04 August Wednesday

എസ്‌യുവി യുദ്ധത്തിന് എസ് പ്രസ്സോയുമായി മാരുതി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2019

ഇന്ത്യക്കാരുടെ എസ്‌യുവി ജ്വരം എത്രത്തോളമുണ്ടെന്നതിന്റെ ഏറ്റവും ഒടുവിലത്തെ അളവുകോലാണ് മാരുതി സുസുക്കിയുടെ എസ് പ്രസ്സോ എന്ന മിനി എസ്‌യുവി. രൂപത്തിൽ എസ്‌യുവികളോട് സാദൃശ്യമുണ്ടെങ്കിലും ഈ ചെറു കാറിനെ മിനി ക്രോസ് ഓവർ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉചിതം. ഇറ്റാലിയൻ കാപ്പിപ്പെരുമയിൽനിന്നാണ് എസ് പ്രസ്സോ എന്ന പേരിന്റെ ഉത്ഭവം. ചെറുതാണെങ്കിലും ഗുണം ഒട്ടും കുറയില്ലെന്നാണ് മാരുതി ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. റെനോയുടെ ക്വിഡ് ക്ലൈംബറാണ് എതിരാളി. ക്ലൈംബറും മുഖം മിനുക്കി എത്തിയതോടെ ഇനി എൻട്രി ലെവൽ കാറുകളുടെ ഇടയിലും എസ്‌യുവി യുദ്ധം കൊടുമ്പിരിക്കൊള്ളുമെന്ന് കരുതാം. 

2018 ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട ഫ്യൂച്ചർ എസ് എന്ന കോൺസെപ്റ്റിനോട് സാദൃശ്യമുണ്ട് എസ് പ്രസ്സോയ്ക്ക്. ഉയർന്ന ബോണറ്റ്, ഹാലജൻ ഹെഡ് ലാമ്പുകൾ, എൽഇഡി ഡിആർഎൽ, വിറ്റാരബ്രെസ്സയെ ഓർമിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, കറുത്ത മുൻ, പിൻ ബമ്പറുകൾ എന്നിവ സ്പോർട്ടി ഭാവം സമ്മാനിക്കുന്നു. ഷോൾഡർലൈനിലും വീൽ ആർച്ചുകളിലും വശങ്ങളുടെ മധ്യഭാഗത്തുമുള്ള മസിൽ തുടിപ്പുകൾ എസ്‌യുവി സ്റ്റൈലിങ്ങിന്റെ ഭാഗമാണ്. 14 ഇഞ്ച് വീലുകളും 180 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾതന്നെ. 240 (പാഴ്സൽ ട്രേ ഇല്ലാതെ 270) ലിറ്ററാണ് ബൂട്ടിന്റെ സംഭരണശേഷി.

ഡാഷ്ബോർഡിനു നടുവിൽ വൃത്താകൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനു താഴെയാണ് വോയ്സ് റെക്കഗ്നിഷനും ഏഴ് ഇഞ്ച് ടച്ച് സ്ക്രീനുമുള്ള സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. പുതിയ ക്രാഷ് ടെസ്റ്റ് നിബന്ധനകൾ പാലിക്കുന്ന ഈ കാറിന് രണ്ട് എയർ ബാഗുകൾ, എബിഎസ്, പാർക്കിങ് സെൻസറുകൾ, സ്പീഡ് അലർട്ട് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട്. സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, 12 വോൾട്ട് ആക്സസറി സോക്കറ്റ്, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കീ ലെസ് എൻട്രി, തുടങ്ങിയ ഫീച്ചറുകളും എസ് പ്രസ്സോയെ ആധുനികമാക്കുന്നു.

ബി എസ് 6 നിലവാരമുള്ള ഒരു ലിറ്റർ കെ സീരിസ് പെട്രോൾ എൻജിനാണ് എസ് പ്രസ്സോയുടെ ശക്തികേന്ദ്രം. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളുണ്ട്. ലിറ്ററിന് 21.7 കിലോമീറ്റർവരെയാണ് മൈലേജ് വാഗ്ദാനം. 3.69 ലക്ഷംമുതൽ 4.91 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില. മാരുതിയുടെ അരീന ഷോറൂമുകൾ വഴിയാണ് വിൽപ്പന.​

(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ്  ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top