07 October Monday

സുനിത എന്ന് മടങ്ങി വരും

വി പി ബാലഗംഗാധരൻUpdated: Sunday Aug 25, 2024

സുനിതയും ബുച്ച്‌ വിൽമോറും

സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ പെട്ടുപോയോ.  തിരിച്ചുവരവ്  അടുത്ത വർഷം ഫെബ്രുവരി അവസാനം വരെ നീണ്ടുപോയേക്കാമെന്നും സൂചനയുണ്ട്‌. എട്ടു ദിവസത്തേക്ക് യാത്ര പോയ ഒരാൾ എട്ടുമാസം കഴിഞ്ഞേ തിരിച്ചു വരൂ എന്നു പറയുമ്പോഴാണ്‌ നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങളുടെ രൂക്ഷത വ്യക്തമാവുക.  അവർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തയും വന്നിരിക്കുന്നു.

തിരിച്ചുവരവിന് താമസമുണ്ട് എന്നത് ശരിയാണ്. അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന്‌ നാസയും പറയുന്നു. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതയും ബുച്ച്‌ വിൽമോറും ജൂൺ 5നാണ്‌ ബഹിരാകാശ നിലയത്തിലേക്ക്‌ പുറപ്പെട്ടത്‌.     ബോയിങ്‌ സ്റ്റാർ ലൈനർ പേടകത്തിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ ആശങ്ക വിതച്ച്‌ പേടകത്തിന്‌ ഗുരുതര തകരാർ ഉണ്ടായെങ്കിലും 6ന്‌ നിലയത്തിൽ എത്താനായി. ഈ തകരാറുകൾ പരിഹരിച്ചാലേ അതിൽ തിരിച്ചുവരാൻ കഴിയു.  സ്റ്റാർ ലൈനറിൽ തിരിച്ചുവരാൻ പറ്റിയില്ലെങ്കിൽ സ്പേയ്‌സ്‌ എക്സിന്റെ ഡ്രാഗൺ  വാഹനത്തിൽ മടങ്ങി വരാം. സുനിതയ്‌ക്കാണെങ്കിൽ ബഹിരാകാശ നിലയത്തിൽ ദീർഘകാലം  താമസിച്ച്  നല്ല പരിചയവുമുണ്ട്. 

ബോയിങ്‌ കമ്പനിയുടെ സ്റ്റാർ ലൈനർ പേടകത്തിന്റെ  പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. 8 ദിവസം  ദൈർഘ്യമുള്ള ഈ പരീക്ഷണ ദൗത്യം സ്റ്റാർ ലൈനർ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു. പേടകത്തിലെ  ചില ചെറു റോക്കറ്റുകളിൽ പ്രശ്നം കണ്ടു.  വിക്ഷേപണം നീട്ടിവയ്‌ക്കാൻ പോലും കാരണമായ ഹീലിയം വാതകത്തിന്റെ ചോർച്ച വീണ്ടും പ്രശ്നംസൃഷ്ടിച്ചു. ഈ തകരാറുകൾ പരിഹരിക്കുന്നതുവരെ സ്റ്റാർ ലൈനറിലെ യാത്ര അസാധ്യം. സ്റ്റാർ ലൈനർ സുരക്ഷിതമല്ലെങ്കിൽ സുനിതയെയും വിൽമോറിനെയും കയറ്റാതെ പേടകത്തെ  മാത്രം തിരിച്ചുകൊണ്ടുവരാം.  എന്നാൽ അത് സ്റ്റാർ ലൈനർ  പരീക്ഷണദൗത്യത്തിന്റെ  പരാജയം ആയിരിക്കും. അങ്ങനെയായാൽ അവർ രണ്ടുപേരും സ്പേയ്‌സ് എക്സിന്റെ പേടകത്തിൽ തിരിച്ചുവരണം. അത് അൽപ്പം സമയം എടുക്കും എന്നു മാത്രം.

ചരിത്രം

2017 ൽ പരീക്ഷിക്കാൻ ഉദ്ദേശിച്ച  ബോയിങ്ങിന്റെ ബഹിരാകാശ പേടകമാണ് സ്റ്റാർ ലൈനർ. 2019 ലും 2022ലും ഈ പേടകത്തിന്റെ മനുഷ്യനില്ലാ  യാത്രകൾ പൂർത്തിയാക്കിയതാണ്. ഈ വർഷം മെയ് ഏഴിന്‌ അറ്റ്‌ലസ്‌ 5  എന്ന കൂറ്റൻ  റോക്കറ്റിൽ  മനുഷ്യരെയും കൊണ്ടുള്ള ബഹിരാകാശനിലയ  യാത്ര നിശ്ചയിച്ചിരുന്നതാണ്.  ഹീലിയം ചോർച്ച  കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപ്രാവശ്യം വിക്ഷേപണം മാറ്റിയിരുന്നു. വിക്ഷേപണത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ഇവ. സുനിതയും  വിൽമോറും എത്തിയതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ളവരുടെ എണ്ണം 9 ആയി. നിലയത്തിലെ സൗകര്യങ്ങളും പരിമിതമാണ്‌. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ പ്രാവീണ്യമുള്ള മൈക്കിൾ ബാരറ്റ്  എന്ന ഒരു ഡോക്ടർ  അവരുടെ കൂട്ടത്തിൽ അവിടെയുണ്ട് എന്നതാണ്  ആശ്വാസം. ഭക്ഷണവും, മറ്റു അത്യാവശ്യ സാധനങ്ങളും ഭൂമിയിൽനിന്ന്‌  മുറയ്‌ക്ക് എത്തിക്കുന്നുമുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങൾ

ബഹിരാകാശത്ത്‌ ദീർഘകാലം കഴിയുന്നവർക്ക്‌  ആരോഗ്യ പ്രശ്നങ്ങൾ സ്വാഭാവികമാണ്‌.  പേടകത്തിൽ അണുബാധ, എല്ലുകൾക്കും മസിലുകൾക്കുമുണ്ടാകുന്ന പ്രശ്നങ്ങൾ, കണ്ണിനുണ്ടാകുന്ന അസുഖങ്ങൾ, വികിരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടും. ഇവയെല്ലാം നേരിടാനും അതിജീവിക്കാനുമുള്ള   സാങ്കേതിക സൗകര്യങ്ങൾ നിലയത്തിലുണ്ട്‌. ബഹിരാകാശ പേടകം എത്ര സുരക്ഷിതമാണെന്ന് പറഞ്ഞാലും അവിടെ  റേഡിയേഷന്റെ അളവ്  ഭൂമിയിൽ ഉള്ളതിനേക്കാൾ പത്ത്‌ മടങ്ങ്‌ കൂടുതലായിരിക്കും എന്നാണ് ഒരു കണക്ക്.

ഗുരുത്വാകർഷണം

ഗുരുത്വാകർഷണത്തിന്റെ  അഭാവത്തിൽ  അസ്ഥികളുടെ സാന്ദ്രത കുറയുന്നു എന്നതാണ് ബഹിരാകാശ സഞ്ചാരികളുടെ പ്രധാന പ്രശ്നം.  ഗുരുത്വാകർഷണം അനുഭവപ്പെടാത്ത അവസ്ഥ പേശികളുടെ അറ്റകുറ്റപ്പണികളെയും   സാരമായി ബാധിക്കും. ശരീരദ്രവത്തിലുള്ള  വ്യതിയാനങ്ങൾ ശരീരത്തിന്റെ  സന്തുലിതാവസ്ഥയിലും ഏകോപനത്തിലും മാറ്റങ്ങൾ വരുത്തും.  അവിടെ ഉണ്ടാകുന്ന  ഈ മാറ്റങ്ങളിൽ ചിലത് ഭൂമിയിൽ തിരിച്ചെത്തിയാൽ പോലും തുടരുന്നവയാണ്. എന്നാൽ  ഇതെല്ലാം  സുനിത വില്യംസ്  അവരുടെ നേരത്തെയുള്ള രണ്ട്  യാത്രകളിലൂടെ അതിജീവിച്ചതാണ്‌. ആ യാത്രകളിൽ  അവർ 322  ദിവസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിരുന്നു. 

അഞ്ച്‌ പേടകങ്ങൾ

ഇപ്പോൾ ബഹിരാകാശ നിലയത്തിൽ  അഞ്ചു പേടകങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ കൂടാതെ സ്പേയ്‌സ് എക്സിന്റെ എൻഡവർ (ക്രൂ -8)  പേടകം,  നിലയത്തിലേക്ക് സാധനം എത്തിക്കുന്ന രണ്ട് പേടകങ്ങൾ,  സോയൂസ് എംഎസ്‌ 25 ക്രൂ പേടകം  എന്നിവയാണ് ഇപ്പോൾ നിലയത്തിൽ ഡോക്ക് ചെയ്തിട്ടുള്ളത്‌. സ്പേയ്‌സ് എക്സിന്റെ ക്രൂ-8 പേടകത്തിൽ വേണമെങ്കിൽ സുനിതയ്‌ക്കും വിൽമോറിനും തിരിച്ചുവരാം എന്നതാണ് ഒരു സാധ്യത.

സ്പേയ്‌സ് എക്സിന്റെ പേടകത്തിൽ തിരിച്ചു വരാൻ അവരുടെ സ്പേയ്‌സ് സ്യൂട്ട്‌ അനുചിതമായിരിക്കും എന്നതാണ് മറ്റൊരു വിഷയം. ഓരോ പേടകങ്ങൾക്ക് ഓരോ തരം സ്യൂട്ടാണ് ഉപയോഗിക്കുന്നത്. സ്റ്റാർ ലൈനറിൽ യാത്ര ചെയ്യാനായി രൂപകൽപ്പനചെയ്‌ത സ്പേയ്‌സ് സ്യൂട്ട്,  സ്പേയ്‌സ് എക്സിന്റെ  പേടകത്തിൽ സഞ്ചരിക്കുന്നവർക്ക്‌ ഉപയോഗിക്കാനാകില്ല എന്നർഥം.  ഡ്രാഗൺ വാഹനത്തിൽ  ഉപയോഗിക്കാൻ അനുയോജ്യമായ സ്പേയ്‌സ് സ്യൂട്ട് അവർക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്‌.

ക്രൂ 9 പേടകം

2020 മുതൽ അന്തർരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള   യാത്രയ്ക്ക് സ്പേയ്‌സ് എക്സ്  പേടകങ്ങൾ ഉപയോഗിക്കുന്നുണ്ട് . അവരുടെ അടുത്ത യാത്രാ പേടകമായ ക്രൂ -9 നാലു സഞ്ചാരികളെയും  കൊണ്ട് പറക്കാനുള്ളതാണ്‌. അതിൽ രണ്ടുപേർ മാത്രം പോയാൽ സുനിതയും വിൽമോറും അവിടെയുള്ള  മറ്റു രണ്ടു പേരും കൂടി  തിരിച്ചുവരാം. അതാണത്രേ ഇപ്പോഴത്തെ ചിന്ത. അതിന് 25  ഫെബ്രുവരി വരെ കാത്തിരിക്കണം. ഇതെല്ലാം തീരുമാനമാകാതെ അനുദിനം മാറ്റിക്കൊണ്ടിരിക്കുന്ന പരിഹാരങ്ങളാണ്.

അതിനിടയിൽ  അവരെ കൊണ്ടുപോയ സ്റ്റാർ ലൈനർ ബഹിരാകാശ പേടകത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച നിർണായക തീരുമാനത്തിന് മുന്നോടിയായി ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള അവസാന ഘട്ടത്തിലാണ് നാസയും ബോയിങ്ങും. അനുകൂല തീരുമാനമുണ്ടായാൽ ബഹിരാകാശയാത്രികരുമായി സ്റ്റാർ ലൈനർ തന്നെ  ഭൂമിയിലേക്ക് മടങ്ങാനും സാധ്യതയുണ്ട്.  തീരുമാനം ഈ മാസം  അവസാനവാരം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

(തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ 42 വർഷം ശാസ്‌ത്രജ്ഞനായിരുന്നു ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top