18 July Thursday

ഇതാ ഇക്കോസ‌്പോര്‍ട്ടിലെ ഇടിവെട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019


ഇന്ത്യൻ എസ്‌‌യുവി വിപണിയിലെ ജനപ്രിയരെയും ഒറ്റയാന്മാരെയും ഒറ്റയടിക്ക് ഞെട്ടിക്കുന്നതായിരുന്നല്ലോ ഫോർഡിന്റെ ബെസ്റ്റ് സെല്ലറായി മാറിയ ഇക്കോസ‌്പോർട്ട്.
ഞെട്ടിക്കുക എന്നത് ഫോർഡിനെ സംബന്ധിച്ചിടത്തോളം പുത്തിരിയൊന്നുമല്ല. ഇന്ത്യൻ എസ്‌യുവി വിപണിയിലെ ജനപ്രിയരെയും ഒറ്റയാന്മാരെയും ഒറ്റയടിക്ക് ഞെട്ടിക്കുന്നതായിരുന്നല്ലോ ഫോർഡിന്റെ ബെസ്റ്റ് സെല്ലറായി മാറിയ ഇക്കോസ‌്പോർട്ട്. ആരെയും ആകർഷിക്കുന്ന ഒത്ത പൗരുഷം. വശ്യമായ അഴകളവുകളിലെ കണിശതയുള്ള ആധുനികത. ഫോർഡ് ശരിക്കും മുമ്പേവന്ന എസ്‌യുവിക്കാരെ ഞെട്ടിച്ചില്ലെന്നുപറഞ്ഞാൽ അത് അതിശയോക്തിയായിരിക്കും.

ഇപ്പോഴിതാ അതേ ഇക്കോസ‌്പോർട്ടിന് പുതിയൊരു വേരിയന്റ‌് പുറത്തുവന്നിരിക്കുന്നു. പുതിയ മോഡലിന്റെ പേരുതന്നെ ഞെട്ടിപ്പിക്കുന്നതാണ്, തണ്ടർ. 121 ബിഎച്ച്പി - പവർ നൽകുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനും 99 ബിഎച്ച്പി പവർ നൽകുന്ന 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് ഇക്കോസ‌്പോർട്ട് തണ്ടറിന് കൊടുത്തിരിക്കുന്നത്.
നല്ല അടക്കമുള്ള,  അതേസമയംതന്നെ ​​ഗൗരവം നിലനിർത്തുന്ന നിറക്കൂട്ടാണ് ഇടിവെട്ടിന്റെ ഇന്റീരിയറിന്. ഇരട്ടനിറത്തിലെ ഡാഷ് ബോർഡും ഡോർപാനലും  മുൻ സീറ്റും സെൻട്രൽ കൺസോളും ആദരവ് പിടിച്ചുപറ്റുന്നതാണ്. ആകാശക്കാഴ്ചയുടെ മനോഹരമായ യാത്രാനുഭവത്തിനായി ഇതിൽ ഇലക്ട്രിക് - സൺറൂഫുമുണ്ട്. ഡ്രൈവിങ് സുഖകരമാക്കാൻ 9.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ‌് സംവിധാനവും ഫോർഡ് ഇതിൽ ഒരുക്കിയിരിക്കുന്നു.

പുറംകാഴ്ചയിലും തണ്ടർ ഇടിവെട്ട് തന്നെയാണ്.  ഫോ​ഗ് ലാമ്പ് ബെസൽ, ഹെഡ് ലാമ്പ് ക്ലസ്റ്റർ, ​ഗ്രിൽ, മിറർ എന്നിവയിൽ ബ്ലാക്ക് തീം ട്രീറ്റ്മെന്റ‌് കൊടുത്ത് കൂടുതൽ സുന്ദരമാക്കിയിരിക്കുന്നു. അതോടൊപ്പം കറുപ്പുനിറത്തിലുള്ള 17 ഇഞ്ച് അലോയി വീൽ, ഇരട്ട ടോണിലെ ഹുഡ് തുടങ്ങിയവയും തണ്ടറിന്റെ വ്യത്യസ്തതയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴത്തെ ഒരു ട്രന്റനുസരിച്ച് ഫോർഡിന്റെ ഇടിവെട്ടിന് ഓട്ടോമാറ്റിക് പ്രതീക്ഷിച്ചാൽ ഇപ്പോൾ നിരാശയാകും ഫലം. തണ്ടർ മാനുവൽ ട്രാൻസ‌്‌മിഷനിൽ മാത്രമേ ലഭ്യമാകൂ. തണ്ടർ പെട്രോളിന് 10.18 ലക്ഷം രൂപയും ഡീസലിന് 10.68 - ലക്ഷം രൂപയുമാണ് എക‌്സ‌്‌ഷോറൂം വില.


പ്രധാന വാർത്തകൾ
 Top