26 September Tuesday

സുസുകി എർട്ടിഗ സിഎൻജി

സുരേഷ് നാരായണൻUpdated: Wednesday Aug 10, 2022


മാരുതി സുസുകി വാഗൺ ആർനെയും എർട്ടിഗയെയും സംബന്ധിച്ച് പൊതുവായി പറയാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്ന് ഈ രണ്ട് വാഹനങ്ങളും പ്രായോഗികതയിൽ മുന്നിൽ നിൽക്കുന്നു എന്നതാണ്. മറ്റൊന്ന്, ഈ വാഹനങ്ങളുടെ ഇന്ധനക്ഷമതയാണ്, പിന്നെ പറയാനുള്ളത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന വാഹനങ്ങളിൽ മുൻപന്തിയിലാണ്! ഈ വാഹനങ്ങൾക്കുനേരെ ആകെയുണ്ടായിരുന്ന ഒരൊറ്റ പരാതി ഇവയുടെ പുറംകാഴ്ചയായിരുന്നു,  ഇപ്പോൾ അതും മെച്ചപ്പെടുത്തിയിരിക്കുന്നു. വാഹന നിർമാതാവ് എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണത്തിൽ മാരുതി സുസുകിയെക്കുറിച്ച് പറയുകയാണെങ്കിൽ വളരെ കരുതലുള്ള ഒരു കമ്പനിയാണത്. ഭൂരിപക്ഷം നിർമാതാക്കളും ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് എടുത്തുചാടിയപ്പോൾ, ഉപയോക്താക്കൾക്ക് പെട്ടന്നൊരു ‘റേഞ്ച് ആങ്‌സൈറ്റി' കൊടുക്കാതെ സിഎൻജി, സ്മാർട്ട് ഹൈബ്രിഡ് മുതലായ  പടിപടിയായിട്ടുള്ള മുന്നേറ്റമാണ് മാരുതി സ്വീകരിച്ചത്. ഈ ആഴ്ചയിലെ അതിഥി മാരുതി സുസുകി എർട്ടിഗ സിഎൻജി ആണ്. എംപിവി സെഗ്‌മെന്റിൽ ആദ്യമായാണ് ഫാക്ടറി ഫിറ്റ് ചെയ്ത സിഎൻജി ലഭിക്കുന്നത്.


 

പുറംകാഴ്ചയിൽ സാധാരണ എർട്ടിഗയുമായി വ്യത്യാസം ഗ്രില്ലിൽ കൊടുത്തിരിക്കുന്ന ക്രോം ഗാർനിഷിങ് ആണ്, ‘വിങ്ഡ്' ഡിസൈൻ എന്നാണ് മാരുതി വിശേഷിപ്പിക്കുന്നത്.  ഹാലൊജൻ പ്രൊജെക്റ്റർ ഹെഡ് ലാമ്പിന് മാറ്റം ഒന്നുമില്ല. വശങ്ങളിൽ അലോയ് വീലിന്റെ സൈസ് 15 ഇഞ്ച് തന്നെയാണ് എന്നാൽ  ഡിസൈൻ മാറ്റിയിരിക്കുന്നു. പിന്നിൽ ടെയ്ൽ ഗേറ്റിന് കുറുകെ ക്രോം ബാർ കൊടുത്തിരിക്കുന്നു വലിയ സ്‌പ്ലിറ്റ് ടെയ്ൽ ലാമ്പിന് ക്രോം ഗാർനിഷിങ് കാണാം. സാധാരണ എർട്ടിഗയിൽനിന്ന്‌ ഇത്രയും മാറ്റങ്ങളാണ് പുറംമോടിയിൽ കാണാൻ കഴിയുന്നത്. 

കീ ലെസ്സ് എൻട്രിയാണ് അകത്ത് കയറുമ്പോൾ  ആദ്യം ശ്രദ്ധയിൽപ്പെടുന്നത് കൂടാതെ എൻജിൻ സ്റ്റാർട്ട് സ്റ്റോപ് ബട്ടണും ഉണ്ട്.  ഡ്യുവൽ ടോൺ ഡാഷ് ബോർഡിന്റെ ഒരു തലത്തിൽ കൊടുത്തിരിക്കുന്ന കൃത്രിമ വുഡ് ഫീനിഷ് ഒഴിച്ച് ഡാഷ് ബോർഡിന് മാറ്റമൊന്നുമില്ല. ടച്ച് സ്‌ക്രീൻ ഇൻഫോടൈൻമെന്റ്‌ സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, അൻഡ്രോയിഡ്‌ ഓട്ടോ എന്നിവയും ടിഎഫ്ടി സ്‌ക്രീൻ ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററിൽ സിഎൻജി ലെവൽ ഡിസ്‌പ്ലേ ചെയ്യുന്നു. മൂന്നുപേർക്ക്‌ സുഖമായി ഇരിക്കാവുന്ന ബെഞ്ച് സീറ്റ് ആണ് രണ്ടാംനിരയിൽ, മൂന്നാംനിരയിലെ യാത്രക്കാർക്കും ആവശ്യത്തിനുള്ള സ്ഥലസൗകര്യം ഉണ്ട്. എന്നാൽ, സിഎൻജി ടാങ്കിന്റെ സ്ഥലവുംകഴിഞ്ഞ്‌ ലഗ്ഗേജിന് സ്ഥലം കുറവാണ്. സിഎൻജി ടാങ്ക് ഭംഗിയായി കവർ ചെയ്തിരിക്കുന്നു.


 

എർട്ടിഗ സിഎൻജിയുടെ ശക്തിക്കുറവിടം 1.5 ലിറ്റർ കെ15സി ഡ്യുവൽജെറ്റ് പെട്രോൾ എൻജിനാണ്‌. ഇതിനെ 5 സ്പീഡ് മാന്വൽ ഗീയർ ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.  എൻജിൻ സ്റ്റാർട്ട് ആകുന്നത് പെട്രോൾ മോഡിലും ആവശ്യമുള്ള താപനില എത്തുമ്പോൾ സിഎൻജിയിലേക്കും മാറുന്നു.  സുഗമമായ ഈ മാറ്റം കമ്പനി ഫിറ്റ് ചെയ്ത സിഎൻജിയിലാണ് ലഭിക്കുന്നത്. പെട്രോൾ മോഡിൽ 100എച്ച്പിയും സിഎൻജിയിൽ 87എച്ച്പിയും ആണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. 100 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കുമ്പോൾ കാർ വളരെ സ്റ്റേബിൾ ആണ്. പെട്ടെന്നുള്ള ആക്‌സലറേഷൻ മാറ്റങ്ങൾ ഇല്ലാതെ സുഖപ്രദമായ നീണ്ടയാത്രയും ഇന്ധനക്ഷമതയും ലക്ഷ്യംവച്ചാണ് എർട്ടിഗയുടെ എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നത്. എൻജിൻ സിഎൻജിയിലാണോ പെട്രോളിലാണോ പ്രവർത്തിക്കുന്നത് എന്ന് ഇൻസ്ട്രമെന്റ്‌ ക്ലസ്റ്ററിൽ നോക്കാതെ പറയാൻ സാധിക്കില്ല. അത്രയ്ക്ക് സുഗമമായാണ് ഈ വാഹനത്തിന്റെ പ്രവർത്തനം. 26.11 കിലോമീറ്റർ പ്രതി കിലോഗ്രാം സിഎൻജി ആണ് എർടിഗയുടെ ഇന്ധനക്ഷമതയെന്ന് മാരുതി അവകാശപ്പെടുന്നു. ഫാക്ടറി ഫിറ്റ് ചെയ്ത ഏക സിഎൻജി എംപിവി ആണ് എർടിഗ. 10.44 ലക്ഷം രൂപമുതലാണ് എർടിഗ സിഎൻജിയുടെ എക്‌സ് ഷോറൂം വില തുടങ്ങുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top