05 June Monday

സിട്രൻ സി3

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

ഫ്രെഞ്ച് കാർ നിർമാതാക്കളായ സിട്രൻ 2021ൽ ഇന്ത്യയിൽ കാൽവച്ചത് സി5 എയർക്രോസ്സ് എന്ന 33 ലക്ഷം രൂപ വിലയുള്ള എസ്‌യു‌വിയുമായിട്ടായിരുന്നു! ഒരു പ്രീമിയം കാറിന്റെ നിലവാരം പുലർത്തുകയും എല്ലാതലത്തിലും നല്ല അഭിപ്രായം നേടുകയും ചെയ്ത സി5നുശേഷം സിട്രൻ എസ്‌യു‌വി സ്റ്റൈലിങ്ങിൽ ഡിസൈൻ ചെയ്‌തുകൊണ്ടുവരുന്ന ഹാച്ച് ബാക്ക് ആണ് സി3!

സാമ്പ്രദായികമല്ലാത്ത ഡിസൈൻ കോൺസെപ്റ്റ് ആണ് സി3ക്ക്‌ സിട്രൻ കൊടുത്തിരിക്കുന്നത് എങ്കിലും വളരെ ആകർഷകവും ആഡംബര കാറാണ് എന്നുതോന്നുന്ന രീതിയിലുമാണ് സ്റ്റൈലിങ്! മുന്നിലുള്ള ലോഗോയിൽനിന്ന്‌ ഹെഡ് ലാമ്പുവരെ നീളുന്ന ഇരട്ട ക്രോം ലൈനിങ് ലാമ്പിന് മുകളിലും താഴെയുമുള്ള ഡി‌ആർ‌എല്ലിലേക്ക് യഥാക്രമം തിരിഞ്ഞ്‌ ആകർഷകമായ ഡിസൈനിൽ എത്തിനിൽക്കുന്നു. സ്കിഡ് പ്ലേറ്റ് എന്നുതോന്നുന്ന സിൽവർ പ്ലേറ്റ് ബംപറിന്റെ ഏറിയഭാഗവും കവർ ചെയ്‌ത് അറ്റങ്ങളിൽ കറുത്ത ഹൗസിങ്ങിന് ചുറ്റും ഓറഞ്ച് ലൈനിങ് ഉള്ള ഹാലൊജൻ ഫോഗ് ലാമ്പ്. ഗ്രില്ലിനെ രണ്ടായി പകുക്കുന്ന പ്ലാസ്റ്റിക് ബീമിൽ നമ്പർപ്ലേറ്റ് ചേർത്തിരിക്കുന്നു. 15 ഇഞ്ച് മെറ്റൽ വീൽ സ്റ്റാൻഡേർഡായും ആകർഷകമായി ഡിസൈൻ ചെയ്ത ഡയമണ്ട് കട്ട് അലോയ് വീൽ ആക്സസറിയായും കിട്ടുന്നു. ഇതൊരു കോസ്റ്റ് കട്ടിങ്ങിന്റെ ഭാഗമായി തോന്നാം. ഹെഡ് ലാമ്പിൽനിന്നും ടെയ്ൽ ലാമ്പിൽനിന്നും കൊടുത്തിരിക്കുന്ന സ്കൂപ് വശങ്ങൾക്ക് സ്ട്രോങ് ലുക്ക് കൊടുക്കുന്നു. ഫ്ലാപ് ഡോർ ഹാൻഡിലും അതിനുതാഴെയുള്ള താക്കോൽകുഴിയും മാത്രമാണ് മോശമായി കാണുന്നത്. വളരെ സിമ്പിളായ ഡിസൈൻ ആണ് പിന്നിൽ., മൂലകളെ കവർ ചെയ്തിരിക്കുന്ന ത്രിമാന ടെയ്ൽ ലാമ്പ്, സിട്രൻ ലോഗോ, ബൂട്ട് ലിട് വരെ എത്തുന്ന കറുത്ത ബംപർ എന്നിവ ചേർന്ന് ഭംഗിയാക്കുന്നു. ഓറഞ്ച് റൂഫിൽ കറുത്ത സ്കീ റെയിലിങ് കാറിനെ സ്പോർട്ടിയാക്കുന്നു.

അകത്തിരിക്കുമ്പോൾ ചില കാര്യങ്ങളിൽ ഒരു വില ഇട്ടതിനുശേഷം അതനുസരിച്ച് നിർമിച്ചതാണോ എന്ന തോന്നലുണ്ടാകും എന്നാൽ, മറ്റ് ചില കാര്യങ്ങളിൽ നേരെ മറിച്ചും! ഉദാഹരണത്തിന്, റൂഫിന്റെ നിറത്തിൽ ഡാഷ് ബോർഡിൽ കൊടുത്തിരിക്കുന്ന ആക്സെന്റ്‌ നല്ല നിലവാരം പുലർത്തുന്നതാണ് എന്നാൽ, എയർ വെന്റിലും നോബുകളിലും ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്  ഗുണനിലവാരം കുറഞ്ഞതാണ്! മുന്നിലെയും പിന്നിലെയും  സീറ്റുകൾ സപ്പോർട്ട് ഉള്ളതും സ്ഥലസൗകര്യവും  സുഖപ്രദവും ആണെങ്കിൽ ഹെഡ് റെസ്റ്റ് അഡ്ജസ്റ്റബിൾ അല്ല. 10 ഇഞ്ച് ഇൻഫോടൈൻമെന്റ്‌ സിസ്റ്റത്തിൽ വയർലെസ് ആപ്പിൾ കാർ പ്ലേ, അന്ദ്റോയിട് ഓട്ടോ ഫീച്ചറുകൾ ഉണ്ട്. എന്നാൽ, ഇൻസ്ട്രമെന്റ്‌ ക്ലസ്‌റ്റർ എന്നു പറയാൻ ചതുരത്തിലുള്ള ചെറിയോരു സ്ക്രീൻ മാത്രമാണ്. പിന്നിലെ വിൻഡ് ഷീൽഡിൽ ഡീഫോഗ്ഗറും വൈപ്പറും ഇല്ല, വശങ്ങളിലെ കണ്ണാടി മാന്വലായി അഡ്ജസ്റ്റ് ചെയ്യണം എന്നിങ്ങനെ ഫീച്ചറുകളുടെ കാര്യത്തിൽ സി3 എതിരാളികളിൽനിന്ന്‌ പിന്നിലാണ്.

എൻജിന്റെ കാര്യത്തിൽ സിട്രൻ യാതൊരുവിധ വിട്ടുവീഴ്ചയും സി3യിൽ വരുത്തിയിട്ടില്ല. രണ്ട് എൻജിൻ വേരിയന്റുകളിൽ ലഭ്യമാണ്. 1.2 ലിറ്റർ നാച്വറലി ആസ്പിറേറ്റഡ് എൻജിനും 109 ബി‌എച്ച്‌പിയും 190 ന്യൂട്ടൻ മീറ്റർ ടോർക്കും പുറപ്പെടുവിക്കുന്ന 3 സിലിണ്ടർ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനുമാണ് സി3ക്ക്‌ ഊർജം പകരുന്നത്. ഈ എൻജിനെ 6 സ്പീഡ് മാന്വൽ ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ഗീയർ ഷിഫ്‌റ്റ്‌ ഉള്ള കാറുകൾ വിറ്റഴിയുന്ന ഇക്കാലത്ത് ഓട്ടോമാറ്റിക് വേരിയന്റ്‌ ഇല്ലാതിരിക്കുന്നത് ബുദ്ധിമോശമാണ്. എതിരാളികളെ കണക്കിലെടുക്കുമ്പോൾ ഈ എൻജിൻ സെഗ്‌മെന്റിൽ ബെസ്റ്റ് ആണ്. നല്ല പിക്കപ്, സ്മൂത്ത് ഗീയർഷിഫ്റ്റ്, നല്ല റൈഡ് ക്വാളിറ്റി എന്നിവ സി3യെ സെഗ്‌മെന്റിൽ മുന്നിലെത്തിക്കുന്നു. 3 സിലിണ്ടർ എൻജിനിൽ സാധാരണ ഉണ്ടാകുന്ന വിറയൽ സി3യിൽ ഇല്ല എന്നുള്ളത് പ്രത്യേകതയാണ്. എ‌ആർ‌എ‌ഐ സർട്ടിഫൈ ചെയ്ത ഇന്ധനക്ഷമത 19.4 കിലോമീറ്റർപ്രതി ലിറ്റർ ആണ്.

സിട്രൻ സി3യുടെ വില വെളിപ്പെടുത്തിയിട്ടില്ല, അതിനായി ജൂലൈ 20 വരെ കാത്തിരിക്കണം. ജൂലൈ ഒന്നുമുതൽ ബുക്കിങ് ആരംഭിക്കുന്ന സി3യുടെ വില സിട്രൻ വളരെ ശ്രദ്ധയോടെ ഇടുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top