02 June Friday

മത്സരിക്കാനുറച്ച് ഹോണ്ട ബിആര്‍–വി

സി ജെ ഹരികുമാര്‍Updated: Thursday May 12, 2016

ഇന്ത്യയില്‍ പ്രീമിയം കാറുകളുടെ മുന്‍നിര നിര്‍മാതാവായ ഹോണ്ട ഏഴുപേര്‍ക്ക് യാത്രചെയ്യാവുന്ന ഏറ്റവും പുതിയ കോംപാക്ട് എസ്യു–വി ഹോണ്ട ബിആര്‍–വി പുറത്തിറക്കി. 8.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില. ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ കോംപാക്ട് എസ്യു–വിയായ ബിആര്‍വി പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ലഭിക്കും.
മാന്വല്‍ വേര്‍ഷനില്‍ ലിറ്ററിന് 15.4 കിലോമീറ്ററും ഓട്ടോമാറ്റിക്  വേര്‍ഷനില്‍ ലിറ്ററിന് 16 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ബിആര്‍–വിയിലെ ഡീസല്‍ ഐ–ഡിടെക് എന്‍ജിന്‍ 3600 ആര്‍പിഎമ്മില്‍ 100 പിഎസ് കരുത്ത് പ്രദാനംചെയ്യുന്നു. ലിറ്ററിന് 21.9 കിലോമീറ്ററാണ് ഇന്ധനക്ഷമത.

ബ്രിയോ, മൊബീലിയോ, അമെയ്സ് മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന അതേ പ്ളാറ്റ്ഫോമിലാണ് ഹോണ്ട ബിആര്‍–വി നിരത്തിലെത്തിച്ചിരിക്കുന്നത്. ഈവിഭാഗത്തിലെ ഏറ്റവും നീളമേറിയ മോഡല്‍ (4,456 മി.മീ) എന്ന പ്രത്യേകതയും ബിആര്‍–വിക്കുണ്ട്. 

ദൃഢതയും പ്രീമിയം എസ്യുവി സവിശേഷതയും പ്രതിഫലിപ്പിക്കുന്നതാണ് ബിആര്‍–വിയുടെ രൂപകല്‍പ്പന. കരുത്തും വിശാലതയും ദ്യോതിപ്പിക്കുന്ന മുന്‍ഭാഗത്തിനൊപ്പം പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍ ഡിസൈന്‍, എല്‍ഇഡി പൊസിഷന്‍ ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ സ്പോര്‍ട്ടി ഭാവത്തിന് മാറ്റുകൂട്ടുന്നു. പിന്‍ഭാഗത്ത് എല്‍ഇഡി ലൈറ്റ് ഗൈഡോടുകൂടിയ കണക്ടഡ് ടെയ്ല്‍ ലൈറ്റ് രൂപകല്‍പ്പനയും കരുത്തുറ്റ സ്പോര്‍ട്ടി, പ്രീമിയം അനുഭവം മഹത്തരമാക്കുന്നു. ബിആര്‍–വിയുടെ ചലനാത്മകതയ്ക്കും പരുക്കന്‍ കരുത്തിനും ഊന്നല്‍ നല്‍കുന്നതാണ് പുതിയ 16 ഇഞ്ച് അലൂമിനിയം വീലുകള്‍.

ഓള്‍ ബ്ളാക് കളര്‍ തീം ആഘോഷിക്കുന്നതാണ് ബിആര്‍–വിയുടെ ഉള്‍ത്തളം. ഫ്യുച്വറിസ്റ്റിക് ഡാഷ്ബോര്‍ഡ് ഡിസൈന്‍, ഉയര്‍ന്ന ഗുണമേന്മയുള്ള മെറ്റീരിയല്‍, വളരെ സുഗമവും സൌകര്യപ്രദവും വിശാലവുമായ മൂന്നു നിരകളുള്ള ക്യാബിന്‍ എന്നിവയും അകത്തെ സവിശേഷതകളാണ്. ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, ഗിയര്‍ നോബ്, ഡോര്‍ ആം റെസ്റ്റ് എന്നിവയും ലെതര്‍ സീറ്റുകളും കാറിന്റെ പ്രീമിയം, സ്പോര്‍ട്ടി ഭാവങ്ങള്‍ കരുത്തുറ്റതാക്കുന്നു. അല്‍പ്പംപോലും സ്ഥലനഷ്ടം ഉണ്ടാക്കാത്ത ഹോണ്ടയുടെ വിദഗ്ധമായ ഇന്റീരിയര്‍ ഡിസൈന്‍ ബിആര്‍–വിയുടെ ഉള്‍ഭാഗം വിശാലമാക്കുന്നു.

ഏഴ് സീറ്റര്‍ ആയതിനാല്‍ ഇന്റീരിയറിന് കാഴ്ചയില്‍ എംപിവി ഛായ തോന്നും. മൂന്നു നിരകളിലായി സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. രണ്ടാം നിര സീറ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനും അവയുടെ ബാക്ക് റെസ്റ്റുകള്‍ പിന്നിലേക്ക് ചെരിക്കാനുമാകും. 210 മി.മീ ഗ്രൌണ്ട് ക്ളിയറന്‍സാണ് വാഹനത്തിന്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top