19 March Tuesday

നുണയാം;ഇനി ലോലി പോപ്പ്

നിഖില്‍ നാരായണന്‍Updated: Thursday Oct 30, 2014

മൊബൈല്‍ ഫോണുകള്‍ക്കും ടാബുകള്‍ക്കും ഉള്ള ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. അക്ഷരമാലാക്രമത്തില്‍ L ല്‍ എത്തിക്കിടക്കുന്ന ഈ ശ്രേണിയിലെ പുതിയ പതിപ്പിന് ലോലിപോപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. പതിവുതെറ്റിക്കാതെ ഇത്തവണയും മധുരംനുണയുന്ന പേരാണ് ഗൂഗിള്‍ തെരഞ്ഞെടുത്തത്.

തൊട്ടുമുമ്പുള്ള പതിപ്പായ കിറ്റ്കാറ്റിനെ അപേക്ഷിച്ച് കുറേ സവിശേഷതകളുമായാണ് ഗൂഗിള്‍ ഇത് ഇറക്കിയിരിക്കുന്നത്. കണ്ണുകള്‍ക്ക് കൂടുതല്‍ സുഖംപകരുന്ന നിറങ്ങളും, ഫോമുകളും, അനിമേഷനോടുകൂടിയ ഡിസൈന്‍, പുതിയ തരത്തിലുള്ള മെനു ഇതൊക്കെ നിങ്ങളുടെ ഫോണ്‍ ഉപയോഗം പണ്ടത്തേതിനെക്കാള്‍ അനായാസമാക്കുന്നു.

ഫോണ്‍ ലോക്ക്ചെയ്ത അവസ്ഥയിലാണെങ്കില്‍പ്പോലും ആപ്പുകളില്‍നിന്നുള്ള നോട്ടിഫിക്കേഷന്‍ കാണാനും, അതിനെ സ്വയിപ്പ്ചെയ്തു കളയാനും ഇനി സാധിക്കും. ഇനി ചിലരുടെ അല്ലെങ്കില്‍ ചില ആപ്പുകളുടെ നോട്ടിഫിക്കേഷന്‍ മാത്രം നിങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തിയാല്‍ മതി എന്നാണോ? അങ്ങനെയുള്ള സുഹൃത്തുക്കളെ/ആപ്പുകളെ പ്രയോറിറ്റി പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതിലെ വിവരങ്ങള്‍ മായിച്ചു കളയാനുള്ള കില്‍ സ്വിച്ച് (kill switch) ലോലിപോപ്പില്‍ ഉണ്ട്. അതായത്, ഫോണ്‍ കള്ളന്റെ കൈയിലാണെന്നു വയ്ക്കുക. നിങ്ങള്‍ക്ക് ഒരു കംപ്യൂട്ടറിലൂടെ ഫോണിലെ വിവരങ്ങള്‍ മായിച്ചുകളയാം. ഫോണ്‍ നിങ്ങളുടെ പാസ് വേര്‍ഡ് ഇല്ലാതെ റീസെറ്റ് ചെയ്യാനും കഴിയില്ല. ഇതും കില്‍ സ്വിച്ച് ഉപയോഗിച്ച് ചെയ്യാന്‍സാധിക്കും. അതായത്, മോഷ്ടിച്ച ഫോണ്‍കൊണ്ട് കള്ളന്‍ വലയും. പക്ഷെ, ഈ സ്വിച്ച് നിങ്ങള്‍ ഓണ്‍ചെയ്തു വയ്ക്കേണ്ടി വരും. ഉപയോക്താവിന് വേണമെങ്കില്‍ മാത്രം എന്ന തരത്തിലുള്ള ഒരു option ഫീച്ചറാണുള്ളത്.

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് വാച്ചുമായോ, ഗൂഗിള്‍ ഗ്ലാസുമായോ, ആന്‍ഡ്രോയ്ഡ് ഉള്ള കാറുമായോ ഒക്കെ ഫോണിനെ പെയര്‍ചെയ്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ലോലിപോപ്പിന് സാധിക്കും.

ഗൂഗിളിന്റെ നെക്സസ് അഞ്ചില്‍ (കിറ്റ്കാറ്റ്) എസ്എംഎസിനും ചാറ്റിനും ഒരേ ആപ്പ് ആയിരുന്നു. ഇത് പല ഉപയോക്താക്കളെയും ചൊടിപ്പിച്ചിരുന്നു. എസ്എംഎസിന് ലോലിപോപ്പില്‍ പുതിയ ആപ് ഉണ്ടാകും.

നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ വീട്ടില്‍ മറന്നുവച്ച് ഓഫീസില്‍ ചെന്നെന്നിരിക്കുക. അതിലെ വിവരങ്ങള്‍ വേറെ ആരുടെയെങ്കിലും ലോലിപോപ്പ് ഉള്ള ഫോണില്‍ ഗസ്റ്റ് മോഡില്‍ ലോഗിന്‍ചെയ്ത് നിങ്ങള്‍ക്ക് സംഘടിപ്പിക്കാം. എല്ലാ വിവരങ്ങളും സിങ്ക്ചെയ്ത് ഗൂഗിളിന് അടിയറവു വയ്ക്കുന്നതിന്റെ ഒരു നല്ല വശം.

ബാറ്ററിയാണ് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഒരു ന്യൂനത എന്നാണ് സാധാരണ പറയാറ്. പുതിയ ബാറ്ററി സേവര്‍ എന്ന സാങ്കേതികവിദ്യ നിങ്ങള്‍ക്ക് 90 മിനിറ്റ്വരെ അധിക ബാറ്ററി ജീവന്‍ നല്‍കും എന്നാണ് ഗൂഗിള്‍ പറയുന്നത്.

മലയാളമടക്കമുള്ള 15 ഭാഷകളില്‍ ഈ ആന്‍ഡ്രോയ്ഡ് പതിപ്പ് ലഭ്യമാണ്. ഗൂഗിള്‍ ആപ്പുകളുടെ പേരും, ഫോണില്‍ ആപ്പുകളില്‍ എഴുതിക്കാണിക്കുന്ന വിവരങ്ങളും എല്ലാം മലയാളത്തിലാക്കാന്‍ സെറ്റിങ്സില്‍ ചെന്ന് മലയാളം തെരഞ്ഞെടുത്താല്‍ മതി. കീ ബോര്‍ഡും മലയാളം തെരഞ്ഞെടുക്കാം. അപ്പോള്‍ പിന്നെ ഫോണില്‍ മലയാളത്തില്‍ ടൈപ്പ്ചെയ്യാം. പക്ഷെ, കീബോര്‍ഡ് Transliteration (ലിപ്യന്തരണം) മാതൃകയില്‍ അല്ലാത്തതുകൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്താന്‍ മലയാളം ടൈപ്പിങ് അറിയില്ലെങ്കില്‍ സ്ക്രീനില്‍ നിങ്ങള്‍ നെട്ടോട്ടം ഓടേണ്ടിവരും. ഗൂഗിളിനുവേണ്ടി മോട്ടറോള ഇറക്കിയ നെക്സസ് 6 ഫോണ്‍, ഗൂഗിലിനു വേണ്ടി ഒഠഇ ഉല്‍പ്പാദിപ്പിക്കുന്ന നെക്സസ് 9 ടാബ്ലറ്റ് എന്നിവയാണ് ലോലിപോപ്പുമായി ഉടന്‍ പുറത്തിറങ്ങുന്നത്. http://www.google.com/nexus/

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top