ഇന്ത്യൻ നിരത്തുകളിൽ ഒഴുകിനടക്കാൻ മറ്റൊരു ഹാച്ച്ബാക്കായി ഗ്ലാൻസയെത്തി. ഗ്ലാൻസ പിറന്നത് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ കുടുംബത്തിലാണെങ്കിലും അതിന് പിന്നിൽ പുറത്തുനിന്നൊരു കൂട്ടുകെട്ടിന്റെ കഥയുണ്ടെന്നതാണ് നേര്. നേരെ പറഞ്ഞാൽ, മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഗ്ലാൻസയ്ക്ക് ജന്മം കൊടുത്തിരിക്കുന്നത്. അതായത് സുസുക്കി ടൊയോട്ട സഖ്യത്തിൽ നിരത്തിലെത്തിയിരിക്കുന്ന ആദ്യ കാറാണ് ടൊയോട്ട ഗ്ലാൻസ. ഒറ്റ വാക്കിൽ പറഞ്ഞാൽ ബലേനോയുടെ ടൊയോട്ട പതിപ്പാണ് ഗ്ലാൻസ.
മാരുതിയുടെ ജനപ്രീതിയിൽ പ്രസിദ്ധനായ ബലേനോ ടൊയോട്ടയിൽ ഗ്ലാൻസയായി ഇറങ്ങുമ്പോൾ സുസുക്കിയുമായുള്ള സഖ്യം അത്രമേൽ ശക്തമായതിനാൽ ഏതാണ്ട് ബലേനോയുടെ രൂപത്തിലും ഭാവത്തിലും വലിപ്പത്തിലുമൊക്കെ തന്നെയാണ് ടൊയോട്ട ഗ്ലാൻസയെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് കാറുകളും തമ്മിൽ ഒത്തുനോക്കിയാൽ പ്രത്യക്ഷത്തിൽ ഏതാണ്ട് ഒന്നുതന്നെയാണെന്ന് തോന്നും. ഗ്ലാൻസയുടെ സ്റ്റിയറിങ്ങിലെ ടൊയോട്ടയുടെ എംബ്ലം, ഗ്രില്ലിൽ വന്നിരിക്കുന്ന മാറ്റം പോലുള്ള ചെറിയ കാര്യങ്ങൾ മാത്രമാണ് വേറിട്ട് നിൽക്കുന്നതായുള്ളത്.
രണ്ട് വകഭേദങ്ങളിലാണ് ഗ്ലാൻസ എത്തിയിരിക്കുന്നത്, ഗ്ലാൻസ ജിയും ഗ്ലാൻസ വിയും. അതാകട്ടെ ബലേനോയുടെ ആൽഫ, സീറ്റ എന്നിവയുടെ അടിസ്ഥാനത്തിലുള്ളതുമാണ്. രണ്ടും മാന്വൽ ഗിയർ ബോക്സിലും സിവിടി ഗിയർബോക്സിലും ലഭ്യമാക്കുന്നുമുണ്ട്. രണ്ടുതരം പെട്രോൾ എൻജിനുകളിലാണ് ഗ്ലാൻസയുള്ളത്. 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലിറ്റർ കെ 12ബിയും 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള കെ 12സി ഡ്യുവൽ ജറ്റും.
എബിഎസ്, ഡ്യുവൽ എയർബാഗ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയോട് കൂടിയ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനം, റിയർ പാർക്കിങ് സെൻസർ, റിയർ ഡീഫോഗർ, സ്പീഡ് വാർണിങ്, അലോയ് വീൽ തുടങ്ങിയവ ഗ്ലാൻസയിൽ ലഭ്യമാകും. ഗേമിങ് ഗ്രേ, സ്പോർട്ടിൻ റെഡ്, ഇൻസ്റ്റാ ബ്ലൂ, എൻടിക്റ്റിങ് സിൽവർ, കഫെ വൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. 7.22 ലക്ഷം രൂപ മുതൽ 8.90 ലക്ഷം രൂപവരെയാണ് ഗ്ലാൻസയ്ക്ക് ടൊയോട്ട എക്സ് ഷോറൂം വിലയിട്ടിരിക്കുന്നത്.