സൌന്ദര്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ വരുത്തിയ മാറ്റങ്ങളിലൂടെ വിപണിയില്‍ മുന്നേറാനാവുമോ? ആഗോള സെഡാന്‍ എന്ന പ്രഖ്യാപനവുമായെത്തുന്ന പുതിയ കൊറോള ആള്‍ട്ടീസിലൂടെ ടൊയോട്ട ലക്ഷ്യമിടുന്നത് ഇതുതന്നെയാണ്. യന്ത്രപരമായ കാര്യങ്ങളെക്കാളേറെ രൂപഭംഗിയുടെ കാര്യത്തില്‍ മാറ്റങ്ങള്‍വരുത്തിയ കൊറോള ആള്‍ട്ടീസ് സുരക്ഷയുടെ കാര്യത്തിലും ഏറെ ശ്രദ്ധയാണ് നല്‍കുന്നത്. മുമ്പുണ്ടായിരുന്ന രണ്ട് എയര്‍ ബാഗുകളുടെ സ്ഥാനത്ത് ഏഴ് എയര്‍ബാഗുകള്‍വരെ അവതരിപ്പിച്ചതുതന്നെ ഇതിന്റെ പ്രധാന ഉദാഹരണം.
എക്സിക്യൂട്ടീവ് സെഡാന്‍ വിഭാഗത്തില്‍ മുന്നിലെത്തുക എന്നതാണ് മുഖംമിനുക്കലിലൂടെ കൊറോള ആള്‍ട്ടീസ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള സവിശേഷതകളിലാണ് കൂടുതല്‍ ശ്രദ്ധയും പതിപ്പിക്കുന്നത്. ഫോര്‍ച്യൂണറിനോടു ചേര്‍ന്നുനില്‍ക്കുന്ന രൂപകല്‍പ്പനയാണ് പുതിയ പതിപ്പില്‍ പ്രകടമാകുന്നത്. ഗ്രില്‍, ഹെഡ്ലൈറ്റ്, മുന്നിലെ ബംബര്‍ എന്നിവയെല്ലാം മോടിപിടിപ്പിക്കലിനു വിധേയമായിട്ടുണ്ട്. നീളമേറിയ ഹെഡ്ലൈറ്റും വീതികുറഞ്ഞ ഗ്രില്ലുമാണ് ഇത്തവണ അവതരിപ്പിക്കുന്നത്. മുന്‍ഭാഗത്തു കാണുന്നത്ര മാറ്റം പിന്നിലില്ലെങ്കിലും ടെയില്‍ ലൈറ്റുകളിലെ മാറ്റം ശ്രദ്ധേയമാണ്. എല്‍ഇഡി ഹൈഡ് ലൈറ്റുകളുടെ സവിശേഷതയും എടുത്തുപറയേണ്ടതാണ്. പലപ്പോഴും ഇതു ഫ്ളാഷ് ചെയ്ത് ഹോണ്‍ അടിക്കുന്നത് ഒഴിവാക്കാനാവും.
പുറമേയ്ക്കുള്ളത്ര മാറ്റങ്ങളില്ലെങ്കിലും ഉള്‍ഭാഗത്തും വ്യത്യാസങ്ങള്‍ കാണാം. സെന്‍ട്രല്‍ കണ്‍സോള്‍ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിയപ്പോഴും അടിസ്ഥാനപരമായ ഘടന അതേ രീതിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ഇന്‍ഫോടെയിന്‍മെന്റ് ഘടകങ്ങളില്‍ പ്രകടമായ മോടിപിടിപ്പിക്കലുമുണ്ട്. ശബ്ദം തിരിച്ചറിയുന്ന സംവിധാനം, മിററുമായി ഇവയെ ബന്ധിപ്പിക്കല്‍, പുതിയ ടച്ച് സ്ക്രീന്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ഇന്നോവ ക്രിസ്റ്റയോളം ആഡംബരം ഇല്ലെങ്കിലും ഈ വിഭാഗം കാറുകളുമായി താരതമ്യംചെയ്യുമ്പോള്‍ തികച്ചും തൃപ്തികരമാണിവയെല്ലാം എന്നുതന്നെ വേണം പറയാന്‍. ഡ്രൈവറുടെ സീറ്റ് ഇലക്ട്രോണിക് രീതിയില്‍ ക്രമീകരിക്കാനുള്ള സൌകര്യം, ക്യ്രൂസ് കണ്‍ട്രോള്‍, മുന്‍ പതിപ്പിലെ പോലെതന്നെ വിശാലമായ സ്ഥലസൌകര്യം എന്നിവയെല്ലാം പുതിയ ആള്‍ട്ടീസിലും ശ്രദ്ധേയമാണ്.
പെട്രോളില്‍ 1.8 ലിറ്റര്‍ എന്‍ജിനില്‍ നാലു മോഡലും ഡീസലില്‍ 1.4 ലിറ്റര്‍ എന്‍ജിനുമായി രണ്ട് മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് 15.42 ലക്ഷം രൂപമുതല്‍ 23.01 ലക്ഷം രൂപവരെയും ഡീസല്‍ മോഡലുകള്‍ക്ക് 17.05 ലക്ഷം രൂപമുതല്‍ 22.45 ലക്ഷം രൂപവരെയുമാണ് കൊച്ചിയിലെ വില. പെട്രോള്‍ മോഡലുകള്‍ക്ക് 173 എന്‍എം ടോര്‍ക്കില്‍ 4000 എച്ച്പി കരുത്താണുള്ളത്. ഡീസല്‍ മോഡലുകള്‍ക്ക് 205 എന്‍എം ടോര്‍ക്കില്‍ 2800 എച്ച്പി കരുത്തുമുണ്ട്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 138 ബിഎച്ച്പി ശേഷിയോടെയും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 87 ബിഎച്ച്പി ശേഷിയോടും കൂടിയാണ് എത്തുന്നത്. മുന്‍പതിപ്പുകളെ അപേക്ഷിച്ച് ചെറിയതോതില്‍ ഇന്ധനക്ഷമതാ വര്‍ധനയും ഇവയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പുകളാണ് കൊറോള ആള്‍ട്ടീസില്‍ അവതരിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..