24 January Sunday

രണ്ടാമങ്കത്തിന് കച്ചമുറുക്കി ക്രെറ്റ

എസ് ശ്രീകുമാർUpdated: Monday Mar 16, 2020

ഫ്ലൂയിഡിക് ഡിസൈൻ ചാരുതയുമായി ഇന്ത്യൻ എസ് യുവി വിപണി കീഴടക്കിയ ഹ്യുണ്ടായ് ക്രെറ്റ വീണ്ടുമൊരു കുതിപ്പിനായി കച്ചമുറുക്കിക്കഴിഞ്ഞു. റെനോ ഡസ്റ്ററിന്‌ മേധാവിത്വമുണ്ടായിരുന്ന, നാലുമീറ്ററിലേറെ നീളമുള്ള എസ് യുവി വിഭാഗത്തിലേക്ക് 2015ലായിരുന്നു ക്രെറ്റയുടെ വരവ്. തുടക്കത്തിൽത്തന്നെ വിൽപ്പനയിൽ മുന്നേറിയ ക്രെറ്റയെ അടുത്തകാലത്തെ മാന്ദ്യവും ബിഎസ് 6ലേക്കുള്ള ചുവടുമാറ്റത്തിന്റെ ആശങ്കകളും പ്രതികൂലമായി ബാധിച്ചു. അങ്ങനെ, രണ്ടാംതലമുറ ക്രെറ്റയുടെ അവതരണം അനിവാര്യമായി. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിലാണ് പുതിയ ക്രെറ്റ ഇന്ത്യയിൽ ഔദ്യോഗികമായി ആദ്യം പ്രത്യക്ഷപ്പെട്ടത്.


 

ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന കായികക്ഷമതയാണ് ഹ്യുണ്ടായ്‌ ഡിസൈൻ ഭാഷയുടെ കാതൽ. ഇതിന്റെ പ്രഭാവം പുതിയ ക്രെറ്റയിലും കാണാം. വലിപ്പമേറിയ, പുതിയ ത്രീഡി കാസ്കേഡിങ് ഗ്രിൽ, ട്രിപ്പിൾ എൽഇഡി യൂണിറ്റായുള്ള സ് പ്ലിറ്റ് ഹെഡ് ലാമ്പുകൾ, ചെത്തിമിനുക്കിയ ബമ്പർ, നീളത്തിലുള്ള എയർഡാമിനെ ഉൾക്കൊള്ളുന്ന സ്കിഡ് പ്ലേറ്റ്, കരുത്ത് തുടിക്കുന്ന ക്രീസുകളോടുകൂടിയ ബോണറ്റ്... ഇതൊക്കെ ക്രെറ്റയെ കൂടുതൽ സുമുഖനാക്കുന്നു. മസിൽതുടിപ്പ്‌ നൽകുന്ന ശരീരരേഖകളും സമചതുര സ്വഭാവമുള്ള, മുഴച്ചുനിൽക്കുന്ന വലിയ വീൽ ആർച്ചുകളും 17 ഇഞ്ച് അലോയ് വീലുകളും റുഫ് റെയിലും വീതിയുള്ള സിൽവർ സി പില്ലറുമൊക്കെ സൈഡ് പ്രൊഫൈലിനെ തികച്ചും സ്പോർട്ടിയാക്കുന്നു. ഹെഡ് ലാമ്പിന്റെ അതേപാറ്റേണിലുള്ള ടെയ്ൽ ലാമ്പുകളാണ് പിൻകാഴ്ചയിലെ ഹൈലൈറ്റ്.

കറുപ്പും ബീജും ചേർന്നതാണ് സ്റ്റാന്റാർഡ് ഇന്റീരിയർ നിറം. ടർബോ പെട്രോൾ ടോപ് വേരിയന്റിൽ ഓൾ ബ്ലാക് ഇന്റീരിയറും ചുവപ്പ് ഇൻസർട്ടുകളും ചുവപ്പിലുള്ള കോൺട്രാസ്റ്റ് സ്റ്റിച്ചിങ്ങും ലഭ്യമാണ്. ഏഴ് ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ലാൻഡ്‌ സ്കേപ് ലേഔട്ടിലുള്ള 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട് വാച്ച് ആപ്പോടുകൂടിയ ബ്ലൂ ലിങ്ക് കണക്ടിവിറ്റി, ടയർ പ്രഷർ മോണിട്ടറിങ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്, വയർലെസ് ഫോൺ ചാർജിങ്, പനോരമിക് സൺറൂഫ് എന്നിങ്ങനെ ഫീച്ചറുകളാൽ സമൃദ്ധമാണ് പുതിയ ക്രെറ്റ.

ബിഎസ് 6 നിലവാരത്തിലുള്ള മൂന്ന് എൻജിൻ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം 6 സ്പീഡ് മാന്വൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്സ് ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എൻജിന് 6 സ്പീഡ് മാന്വൽ, ടോർക് കൺവർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണുള്ളത്. 1.4 ലിറ്റർ ടർബോ പെട്രോൾ വേരിയന്റിന് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർ ബോക്സ് മാത്രമേയുള്ളൂ. 17 ലക്ഷം രൂപവരെ വില പ്രതീക്ഷിക്കാം. ബുക്കിങ് ആരംഭിച്ചു.

(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ്  ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top