25 September Monday

കാർവായ്‌പ എടുക്കാൻ വേണം തയാറെടുപ്പ്‌

പി ജി സുജUpdated: Sunday May 27, 2018

 കാര്‍ വാങ്ങാനുള്ള വായ്പ ലഭിക്കുകയെന്നത് ഇന്ന് എളുപ്പമാണ്. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ അതു ലഭിക്കും. പക്ഷേ, ഒരു വാഹന വായ്പ എടുക്കും മുന്‍പ് ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. വായ്പയെടുത്തു നിങ്ങള്‍ വാങ്ങുന്ന കാറിനെ ഒരു ആസ്തിയായി ഒരിക്കലും കാണരുത്. ആവര്‍ത്തന ചെലവുകള്‍ വരുത്തുന്ന ഒരു ബാധ്യതയായി തന്നെ വേണം അതിനെ കാണുവാന്‍. അതു കൊണ്ടു തന്നെ സ്വന്തം ആവശ്യത്തിനായി വാങ്ങുന്ന കാറിനുള്ള വായ്പയ്ക്കും അതേ പരിഗണന തന്നെയാവണം നല്‍കേണ്ടത്.

ഇങ്ങനെ വാഹന വായ്പ എടുക്കുമ്പോള്‍ നല്‍കുന്ന ഡൗണ്‍ പെയ്‌മെന്റ് നിങ്ങളുടെ കഴിവനുസരിച്ച് ഏറ്റവും ഉയര്‍ന്നതാവുന്നതാണ് നല്ലത്. വലിയ തുകയുടെ വാഹന വായ്പയും അതനുസരിച്ചുള്ള ഉയര്‍ന്നപ്രതിമാസ തവണകളും ഇവിടെ ഒഴിവാക്കാം. അതായത് ഭവന വായ്പ എടുക്കുമ്പോള്‍ കൈക്കൊള്ളേണ്ട സമീപനമായിരിക്കരുത് കാര്‍ വായ്പയുടെ കാര്യത്തിലും അതിന്റെ ഡൗണ്‍ പെയ്‌മെന്റിലും കൈക്കൊള്ളേണ്ടതെന്നു ചുരുക്കം.

വാഹന വായ്പ നല്‍കാന്‍ ബാങ്കുകള്‍ തീരുമാനിക്കുന്നത് അവരുടേതായ വിലയിരുത്തലുകള്‍ക്കു ശേഷമാണ്‌. അതേ രീതിയില്‍ തന്നെ നിങ്ങളും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്തണം. സാമ്പത്തിക ഘടകങ്ങളേക്കാള്‍ മറ്റു പല ഘടകങ്ങളുടേയും പേരിലാണല്ലോ നാമെല്ലാവരും കാര്‍ വാങ്ങുന്നത്. സോഷ്യല്‍ സ്റ്റാറ്റസ് അടക്കം പല ഘടകങ്ങളും അതിനു പിന്നിലുണ്ടാകും എന്നത് വാസ്തവം. അതെല്ലാം കണക്കിലെടുത്ത് കാര്‍ വാങ്ങുമ്പോള്‍ അതിനായുള്ള വായ്പ തിരിച്ചടക്കുന്ന കാര്യത്തില്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം വേണം. ഇഎംഐഅടക്കുന്ന കാര്യം മാത്രമായിരിക്കരുത് ഇങ്ങനെ സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ കണക്കിലെടുക്കുന്നത്. ഓരോ മാസവും പെട്രോളിനു വേണ്ടി വരുന്ന തുക മുതല്‍ വര്‍ഷം തോറുമുള്ള ഇന്‍ഷൂറന്‍സും ആകസ്മികമായി വന്നേക്കാവുന്ന അറ്റകുറ്റപ്പണികളുമെല്ലാം ഇവിടെ കണക്കിലെടുക്കണം. അതനുസരിച്ചുള്ള വകയിരുത്തലുകളാവണം സാമ്പത്തിക ആസൂത്രണത്തില്‍ പരിഗണിക്കേണ്ടത്.
ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വാഹന വായ്പയ്ക്കുള്ള യോഗ്യത നിശ്ചയിക്കുന്നത്‌ അവരുടേതായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. എത്രത്തോളം വായ്പയാകാമെന്ന്‌ തീരുമാനിക്കുന്നതിന് ഉപഭോക്താവും ചില മാനദണ്ഡങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട്. അതിനായി നിങ്ങളുടെ വരുമാനത്തിന് വഴങ്ങുന്ന വായ്പാ തുകയും മാസഗഡുവും നിശ്ചയിക്കേണ്ടതുണ്ട്. വായ്പയെടുക്കുന്നയാളുടെ വരുമാനവും തിരിച്ചടവ് ശേഷിയും പരിഗണിച്ച്‌ കാറിന്റെ വിലയുടെ 85 ശതമാനം വരെയാണ് സാധാരണ ബാങ്കുകള്‍ വായ്പ അനുവദിക്കുന്നത്. എന്നാല്‍അത്രയും തുകയുടെ വായ്‌പ നിങ്ങൾ എടുക്കണമെന്നില്ല. ഇക്കാലത്ത്‌ കാറിനായി എത്ര തുക ചെലവഴിക്കാമെന്നുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ ആശയക്കുഴപ്പം നേരിടുകസ്വാഭാവികമാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ സോഷ്യല്‍ സ്റ്ററ്റസ് അടക്കമുള്ളവ കാര്‍ തിരഞ്ഞെടുക്കുമ്പോള്‍ വലിയ സ്വാധീനം ചെലുത്തും. എങ്കില്‍ തന്നേയും  കാറിന്റെ വലിപ്പം കൂടുതിനനുസരിച്ച് ഇന്ധനത്തിനും പരിപാലനത്തിനുമുള്ള ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിക്കും എന്നു മറക്കേണ്ട.

കാര്‍ വായ്‌പയുടെ ഇഎഐ  ഒരിക്കലും മാസവരുമാനത്തിന്റെ 20 ശതമാനത്തില്‍ ഏറരുത്.  ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മാസവരുമാനമുണ്ടെങ്കില്‍ നിങ്ങളുടെ വാഹന വായ്പയുടെ പ്രതിമാസ ഗഡു 20,000 രൂപയില്‍ കൂടരുത്. സമീപ ഭാവിയില്‍ ഭവന വായ്പ എടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ അതിന്റെ തിരിച്ചടവിനുള്ള പ്രതിമാസ ഗഡു എത്രത്തോളം വരുമെന്നതു കൂടി കണക്കിലെടുത്ത് മാത്രമേ എത്ര തുക കാര്‍ വായ്പയായി എടുക്കണമെന്ന്‌ തീരുമാനിക്കാവൂ. നിലവിലുള്ള വായ്പയുടെ പ്രതിമാസ ഗഡു കൂടുതലാണെങ്കിൽ അത് നിങ്ങളുടെ ഭവന വായ്പാ യോഗ്യതയെ ബാധിക്കും. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന തുക ഭവന വായ്പയായി ലഭിക്കണമെങ്കില്‍ കാര്‍ വായ്പ നേരത്തെ അടച്ചു തീര്‍ക്കേണ്ടി വരും. അത് അധിക സാമ്പത്തിക ബാധ്യതയാവും വരു ത്തി വെക്കുക.
ഏറ്റവും കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കില്‍ നിന്നു വായ്പയെടുക്കാനാകും ഏതൊരു ഉപഭോക്താവും താല്‍പര്യപ്പെടുക. പലിശ നിരക്കിനു പുറമേ പ്രോസസിംഗ് ഫീ, പ്രീപേമെന്റ് ചാര്‍ജ് എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്. കാര്‍ വായ്പ  അടച്ചു തീര്‍ക്കുമ്പോള്‍ ചില ബാങ്കുകള്‍ മൊത്തം വായ്പാ തുകയുടെ 45 ശതമാനം പ്രീ പേമെന്റ് ചാര്‍ജായി ഇടാക്കാറുണ്ട്.  ചില ബാങ്കുകള്‍ ഇത്തരം ചാര്‍ജുകള്‍ ഈടാക്കുില്ല. കാര്‍ വായ്പ മുന്‍കുർ അടച്ചു തീര്‍ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെങ്കില്‍ പ്രീ പേമെന്റ് ചാര്‍ജില്ലാത്ത ബാങ്കില്‍ നിന്നു വായ്പയെടുക്കുന്നതാണ് ഉചിതം.

വായ്പയുടെ പ്രോസസിംഗ് ഫീ ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും.  രണ്ട് ബാങ്കുകള്‍ ഒരേ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുതെങ്കില്‍ ഇവയില്‍ കുറ ഞ്ഞ പ്രോസസിംഗ് ഫീ ഏത് ബാങ്കിനാണെ് പരിശോധിക്കുക. +നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ജോലിയും പ്രായവുമെല്ലാം പരിഗണിച്ച് ഉയര്‍ന്ന കാലയളവിലേക്കു വാഹന വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുമെങ്കിലും കുറഞ്ഞ കാലത്തേക്കുള്ള വാഹന വായ്പ എടുക്കുന്നതായിരിക്കും നല്ലത്. എത്രത്തോളം ആസൂത്രണം നടത്തിയാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ വായ്പാ തിരിച്ചടവിനു ബുദ്ധിമുട്ടുണ്ടായേക്കാം. എങ്ങനേയും ഇഎംഐ അടക്കുക എന്നതായിരിക്കണം അത്തരം ഘട്ടങ്ങളില്‍ കൈക്കൊള്ളേണ്ട സമീപനം. പക്ഷേ, ഇതിനു മുടക്കം വരുന്ന സ്ഥിതിയാണെങ്കില്‍ ബാങ്ക് അധികൃതരുമായി സംസാരിച്ച് ഒരു പോംവഴി കണ്ടെത്തുന്നതായിരിക്കും ഉചിതം. വായ്പ റീ ഷെഡ്യൂള്‍ ചെയ്യുകയോ റീ ഫിനാന്‍സ് ചെയ്യുകയോ അടക്കമുള്ള സാധ്യതകളും അറ്റകൈ പ്രയോഗം എന്ന രീതിയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിലേക്കൊന്നും പോകാതെ മുടങ്ങിയ തവണകളില്‍ കുറച്ചെങ്കിലും അടച്ച് വരും മാസങ്ങളില്‍ സ്ഥിതിഗതി മെച്ചപ്പെടുത്തുന്നതാവും കൂടുതല്‍ അഭികാമ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top