന്ന ബ്രാന്റ്നേയിം കൊണ്ടുവന്നു.

ഉള്ളിൽ കോഡിയാക്കിലെ ബ്ലാക്കും ബീജും ചേർന്ന കളർ തീമിനുപകരം ഓൾ ബ്ലാക്ക് അപ്ഹോൾസ്റ്ററിയാണ് സ്കൗട്ടിന് നൽകിയിരിക്കുന്നത്. ഡാഷ് ബോർഡിൽ ഡാർക്ക് പോളീഷോടുകൂടിയ വുഡ് ട്രിമ്മും സ്കൗട്ട് ബാഡ്‌ജിങ്ങും ശ്രദ്ധേയം. ആൻഡ്രോയ്ഡ്, ആപ്പിൾ കണക്ടിവിറ്റിയുള്ള എട്ടിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോൾ, റിവേഴ്സ് ക്യാമറ, പാർക്കിങ് സെൻസറുകൾ, ഒമ്പത് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ്, പനോരമിക് സൺറൂഫ്, മാനുവൽ സൺബ്ലൈന്റുള്ള റിയർ വിൻഡോകൾ, നെക് റെസ്ട്രെയ്ന്റുള്ള ഹെഡ്റെസ്റ്റും ബ്ലാങ്കറ്റുമുൾപ്പെട്ട നാപ്പ് പാക്കേജ് തുടങ്ങിയ ഫീച്ചറുകൾ സ്കൗട്ടിന് മുതൽക്കൂട്ടുതന്നെ.

150 എച്ച്പി പവർ നൽകുന്ന രണ്ടു ലിറ്റർ ടിഡിഐ എൻജിനാണ്‌ ഇതിനുള്ളത്. ഏഴ് സ്‌പീഡ് ഡിഎസ്ജി ട്രാൻസ്‌‌മിഷനും ഓൾ വീൽ ഡ്രൈവ് സിസ്റ്റവുമുണ്ട്. ഹിൽ ഡിസന്റ് കൺട്രോൾപോലെ പ്രവർത്തിക്കുന്ന ഓഫ് റോഡ് മോഡാണ് സ്കൗട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. എക്സ് ഷോറൂം വില കോഡിയാക് എൽ ആൻഡ്‌ കെയേക്കാൾ രണ്ടര ലക്ഷത്തോളം രൂപ കുറവാണ്,  33.99 ലക്ഷം രൂപ.

(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ് ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top