08 June Thursday

ബജാജ് പൾസർ 250!

സുരേഷ് നാരായണൻUpdated: Wednesday Nov 10, 2021

2001ലാണ്‌ ബജാജ് ആദ്യമായി പൾസർ വിപണിയിൽ ഇറക്കിയത്. 150സി‌സി, 180സി‌സി എന്നിങ്ങനെ രണ്ട്‌ വേരിയന്റുകളിൽ ലഭ്യമായിരുന്ന പൾസറിന് ഏറെ താമസിയാതെതന്നെ കൾട്ട് സ്വഭാവമുള്ള ഉപയോക്താക്കളെ ഉണ്ടാക്കാൻ കഴിഞ്ഞു. ഒരുവിധത്തിൽ പറഞ്ഞാൽ ബജാജ് ഓട്ടോയെ ലോകഭൂപടത്തിലേക്ക് എത്തിക്കാൻ പൾസർ വഹിച്ച പങ്ക് സിംഹഭാഗമാണ്. ബജാജ് ഓട്ടോയെ ‘ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യനാ’ക്കിയ പൾസർ ഇപ്പോഴിതാ 250സി‌സിയിൽ അവതരിക്കുന്നു. കാൽലിറ്റർ ക്ലാസിലേക്ക് മുന്നേറുന്ന ബജാജ് പൾസറിന്റെ വിശേഷങ്ങൾ അറിയാം.

250എഫ്, 250എൻ എന്നിങ്ങനെ രണ്ടു ഡിസൈൻ വേരിയന്റുകളിലാണ് പൾസർ 250 എത്തുന്നത്. നിലനിൽക്കുന്ന പൾസർ 220ൽനിന്ന്‌ ചെറിയ ഡിസൈൻമാറ്റങ്ങൾമാത്രമാണ് വരുത്തിയിരിക്കുന്നത്. കടുത്ത മാറ്റങ്ങൾ പൾസറിന്റെ ഇമേജിനെ ബാധിക്കുമെന്നാണ് ബജാജ് വിശ്വസിക്കുന്നത്. അത് ഏറെക്കുറെ ശരിയുമാണ്‌. ഈ രണ്ടു പൾസറുകൾ തമ്മിലുള്ള ഡിസൈൻ വ്യത്യാസം മുൻവശത്തുമാത്രമാണ്. 250എഫ് വൈസറുള്ള പകുതി ഫെയറിങ്ങോടുകൂടിയതാണെങ്കിൽ 250എൻ നേക്കഡാണ്. പ്രോജക്റ്റർ ഹെഡ് ലൈറ്റിൽ ഡി‌ആർ‌എൽ ഡിസൈനിൽ വ്യത്യാസമുണ്ട്. 250എന്നിൽ ഡി‌ആർ‌എലും ഹെഡ് ലാമ്പും ചേർന്ന് ബൈക്കിന് ഒരു മാഫിയലുക്ക് കൊടുക്കുന്നു. പ്രത്യേകിച്ച് ഗ്രേ ബോഡി കളറിൽ. ഇൻസ്ട്രമെന്റ്‌ ക്ലസ്റ്റർ പകുതി ഡിജിറ്റലും പകുതി അനലോഗുമാണ്‌. 250എന്നിൽ ഒരു ഇൻഫിനിറ്റി പൂൾ എഫെക്റ്റാണ്‌ കൊടുത്തിരിക്കുന്നത്. 250എഫിൽ ക്ലിപ്പ് ഓൺ ഹാൻഡിലാണുള്ളത്. മുന്നിലെ ഇത്രയും വ്യത്യാസം ഒഴിച്ചാൽ  രണ്ടു ഡിസൈനുകളും പിന്നിലേക്ക് സാരൂപ്യമാണ്. 14 ലിറ്റർ ഇന്ധനം ഉൾക്കൊള്ളാൻ കഴിവുള്ള വലിയ ടാങ്ക്, സൈഡ് പാനലുകൾ, പിന്നിൽ വലിയ സ്‌പ്ലിറ്റ് സീറ്റ്, മസിൽ ബൾജുള്ള റിയർ പാനൽ, തലതിരിഞ്ഞ ബൂമറാങ് പോലെയുള്ള ടെക്‌സ്ചർ കൊടുത്ത ടെയിൽ ലാമ്പ്, പുകക്കുഴൽ മുതലായവ പുതുമയുള്ളതാണ്. വ്യക്തിപരമായി എനിക്ക്‌ നേക്കഡ് ഡിസൈനാണ് ഇഷ്ടം, ഹാൻഡിൽ തിരിച്ചാലും നേരെതന്നെ നിൽക്കുന്ന ഫെയറിങ്ങിനോട് എനിക്ക്‌ താൽപ്പര്യക്കുറവുണ്ട്. പഴയ പൾസറിന്റെ രൂപസാദൃശ്യം കാരണമായിരിക്കാം ഒരു പുതിയ ബൈക്ക് കാണുമ്പോൾ ഉണ്ടാകുന്ന പ്രത്യേക ശ്രദ്ധ വഴിപോക്കരിൽനിന്ന്‌ കിട്ടാതിരുന്നത്. 

പുതിയ പൾസറിന് 10ൽ 10 മാർക്കും കൊടുക്കേണ്ടത് എൻജിൻ റെഫൈൻമെന്റിനും സസ്‌പെൻഷനുമാണ്. ഇത്രയുംകാലം ഇറങ്ങിയ പൾസറുകളിൽ ഏറ്റവും റിഫൈൻ ചെയ്ത എൻജിനാണ് ഈ 250സി‌സി എൻജിൻ.  പഴയ എൻജിനുകളെ അവലംബിക്കാതെ പുതിയ എൻജിൻ വികസിപ്പിച്ചതായിരിക്കാം ഈ റിഫൈൻമെന്റിന് കാരണം. ഈ എൻജിന്റെ എക്‌സ്ഹോസ്റ്റ് നോട്ടിലുണ്ടായ മാറ്റം ഇതിന്റെ പരിണതഫലമാണെന്നു പറയാം.  വ്യക്തിപരമായി പറയുകയാണെങ്കിൽ ഇതിനുമുമ്പ്‌ ഇറങ്ങിയ എല്ലാ പൾസറുകളുടെയും എക്സ്ഹോസ്റ്റ് സൗണ്ടിന് ഇവിടെ എഴുതാൻ പറ്റാത്ത ഒരു വിശേഷണമാണ് ഞാൻ കൊടുത്തിരുന്നത്. എന്നാലിപ്പോൾ ഏറ്റവും നല്ല സൗണ്ടുള്ള പൾസർ ഇതാണെന്നു പറയാതിരിക്കാൻ വയ്യ. 8750 ആർ‌പി‌എമ്മിൽ 24.5 പി‌എസ് പവർ ഉൽപ്പാദിപ്പിക്കുന്ന ഈ 249 സി‌സി എൻജിന്റെ ടോർക് 6500 ആർ‌പി‌എമ്മിൽ 21.5 ന്യൂട്ടൻ മീറ്ററാണ്. കൂടിയ ആർ‌പി‌എമ്മിലേക്ക് പോകാതെതന്നെ മധ്യത്തിലുള്ള പവർ ഡെലിവറിയാണ് ഉപയോക്താക്കളെ പൾസറിലേക്ക് ആകർഷിക്കുന്നത്. ഈ എൻജിനെ 5 സ്പീഡ് ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്നിലെ ടെലിസ്കോപിക് ഫോർക്കും പിന്നിലെ മോണോഷോക്ക് സസ്‌പെൻഷനും ചേർന്ന് എല്ലാത്തരം ഷോയ്ക്കുകളും വലിച്ചെടുത്ത് യാത്രക്കാരന്റെ നടുവിലേക്ക് എത്തിക്കാതെ പൾസർ 250യിലെ യാത്ര സുഖകരമാക്കുന്നു. ബജാജ് അവകാശപ്പെടുന്നതുപോലെ ‘മായം ചേർക്കാത്ത ത്രിൽ’ പ്രദാനം ചെയ്യാൻ 250 പൾസറിന് സാധിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല.

ബജാജ് പൾസർ 250എൻ, 250എഫ് എന്നിവയുടെ എക്സ് ഷോറൂം വില യഥാക്രമം 1.38 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ്. 250 പൾസറിന്റെ ഒരു കണക്‍റ്റഡ് വേരിയന്റുമായി ഏറ്റവും അടുത്ത ഭാവിയിൽ ബജാജ് വരുമെന്ന് പ്രതീക്ഷിക്കാം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top