05 July Sunday

പുതുമയുടെ ഊര്‍ജവുമായി ഇഗ്നിസ് ഫേസ് ലിഫ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

പുതിയ സഹസ്രാബ്ദത്തിന്റെ യുവതയ്ക്കുവേണ്ടി എന്ന പ്രഖ്യാപനത്തോടെയായിരുന്നു പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നിസിനെ മാരുതി അവതരിപ്പിച്ചത്. സ്വിഫ്റ്റിനുശേഷം മാരുതിയുടെ ഡിസൈൻ ഭാഷയിൽ തികച്ചും വ്യത്യസ്തമായ സമീപനം കണ്ടത് ഇഗ്നിസിലായിരുന്നു. എസ് യുവിയോട് ചേർന്നുനിൽക്കുന്ന ക്രോസ് ഓവർ രൂപവും പുതിയ തലമുറയുടെ അഭിരുചികൾക്കിണങ്ങുന്ന പ്രീമിയം സവിശേഷതകളും ഇഗ്നിസിൽ മാരുതി കോർത്തിണക്കി. 2017 ജനുവരിയിൽ ഇന്ത്യയിലെത്തിയ ഇഗ്നിസ്, രണ്ടുവർഷം പിന്നിട്ടപ്പോൾ, ഒരുലക്ഷത്തിലേറെ യൂണിറ്റുകളുടെ വിൽപ്പന നേടി. ഇപ്പോഴിതാ, ഈ വർഷത്തെ ഡൽഹി ഓട്ടോ എക്സ്പോയിലൂടെ ബിഎസ് 6 എൻജിനുമായി ഫേസ് ലിഫ്റ്റ് ചെയ്ത മോഡൽ അവതരിപ്പിച്ചിരിക്കുന്നു.

ഹാച്ച്ബാക്കുകളുടെ കൂട്ടപ്പൊരിച്ചിലിനിടയിൽ പുതുമയുടെ ഊർജം പ്രസരിപ്പിക്കുന്ന, യുവത്വം തുളുമ്പുന്ന വ്യക്തിത്വമാണ് ഇഗ്നിസിനെ വേറിട്ടതാക്കിയത്. ചതുരവടിവാണ് ബാഹ്യാകാരത്തിന്റെ പ്രത്യേകത. എൽഇഡി ഡിആർഎലോടുകൂടിയ പ്രൊജക്ടർ ഹെഡ് ലാമ്പുകളും അവയെ ബന്ധിപ്പിക്കുന്ന നീണ്ട ഗ്രില്ലും വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളും വലിയ ബമ്പറുകളുമാണ് മുൻകാഴ്ചയിലെ ഹൈലൈറ്റുകൾ. കനത്ത വീൽ ആർച്ചുകൾ കറുത്ത, 15 ഇഞ്ച് അലോയ് വീലുകൾക്ക് നൽകുന്ന ഗാംഭീര്യം ഒന്നുവേറെതന്നെ. കറുത്ത എ, ബി പില്ലറുകളും വീതിയേറിയ, അഡിഡാസ് ലോഗോപോലുള്ള മൂന്ന് വരകളോടുകൂടിയ സി പില്ലറും റൂഫ് റെയിലുകളും പിന്നറ്റത്തുള്ള ആന്റിനയും ചരിഞ്ഞ റിയർ വിൻഡ്ഷീൽഡുമൊക്കെ ഒരു കുട്ടി എസ് യുവിയുടെ കരുത്തൻ ഭാവം വിളിച്ചോതുന്നു. പുതിയ ഗ്രില്ലും വലിയ സ്കിഡ് പ്ലേറ്റുകളോടുകൂടിയ മുൻപിൻ ബമ്പറുകളുമാണ് ഫേസ് ലിഫ്റ്റിന്റെ പുറംകാഴ്ചയിലെ പുതുമകളിൽ പ്രധാനം.


 

ഏഴിഞ്ച് ടച്ച് സ്ക്രീനിൽ മാരുതിയുടെ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഫേസ് ലിഫ്റ്റിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ഓൺ ബോർഡ് നാവിഗേഷനും വോയ്സ്കമാന്റ് സംവിധാനവുമുണ്ട്. സുസുകിയുടെ എസ് കണക്ട് എന്ന കണക്ടിവിറ്റി സ്യൂട്ടും ഓപ്ഷണലായി ലഭിക്കും. പുതിയ ഓറഞ്ച്, നീല നിറങ്ങളും ഫേസ് ലിഫ്റ്റിലുണ്ട്. ഒപ്പം മൂന്ന് ഡ്യുവൽട്രോൺ കളർ ഓപ്ഷനുകളും അവതരിപ്പിച്ചിരിക്കുന്നു.

ബിഎസ് 6 നിബന്ധനകൾ അനുസരിച്ചുള്ള 1.2 ലിറ്റർ കെ 12 പെട്രോൾ എൻജിൻമാത്രമായിരിക്കും ഇനി ഇഗ്നിസിനുണ്ടാവുക. തുടക്കത്തിൽ ലഭ്യമായിരുന്ന 1.3 ലിറ്റർ ഡീസൽ എൻജിൻ ഡിമാൻഡ് കുറഞ്ഞതോടെ പിന്നീട് നിർത്തി. പുതിയ എൻജിനൊപ്പം 5 സ്പീഡ് മാന്വൽ, എഎംടി ഗിയർബോക്സുകൾ ഉണ്ടായിരിക്കും. ബുക്കിങ് ആരംഭിച്ചെങ്കിലും വില പ്രഖ്യാപിച്ചിട്ടില്ല.
 


പ്രധാന വാർത്തകൾ
 Top