21 July Sunday

മാരുതി സുസുകി എക്സ്‌എൽ 6

സുരേഷ് നാരായണൻUpdated: Wednesday Apr 27, 2022


ആ പേരിൽ തന്നെയുണ്ട് ഈ എം‌പി‌വി അല്ലെങ്കിൽ എം‌യു‌വിയുടെ സ്ഥലസൗകര്യത്തിന്റെ വലുപ്പം! എന്നാൽ, പുതുതലമുറ ഉപയോക്താക്കൾ വലുപ്പം മാത്രമല്ല, ഒരു വാഹനത്തിൽ നോക്കുന്നത് അതിന്റെ ഡിസൈൻകൂടിയാണ്! അതുകൊണ്ടാണ് മാരുതി സുസുകി, നെക്സയുടെ ക്രാഫ്റ്റഡ് ഫ്യൂച്ചറിസം ഡിസൈൻ ലാങ്ഗ്വേജ് ആസ്പദമാക്കി എക്സ്‌എൽ 6 ഡിസൈൻ ചെയ്തിരിക്കുന്നത്. വെറുതെയല്ലല്ലോ ഇന്ത്യൻ ഉപയോക്താക്കളുടെ മനസ്സറിഞ്ഞ വാഹനനിർമാതാവ് എന്ന്‌ മാരുതി സുസുക്കിയെ വിശേഷിപ്പിക്കുന്നത്!

എക്സ് ബാർ എലമെന്റുള്ള പുതിയ ഗ്രിൽ ക്രോം ബോർഡർ കൊടുത്ത്,  ക്വാഡ് ചേംബർ റെഫ്ലെക്ടർ എൽ‌ഇ‌ഡി ഹെഡ് ലാമ്പ് ഗ്രില്ലിന്റെ ഭാഗമെന്നോണം ആക്കിയിരിക്കുന്നത് പുതുമയാണ്. ഗ്രില്ലിന്റെ നടുവിലൂടെയുള്ള ക്രോം ബാർ ഡി‌ആർ‌എല്ലായി ഹെഡ്‌ലാമ്പിൽ തുടരുന്നു. ഫോഗ് ലാമ്പ് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ബമ്പർ ഡിസൈനും ആകർഷകമാണ്. വശങ്ങളിൽ ഷോൾഡർലൈൻ കൊടുക്കുന്ന ബോൾഡ് ലുക്കും 16 ഇഞ്ച് ഡ്യുവൽ ടോൺ മെഷീൻ ഫിനിഷ്  അലോയ് വീൽ ഡിസൈനും എ പില്ലറിലും ബി പില്ലറിലും കൊടുത്തിരിക്കുന്ന ബ്ലാക്ക്‌ ഫിനിഷും റൂഫിലെ സ്കി റെയിലും ചേർന്ന് എക്സ്‌എൽ 6നെ എം‌പി‌വി തലത്തിൽനിന്ന്‌ ഒരുപടി മുന്നിലെത്തിക്കുന്നു. ലൈറ്റ് ഗൈഡും സ്‌മോക് ഗ്രേ ലെൻസുമുള്ള ത്രിമാന ടെയ്ൽ ലാമ്പ്, ക്രോം ഗാർനിഷ്, ഷാർക്ക് ഫിൻ ആൻറെനാ, സിൽവർ സ്കിട് പ്ലേറ്റ് എന്നിവചേർന്ന് എക്സ്‌എൽ 6ന്റെ പിൻവശം ആകർഷകമാക്കുന്നു.

വാഹനം  തെരഞ്ഞെടുക്കുമ്പോൾ ഒരു ഫാമിലി അകവശത്തിന് കൊടുക്കുന്ന പ്രാധാന്യം വളരെ വലുതാണ്. ഒരു മോഡേൺ ഫാമിലിയെ ആകർഷിക്കുന്നതിനായി എക്സ്‌എൽ 6ന്‌ മുഴുവനായും ബ്ലാക്ക്‌ ഇന്റീരിയറാണുള്ളത്. ഡാഷ് ബോർഡിൽ കൊടുത്തിരിക്കുന്ന സ്റ്റോൺ ഫിനിഷ് പ്രീമിയം ലുക്ക് കൊടുക്കുന്നു. വോയ്സ് അസിസ്റ്റുള്ള 7 ഇഞ്ച്  സ്മാർട്ട്‌ പ്ലേ ഇൻഫോടൈൻമെന്റ്‌ സിസ്റ്റം അൽപ്പം ചെറുതായിപ്പോയി എന്നുതോന്നുന്നത് സ്വാഭാവികം, അൽപ്പംകൂടി വലുതാക്കാമായിരുന്നുവെങ്കിലും ഫീച്ചറുകളിൽ കുറവില്ല. ബിൽറ്റ് ഇൻ സുസുകി കണക്റ്റ് വഴി  എ‌സി കൺട്രോൾ, വാഹനസുരക്ഷാ, ഡ്രൈവിങ് ബിഹെവിയർ അനാലിസിസ് എന്നിവ ഉൾപ്പെടെ നാൽപ്പതോളം കണക്‍റ്റഡ് ഫീച്ചറുകളുണ്ട്! ഒരു സ്മാർട്ട് വാച്ച് വഴി റിമോട്ടായും എക്സ്‌എൽ 6 കണക്റ്റ് ചെയ്യാം. ടിൽറ്റ് ചെയ്യാവുന്ന ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ്‌ വീൽ ടെലസ്കോപ്പിക്കുമാണ്. വെന്റിലേറ്റഡ് മുൻ സീറ്റുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ആം റസ്റ്റ്, എയർകൂൾ ചെയ്യാവുന്ന ക്യാൻ ഹോൾഡറുകൾ, രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റ്, മടക്കാവുന്നതും ചായ്ക്കാവുന്നതുമായ  മൂന്നാംനിര സീറ്റ് താരതമ്യേന വലുപ്പമുള്ളതാണ്. പിന്നിലുള്ള യാത്രക്കാർക്കായി റൂഫ് എ‌സി വെന്റിലേഷനും മൂന്നാംനിരക്കാർക്ക് ബോട്ടിൽ ഹോൾഡറും കൊടുത്തിരിക്കുന്നു.  

ഇന്ത്യയിലെ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്ന സുസുക്കിയുടെ സിഗ്നേചർ ഹാർടെക്ട്  പ്ലാറ്റ്ഫോമിൽ ഹൈ ടെൻസിൽ സ്റ്റീലിന്റെ ഉപയോഗം പരമാവധിയാണ്. മുൻസീറ്റിന്റെ വശങ്ങളിലും മുന്നിലുമായി 4 എയർ ബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്. അതുപോലെതന്നെ ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്‌ട്രോണിക്‌  സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്. ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്ക്‌ ചെയ്യാൻ സഹായിക്കുന്ന 360 ഡിഗ്രി ക്യാമറയും എക്സ്‌എൽ 6ന്റെ സുരക്ഷാ  ഫീച്ചറുകളിൽ ഉൾപ്പെടും.


 

പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുള്ള 1.5 ലിറ്റർ നെക്സ്റ്റ് ജനറേഷൻ ഡ്യുവൽ ജെറ്റ് ഡ്യുവൽ വി‌വി‌ടി പെട്രോൾ എൻജിനാണ്‌ എക്സ്‌എൽ 6ന്‌ ഊർജം പകരുന്നത്. ഈ എൻജിന്റെ മാക്സിമം ടോർക് 136.8 ന്യൂട്ടൻ മീറ്ററും 75.8kW ഉം ആണ്  ഏറ്റവും കൂടിയ പവർ. ഈ എൻജിനെ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായും ബന്ധിപ്പിച്ചിരിക്കുന്നു. മാനുവലിന് ഗിയർഷിഫ്റ്റിന് 20.97 കിലോമീറ്റർ പ്രതി ലിറ്ററും ഓട്ടോമാറ്റിക്കിന് 20.27 കിലോമീറ്റർ പ്രതി ലിറ്ററുമാണ് മാരുതി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  നേക്‍സ ബ്ല്യൂ, ആർക്‌ടിക്‌ വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാണ്ടിയർ ഗ്രേ, ബ്രേവ് ഖാക്കി, ഒപ്പുലെന്റ്‌ റെഡ് എന്നീ 6 നിറങ്ങളും, റെഡ്, സിൽവർ, ഖാക്കി എന്നിവയിൽ കറുത്ത റൂഫുമുള്ള മൂന്ന് ഡ്യുവൽ ടോണിലും ലഭ്യമാണ്.

ആൽഫ, സീട്ട, ആൽഫ പ്ലസ്, ആൽഫ പ്ലസ് ഡ്യുവൽ ടോൺ എന്നിങ്ങനെ നാല് വേരിയന്റുകൾ ഓട്ടോമാറ്റിക്കിലും ഇതേ  നാല് വേരിയന്റുകൾ മാനുവലിലും ലഭ്യമാണ്‌.  എക്സ്‌എൽ 6ന്റെ എക്സ്ഷോറൂം വില 11.29 ലക്ഷംമുതൽ 14.55 ലക്ഷം വരെയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top