19 October Saturday

ട്രെന്‍ഡിനൊപ്പം മുന്നേറാന്‍ നിയോസ്

എസ് ശ്രീകുമാർUpdated: Monday Sep 16, 2019

ആദ്യമായി കാർ സ്വന്തമാക്കാനൊരുങ്ങുന്ന യുവതലമുറയെ ആശ്രയിച്ചാണ് ചെറുകാറുകളുടെ വിപണി വളരുന്നത്. ഈ ട്രെൻഡ് മുന്നിൽക്കണ്ടാണ് ഹ്യുണ്ടായ് തങ്ങളുടെ ചെറുകാർ ശ്രേണിയെ ഒരുക്കുന്നത്. ഇതിനുള്ള ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഗ്രാൻഡ്‌ ഐ10 നിയോസ്.

ഐ 10 ശ്രേണിയിലെ മൂന്നാംതലമുറയാണ് നിയോസ്. ഗ്രാൻഡ്‌ ഐ10 നേക്കാൾ 40 എംഎം നീളവും 20 എംഎം വീതിയും 25 എംഎം വീൽബേസും കൂടുതലുണ്ട് നിയോസിന്. ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾക്കിടയിലുള്ള കാസ്കേഡിങ് ഗ്രില്ലാണ് മുൻഭാഗത്തിന്റെ മുഖ്യ ആകർഷണം. നീണ്ട പ്രൊജക്ടർ ഹെഡ് ലാമ്പുകളും വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകളും വ്യക്തമായ ക്രീസുകളോടുകൂടിയ ബോണറ്റും പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും റൂഫ് റെയിലുകളും സ്മാർട്ടായ എൽഇഡി ടെയിൽ ലാമ്പുകളും ക്രോം ഗാർണിഷുമൊക്കെ മൊത്തത്തിലുള്ള ആകാരഭംഗിക്ക് മാറ്റുകൂട്ടുന്നുണ്ട്. പുതിയ തലമുറയെ ആകർഷിക്കുന്ന സ്പോർട്ടി ലുക്കിനാണ് ഡിസൈനിൽ മുൻതൂക്കം.

 

ഡ്യുവൽ ടോൺ ഗ്രേ ഇന്റീരിയർ ഫിനിഷിന് ഗുണമേൻമയുള്ള പ്ലാസ്റ്റിക്കും ഉയർന്ന നിർമാണ നിലവാരവും മികച്ച ഫീൽ നൽകുന്നു. ഗ്രാൻഡ്‌ ഐ10നെ അപേക്ഷിച്ച് 21 പുതിയ ഫീച്ചറുകളാണ് നിയോസിലുള്ളത്. രണ്ട് യുഎസ്ബി ചാർജിങ് പോർട്ടുകൾ, വയർലെസ് മൊബൈൽ ഫോൺ ചാർജർ, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ് ബട്ടൻ സ്റ്റാർട്ട്, ഓട്ടോമാറ്റിക് എസി, ഇലക്ട്രിക് ഫോൾഡിങ് ഉള്ള വിങ് മിററുകൾ, കൂൾഡ് ഗ്ലവ് ബോക്സ്, ഐബ്ലൂ ഓഡിയോ റിമോട്ട് ആപ്പ്, 5 ഇഞ്ച് എംഐഡി എന്നിവ എടുത്തുപറയാം. ഇതിലെ റിവേഴ്സ് ക്യാമറ മുന്നോട്ടുപോകുമ്പോഴും പ്രവർത്തിപ്പിക്കാവുന്നതാണ്.

മാരുതി സ്വിഫ്റ്റ്, ഫോർഡ് ഇക്കോസ്‌പോർട്ട്‌ തുടങ്ങിയ എതിരാളികൾക്ക് ആശങ്കയ്‌ക്ക് വക നൽകുന്നതാണ് നിയോസിന്റെ പാക്കേജിങ്. 1.2 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് നിയോസിനുള്ളത്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളുണ്ട്. പെട്രോൾ മാനുവലിന് 20.7 കെഎംപിഎൽ, എഎംടിക്ക് 20.2 കെഎംപിഎൽ, ഡീസലിന് 26.2 കെഎംപിഎൽ എന്നിങ്ങനെയാണ് മൈലേജ് വാഗ്ദാനം. പെട്രോൾ എൻജിൻ ബിഎസ് 6 നിലവാരത്തിലുള്ളതാണ്. 4.99 ലക്ഷം മുതൽ 7.99 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.

(ടോപ്​ഗിയർ മാ​ഗസിന്റെഎഡിറ്റർ ഇൻ ചീഫാണ് ലേഖകൻ)
 


പ്രധാന വാർത്തകൾ
 Top