22 September Friday

എം‌ജി സെഡ്എസ് ; ഫുൾ ചാർജിൽ 461 കിലോമീറ്റർവരെ റേഞ്ച്

സുരേഷ് നാരായണൻUpdated: Wednesday Apr 13, 2022


2019ൽ ആണ് എം‌ജി സെഡ്‌എസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. വളരെയേറെ പുതുമകൾ ഉണ്ടായിരുന്ന വാഹനമാണ് എം‌ജി സെഡ്‌എസ്. നിരത്തിലുള്ള മറ്റു വാഹനങ്ങളിൽ ഒന്നായി ഇലക്‌ട്രിക് കാറാണോ ഫ്യുവൽ എൻജിൻ കാറാണോ എന്നു വേർതിരിക്കാൻ പറ്റാത്തവിധം സിമ്പിൾ ഡിസൈൻ ആയിരുന്നു അത്. പച്ച നമ്പർപ്ലേറ്റും വശങ്ങളിൽ വലിയ അക്ഷരങ്ങളിൽ ഇലക്‌ട്രിക്‌ എന്നെഴുതിയ ബാഡ് ജ്   എന്നിവമാത്രമായിരുന്നു ഈ ഇലക്‌ട്രിക്‌ കാറിനെ തിരിച്ചറിയാനുണ്ടായിരുന്ന ഉപാധികൾ.

2022 സെഡ്‌എസിന്റെ മുൻവശം ഒരു ഇലക്ട്രിക് കാർ എന്നുതോന്നുന്ന രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. പഴയ ഗ്രില്ലിന്റെ സ്ഥാനത്ത് ബോർഡർ ഇല്ലാത്ത ഗ്രില്ലാണ് പുതിയതിന്‌. നടുവിലായി വലിയ എം‌ജി ലോഗോ, താഴെ ക്യാമറയും ഇടതുവശത്തായി ചാർജിങ് പോയിന്റും കൊടുത്തിരിക്കുന്നു. പഴയ ചാർജിങ് പോയിന്റ്‌ ലോഗോയ്‌ക്കുപിന്നിലായിരുന്നു. സിൽവർ സ്കിട് പ്ലെയ്റ്റുള്ള ബമ്പർ മുൻവശത്തിന്  സ്പോർട്ടി ലുക്ക് കൊടുക്കുന്നു. റീ ഡിസൈൻ ചെയ്ത ബമ്പറും ഹെഡ്‌ലാമ്പും ടെയ്ൽ ലാമ്പും എൽ‌ഇ‌ഡി ആക്കിയിരിക്കുന്നു. ഇത്രയുംമാത്രമാണ് പുതിയ സെഡ്‌എസ് ഇ‌വിയിൽ പുറമെയുള്ള മാറ്റങ്ങൾ. 

ഈ സെഗ്‌മെന്റിൽ ആദ്യമായി രണ്ട് പാളികളുള്ള സൺ റൂഫ്,  റിയർ ഡ്രൈവ് അസിസ്റ്റ്,  360 ഡിഗ്രി ക്യാമറ, 75 ഫീച്ചറുകളുള്ള ഐ സ്മാർട്ട് കണക്‌ഷൻ, നൂറിൽപ്പരം വോയ്‌സ് കമാൻഡുകൾവഴി  സൺ റൂഫ്, മ്യൂസിക്, റേഡിയോ, നാവിഗേഷൻ മുതലായവ പ്രവർത്തിപ്പിക്കാവുന്നതാണ്. വോയ്‌സ് കമാൻഡിൽ മുപ്പത്തഞ്ചോളം ഹിന്ദി ചുവയുള്ള ഇംഗ്ലീഷ് പദങ്ങളും ഉൾപ്പെടും! 8 ഇഞ്ച് ഇൻഫോടൈൻമെന്റ്‌  സ്ക്രീനിന്റെ സ്ഥാനത്ത് 10.1 ഇഞ്ച് ടച്ച് സ്ക്രീനാണ്‌ പുതിയ കാറിനുള്ളത്. അനലോഗ് ഡയലുകൾ മാറ്റി പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ ആക്കിയിരിക്കുന്നു. മൂന്നു സ്പോക്കുള്ള സ്റ്റീറിങ്‌ വീൽ, റിവേഴ്സ്, ന്യൂട്രൽ, ഡ്രൈവ് ഡയൽവഴി ചേഞ്ച് ചെയ്യാവുന്നതിന് മാറ്റം വരുത്തിയിട്ടില്ല!

സുരക്ഷയ്ക്കായി 6 എയർ ബാഗുകൾ, ഹിൽ സ്റ്റാർട്ട് / ഡിസെന്റ്‌ കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ബ്ലൈന്റ്‌ സ്പാട്ട് ഡിറ്റേക്‌ഷനുള്ള റിയർ ഡ്രൈവ് അസിസ്റ്റ്, ഇലക്‌ട്രോണിക്‌ സ്റ്റബിലിറ്റി കൺട്രോൾ, റിവേഴ്സ് ക്യാമറയിലോ സെൻസർ ഏരിയയിലോ പെടാതെ ഇടത്തുനിന്നോ വലത്തുനിന്നോ വരുന്ന വാഹനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന റിയർ ക്രോസ് ട്രാഫിക് അസിസ്റ്റ് എന്നിവയാണ് പ്രധാനപ്പെട്ടവ.

സാധാരണയായി ഇലക്‌ട്രിക്‌ വാഹനങ്ങൾ അപ്ഗ്രേഡ് ചെയ്യുമ്പോൾ ബാറ്ററി കപ്പാസിറ്റിയിലുള്ള മാറ്റം വളരെ കൂടുതലായിരിക്കും. എന്നാൽ, പുതിയ സെഡ്‌എസിൽ 50.3 kWh ബാറ്ററിയാണുള്ളത്. പഴയ കാറിൽ 44.5kWh ആയിരുന്നു. 419 കിലോമീറ്റർ റേഞ്ച് കിട്ടിയിരുന്നിടത്ത് ഇപ്പോൾ 461 കിലോമീറ്ററാണ് റേഞ്ച്. വെറും പേരിനുമാത്രമാണ് ബാറ്ററി കപ്പാസിറ്റി കൂട്ടിയിരിക്കുന്നത്. ഫയർ, കൊള്ളിഷൻ, ഡസ്റ്റ്, സ്മോക്ക് എന്നിവയുൾപ്പെടെ 8 ടെസ്റ്റുകൾ പാസായി ഗ്ലോബൽ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളതാണ് പുതിയ ബാറ്ററി പാക്ക്.  176 പി‌എസ് പവറുള്ള മോട്ടോറിന് നിന്നനിൽപ്പിൽനിന്നും 100 കിലോമീറ്റർ പ്രതിമണിക്കൂറിലെത്തിക്കാൻ 8.5 സെക്കൻഡ് മതിയാകും!


 

എം‌ജിയുടെ ഇ-ഷീൽഡ് പ്രോഗ്രാംപ്രകാരം അഞ്ചുവർഷത്തേക്ക് അൺലിമിറ്റഡ് കിലോമീറ്റർ വാറന്റിയും ബാറ്ററി പാക്കിന് എട്ടുവർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറന്റിയും  കൂടാതെ അഞ്ചുവർഷത്തേക്ക് 24 മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസ്, 5 ലേബർ ചാർജ് ഫ്രീ സർവീസും ഓഫർ ചെയ്യുന്നു. ഇപ്പോൾ ടോപ് വേരിയന്റായ എക്‌സ്‌ക്ലൂസീവ്‌ മാത്രമാണ് കിട്ടുന്നത്. ബേസ് വേരിയന്റായ എക്സൈറ്റ് ജൂലൈയിലേ തയ്യാറാവുകയുള്ളൂ. എം‌ജി സെഡ്‌എസ് ഇ‌വിയുടെ എക്സ് ഷോറൂം വില 21.99 ലക്ഷത്തിൽ തുടങ്ങി 25.88 ലക്ഷംവരെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top