ലോകത്തെത്തന്നെ പ്രമുഖ വാഹനനിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ 'സിക്ക' വിപണിയിലെത്തിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ തങ്ങളുടെ മോഡലുകള്‍ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായാണ് കമ്പനി 'സിക്ക' പുറത്തിറക്കുന്നത്.
ബ്രാന്‍ഡ് അംബാസഡറായി ഫുട്ബോള്‍താരം ലയണല്‍ മെസി എത്തിയശേഷം ടാറ്റാ പുറത്തിറക്കുന്ന ആദ്യ വാഹനമാണ് സിക്ക. അതിനാല്‍ ലോകോത്തര നിലവാരമുള്ള രൂപകല്‍പ്പനയും പ്രകടനവുമാണ് വാഹനത്തിന് കമ്പനി വാഗ്ദാനംചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ എത്തുന്ന വാഹനത്തിന് അഞ്ച് സ്പീഡ് മാനുവര്‍ ഗിയര്‍ ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുമായാണ് സിക്ക എത്തുന്നത്. 1.05 ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ 1405 സിസി ഡീസല്‍ എന്‍ജിന്റെ കരുത്ത് 69 ബിഎച്ച്പിയാണ്. 84 ബിഎച്ച്പി കരുത്തുള്ള 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്ജിന് ടാറ്റാ ബോള്ട്ടിലേതു തന്നെയാണ.് ആദ്യ കാഴ്ചയില്‍ ഹ്യുണ്ടായ് ഐ 10 ഗ്രാന്ഡിനോട് സാദൃശ്യം തോന്നുമെങ്കിലും സീക്കയില്‍ പുതുമയും സാങ്കേതികതയും ഒത്തിണങ്ങിയ സൌകര്യങ്ങളാണ് ടാറ്റ നല്‍കിയിരിക്കുന്നത്.
ടാറ്റയുടെ ആകര്‍ഷകമായ സ്മൈലി’മുന്‍ ഗ്രില്‍ ഏറ്റവുമിണങ്ങുന്ന രീതിയിലാണ് സിക്കയില്‍ ഉപയോഗിച്ചിട്ടുള്ളത്. വലുപ്പമേറിയ ഹെഡ്ലാമ്പും ഫോഗ് ലാമ്പുമാണ് മുന്‍ഭാഗത്തിന്റെ ആകര്‍ഷണം. 10 സ്പോക്ക് സില്‍വര്‍ അലോയ് വീലുകളും ഹെഡ്ലാമ്പിന്റെ സാദൃശ്യമുള്ള ടെയില്‍ ലാമ്പും ആകര്‍ഷകമായ സ്പോയിലറും വാഹനത്തിന്റെ പിന്‍വശം ആകര്‍ഷകമാക്കുന്നുണ്ട്. വശങ്ങളില്മുന്നില്നിന്ന് ഡോര്‍ ഹാന്‍ഡിലുകളിലൂടെ കടന്ന് പിന്‍ഭാഗംവരെ നീളുന്ന ഷോര്‍ഡര്‍ ലൈന്‍, ബോഡി കളര്‍ ഡോര്‍ ഹാന്‍ഡില്‍, കറുപ്പും ഗ്രേയും ഇണചേരുന്ന മനോഹരമായ ഇന്റീരിയര്‍ എന്നിവ വാഹനത്തിന്റെ മേന്മകളാണ്. സ്റ്റിയറിങ് വീലില്‍ ഓഡിയോ, മൊബൈല്‍ കണ്ട്രോളുകള് സജ്ജീകരിച്ചിട്ടുണ്ട്.
ഹാര്‍മന്‍ കാര്‍ഡന്‍ മ്യൂസിക് സിസ്റ്റം നാവിഗേഷന്‍ ആപ് എന്നിവ ഉള്‍പ്പെടുത്തി ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്നതാണ് വാഹനത്തിന്റെ ഉള്‍വശം. 240 ലിറ്ററാണ് സിക്കയുടെ ബൂട്ട് സ്പേസ്. സിറ്റി, ഇക്കോ മോഡുകളില്‍ ലഭിക്കുന്ന സിക്കയില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3.10 ലക്ഷം രൂപമുതല്‍ 4.80 ലക്ഷം രൂപവരെയാണ് സിക്കയുടെ പ്രതീക്ഷിക്കപ്പെടുന്ന വില. ഡീസല്‍ മോഡലില്‍ 30 കിലോമീറ്റിനടുത്ത് മൈലേജ് വാഗ്ദാനംചെയ്യുന്ന സിക്ക ജനുവരിയില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.