17 October Thursday

തകര്‍പ്പന്‍ താരമാകാന്‍ പുതിയ റെനോ ഡസ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ഇന്ത്യയിൽ റെനോയെ താരമാക്കിയ മോഡലാണ് ഡസ്റ്റർ. യൂറോപ്പിലെ മുൻനിര ബ്രാൻഡായ റെനോ 2012ൽ ഇന്ത്യൻ വാഹന വിപണിയിൽ പ്രീമിയം എസ‌് യുവികൾക്കു താഴെയുള്ള വലിയ വിടവിലായിരുന്നു ഡസ്റ്ററിനെ പ്രതിഷ്ഠിച്ചത്. ഇൻസ്റ്റന്റ് ഹിറ്റായ ഡസ്റ്റർ പുതിയൊരു സെഗ‌്മെന്റിനുകൂടി തുടക്കമിടുകയും ചെയ്തു. പിന്നെ നാം കണ്ടത് കോംപാക്ട് എസ് യുവികളുടെ പടയോട്ടമാണ്. എസ് യുവി വിഭാ​ഗത്തിലെ മത്സരം ഉച്ചകോടിയിൽ എത്തിയിരിക്കുന്നതിനാൽ അരങ്ങുപിടിക്കാൻ ഇരുപത്തഞ്ചോളം പുതുമകളുമായി പുതിയ നിലവാരത്തിലേക്ക് ഡസ്റ്റർ വീണ്ടുമെത്തി.

എൽഇഡി ഡിആർഎലോടുകൂടിയ പുതിയ പ്രൊജക്ടർ ഹെഡ് ലാമ്പുകളും ക്രോംസ്റ്റഡ്സുള്ള ഗ്രില്ലും ഡ്യുവൽ ടോൺ ബമ്പറും മസ്കുലാർ സ്കിഡ് പ്ലേറ്റും മുൻകാഴ്ചയിലെ ഡസ്റ്റർ പുതുമകളാണ്. പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ ഡസ്റ്ററിന് പുതിയ ടഫ് ലുക്ക് നൽകുന്നു. പുതിയ സ്റ്റിയറിങ് വീൽ, ആങ്കുലാർ എസി വെന്റുകൾ, ബ്രൗൺ ഫാബ്രിക് അപ്ഹോൾസ്റ്ററി എന്നിവയാണ് ക്യാബിനുള്ളിലെ പുതിയ കാഴ്ചകൾ. മിഡ്നൈറ്റ് ബ്ലാക്കാണ് ഇന്റീരിയർ കളർ തീം.  ഏഴിഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ആൻഡ്രോയ‌്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും ഉൾപ്പെടുത്തി ആധുനികമാക്കിയിരിക്കുന്നു. റിമോട്ട് കീ ലെസ് എൻട്രി, ടിൽറ്റ് സ്റ്റിയറിങ‌്, റീഡിങ് ലാമ്പ‌്,  ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ഇക്കോ മോഡ്,  ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നിവയാണ് മറ്റു ചില സവിശേഷതകൾ.

ഡസ്റ്ററിന്റെ എച്ച് 4 കെ 1.5 ലിറ്റർ പെട്രോൾ എൻജിൻ 106 പിഎസ് പവറും 142 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഇതിന് 5 സ്പീഡ് മാന്വൽ, സിവിടി ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിന് രണ്ട് വകഭേദങ്ങളുണ്ട്. 85 പിഎസ് പവറും 200 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതാണ് ആദ്യത്തേത്. ഇതിന് 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ്. കരുത്ത‌് കൂടിയ 110 പിഎസ് പവർ, 245 എൻഎം ടോർക്ക് വേർഷന്  6 സ്പീഡ് മാന്വൽ, എഎംടി ഗിയർ ബോക്സ് ഓപ്ഷനുകളുണ്ട്. ടോപ് എൻഡ് മാന്വൽ ഡീസലിന് ഓൾ വീൽ ഡ്രൈവ് വേരിയന്റുണ്ട്. എഡബ്ല്യുഡി വേർഷന് 210 എംഎമ്മും മറ്റുള്ള വേരിയന്റുകൾക്ക് 205 എംഎമ്മുമാണ് ഗ്രൗണ്ട് ക്ലിയറൻസ്.

ഉയർന്ന വേരിയന്റുകളിൽ റിവേഴ്സ് ക്യാമറ, ഹിൽ സ്റ്റാർട്ട്  അസിസ്റ്റ് എന്നിവയും ലഭ്യമാക്കിയിരിക്കുന്നു. കാസ്പിയൻ ബ്ലൂ, മഹാഗണി ബ്രൗൺ എന്നിവ ഡസ്റ്ററിന്റെ പുതിയ നിറങ്ങളാണ്. പെട്രോൾ വേരിയന്റുകൾക്ക് ലിറ്ററിന് ഏകദേശം 14 കിലോമീറ്ററും ഡീസലിന് ഏകദേശം 19.5 കിലോമീറ്ററും ഇന്ധനക്ഷമത പ്രതീക്ഷിക്കാം. കൊച്ചിയിൽ  എക്സ്ഷോറൂം വില എട്ടുലക്ഷം രൂപയിൽ ആരംഭിക്കുന്നു.
(ടോപ്​ഗിയർ മാ​ഗസിന്റെ എഡിറ്റർ ഇൻ ചീഫാണ് ലേഖകൻ)


പ്രധാന വാർത്തകൾ
 Top