31 May Wednesday

സ്പോര്‍ട്ടിയാകാന്‍ നുവൊ സ്പോര്‍ട്

സി ജെ ഹരികുമാര്‍Updated: Sunday Apr 10, 2016

വാഹനവിപണിയില്‍ പുത്തന്‍ തരംഗമാവുകയാണ് ചെറു എസ്യുവികള്‍. കരുത്തന്‍ രൂപവും ഇന്ധനക്ഷമതയും അല്‍പ്പം ആഢംബരവും പ്രദാനം ചെയ്യുന്ന ഇവ ഉപയോക്താക്കളെ തെല്ലൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. 2015ലും 16ലുമായി ഏകദേശം ഒരു ഡസനിലേറെ പുതിയതും പരിഷ്കരിച്ചതുമായ മോഡലുകളാണ് വിപണിയില്‍ എത്തിയത്. ഈ പട്ടികയ്ക്ക് നീളംകൂട്ടി ലോകത്തെതന്നെ പ്രധാന എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്യുവി നുവൊ സ്പോര്‍ട് പുറത്തിറങ്ങി. 7.35 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്നു. ഏഴ് സീറ്റ് വാഹനത്തിന് 17.45 ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

പുതിയ മോഡല്‍ സ്കോര്‍പ്പിയയുടെ പ്ളാറ്റ്ഫോമില്‍ ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍  വികസിപ്പിച്ചതാണ് നുവൊ സ്പോര്‍ട്.  ടിയുവിക്കുശേഷം നാലുമീറ്റര്‍ താഴെ നീളത്തില്‍ ഇറങ്ങുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ വാഹനമാണ് ഈ എസ്യുവി. ചെറിയ ഗ്രില്ലും വലിയ എയര്‍ഡാമുകളുമുള്ള വാഹനത്തിന്റെ മുന്‍ഭാഗം സ്കോര്‍പ്പിയയോട് തെല്ല് സാദൃശ്യം തോന്നും. ഹെഡ് ലാമ്പുകള്‍ക്ക് മുകളില്‍ കണ്‍പുരികംപോലെ എല്‍ഇഡി  ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ വാഹനത്തിന് കൂടുതല്‍ സൌന്ദര്യം നല്‍കുന്നു.  1.5 ലീറ്റര്‍, മൂന്ന് സിലിന്‍ഡര്‍ ഡീസല്‍ എംഹോക്ക് 100 എന്‍ജിനാണ് ഏഴ് സീറ്റര്‍ എസ്യുവിയുടെ കരുത്ത്.

101.4 ബിഎച്ച്പി 240 എന്‍എം ആണ് എന്‍ജിന്‍ ശേഷി. അഞ്ച് സ്പീഡ് മാന്വല്‍, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് വകഭേദങ്ങളില്‍ നുവൊ സ്പോര്‍ട് ലഭിക്കും. ഇന്ധനക്ഷമതയും പ്രകടനവും  ഉയര്‍ത്താനായി ഇക്കോ, പവര്‍ മോഡുകളിലുള്ള ഡ്രൈവിങ് വാഹനത്തിനുണ്ട്. മഹീന്ദ്രയുടെ ക്വണ്ടോയ്ക്ക് സമാനമായ രൂപമാണെങ്കിലും  ഡോറുകളിലും വശങ്ങളിലും പ്ളാസ്റ്റിക് ക്ളാഡിങ്ങുകള്‍ നല്‍കി കരുത്തന്‍ രൂപഭംഗി നല്‍കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. മള്‍ട്ടിസ്പോക് അലോയ് വീലുകളാണ് വാഹനത്തിന്റെ വേഗതയ്ക്ക് ചിറകാകുന്നത്.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറും ലെതര്‍ സീറ്റുകളും നുവൊസ്പോര്‍ട്സിന് പ്രീമിയം ലുക്കാണ് നല്‍കുന്നത്. 6.2 ഇഞ്ച് ബ്ളൂടൂത്തുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓക്സ് ഫീച്ചറുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇരട്ട എയര്‍ബാഗുകളും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും കമ്പനി ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന വകഭേദങ്ങളില്‍ ഇവ ഓപ്ഷണലായി ലഭിക്കും. 412 ലിറ്റര്‍ ബൂട്ട് സ്പേയ്സാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്.
എന്‍4, എന്‍6, എന്‍8 തുടങ്ങി ആറ് വകഭേദങ്ങളിലും മോള്‍ട്ടന്‍ റെഡ്, റസ്റ്റ് ഓറഞ്ച്, ഡയമണ്ട് വൈറ്റ്, റീഗല്‍ ബ്ളൂ, മിസ്റ്റ് സില്‍വര്‍, ഫെയരി ബ്ളാക്ക് എന്നീ ആറ് കളറുകളിലും നുവൊ സ്പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top