31 January Tuesday

കേരളത്തിന്റെ സ്വന്തം ഇ‐ഓട്ടോ ജൂണിൽ നിരത്തിലിറങ്ങും

എം കെ പത്മകുമാർUpdated: Friday Apr 26, 2019


കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്കൽ ഓട്ടോറിക്ഷ–-ഗ്രീൻ ‘ഇ’ ഓട്ടോ ജൂണിൽ നിരത്തിലിറങ്ങും. വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈൽസ‌് ലിമിറ്റഡ‌് നിർമിച്ച ഗ്രീൻ ഓട്ടോകൾ വിപണിയിലിറക്കുന്നതിനു മുമ്പുള്ള പരിശോധനയ‌്ക്കായി ഓട്ടോമോട്ടീവ‌് റിസർച്ച‌് അസോസിയേഷന‌് (എആർ‌എഐ) സമർപ്പിച്ചു. കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആർഎഐയുടെ അനുമതി ലഭിച്ചാൽ മാത്രമേ വാഹനങ്ങൾ ആർടിഒയിൽ രജിസ‌്റ്റർ ചെയ്യാനാകൂ. പരിശോധന അവസാന ഘട്ടത്തിലായതിനാൽ അടുത്തമാസം അനുമതി ലഭിച്ച‌് ജൂണിൽ ഗ്രീൻ ഇ ഓട്ടോകൾ വിപണിയിലിറക്കാനാകും.

നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള  കെഎഎല്ലിന്റെ ശ്രമങ്ങൾക്ക‌് ഊർജം പകരുന്നതാണ‌് ഇലക്ട്രിക്കൽ ഓട്ടോയുടെ വരവ‌്. 1978ൽ സ്ഥാപിച്ച ഈ മുച്ചക്രവാഹന നിർമാണ ഫാക്ടറി 1999–-2005 കാലഘട്ടത്തിൽ വൻ ലാഭത്തിലായിരുന്നു. വിദേശങ്ങളിൽ വരെ വിപണിയുണ്ടായിരുന്ന കെഎഎല്ലിന്റെ യാത്രാഓട്ടോറിക്ഷകളും ഭാരവാഹനങ്ങളും ബംഗ്ലാദേശ‌് മുതൽ ഗ്വാട്ടിമാല വരെയുള്ള രാജ്യങ്ങളിൽ ഓടിയിരുന്നു. എന്നാൽ, സ്വകാര്യ മേഖലയിൽ നിന്നുള്ള വെല്ലുവിളി ഉൾപ്പെടെയുള്ള പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വന്നതോടെ നഷ്ടത്തിലേക്കു കൂപ്പുകുത്തി. എന്നാൽ, എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെ ഏഴു കോടി രൂപ മുടക്കി ഫാക്ടറി നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി. വിറ്റുവരവ‌് ഇരട്ടിയായതോടെ നഷ്ടത്തിൽ 1.95 കോടിയുടെ കുറവുണ്ടായി. 

പരിസ്ഥിതിക്ക‌് ദോഷകരമല്ലാത്ത ഇലക്ട്രിക്കൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർനയത്തിന്റെ ഭാഗമായാണ‌് കെഎഎൽ ഇ ഓട്ടോറിക്ഷ നിർമാണത്തിലേക്ക‌് കടന്നത‌്. ഇതിനായി സർക്കാർ പത്തു കോടി രൂപയാണ‌് അനുവദിച്ചത‌്. നാലു യാത്രക്കാർക്ക‌് സഞ്ചരിക്കാവുന്ന ഗ്രീൻ ഓട്ടോറിക്ഷയ്‌ക്ക‌് രണ്ടര ലക്ഷം രൂപയാണ‌് വില. നാലു മണിക്കൂർ ചാർജ‌് ചെയ്താൽ 100 കിലോ മീറ്റർ ഓടാനാകും. ഒരു കിലോ മീറ്ററിന‌് വെറും 50 പൈസയാണ‌് ചെലവ‌്. സാങ്കേതിക വിദ്യ, രൂപ കൽപ്പന എന്നിവ ഉൾപ്പെടെ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ‌് ഗ്രീൻഓട്ടോ. ഓട്ടോസ‌്റ്റാൻഡുകളിൽ ചാർജിങ‌് സ‌്റ്റേഷനുകൾ കെഎഎൽ സ്ഥാപിക്കും.

വൈകാതെ മൂന്നു പേർക്ക‌് യാത്ര ചെയ്യാവുന്ന ഇ റിക്ഷകൾ പുറത്തിറക്കും. ഒന്നര ലക്ഷം രൂപയാണ‌് വില. പിന്നാലെ സിഎൻജി ഓട്ടോയും നിർമിക്കും. നിലവിൽ മഹീന്ദ്ര ആൻഡ‌് മഹീന്ദ്രയാണ‌് ഇന്ത്യയിൽ ഇ ഓട്ടോകൾ നിർമിക്കുന്നത‌്. 

ഭാവിയിൽ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ ഇ ഓട്ടോകൾ മാത്രമേ അനുവദിക്കൂവെന്ന‌് കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട‌്. വാഹനങ്ങൾക്കു പുറമെ വിക്രം സാരാഭായ‌് സ‌്പെയ‌്സ‌് സെന്റർ (വിഎ‌സ‌്എസ‌്സി), ലിക്വിഡ‌് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ‌്സി) എന്നവയ‌്ക്ക‌് ബഹിരാകാശ ഉപകരണങ്ങൾ കെഎഎൽ നിർമിച്ചു നൽകുന്നുണ്ട‌്. ബഹിരാകാശ ഉപകരണ നിർമാണത്തിലും വൻകുതിച്ചു ചാട്ടം നടത്തുന്നതോടെ നഷ്ടക്കണക്ക‌് പഴങ്കഥയാക്കി ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎഎൽ ഇടംപിടിക്കും. വ്യവസായ വകുപ്പിനു കീഴിലുള്ള 17 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണ‌്.

വിപണിയിലെത്തിയില്ലെങ്കിലും ഗ്രീൻ ഓട്ടോകൾക്ക‌് ആവശ്യക്കാർ ഏറെയാണ‌്. മുംബൈ, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന‌ാണ‌് അന്വേഷകരിൽ ഭൂരിഭാഗവുമെന്ന‌് കെഎഎൽ മാനേജിങ് ഡയറക്ടർ എ ഷാജഹാൻ പറഞ്ഞു. ഓട്ടോറിക്ഷകൾ വിപണി പിടിച്ചാൽ നാലുചക്ര ഇ വാഹനങ്ങളുടെ നിർമാണത്തിലേക്കു കടക്കുമെന്നും അദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top