16 September Monday

അന്യഗ്രഹങ്ങളെ തെരയാൻ കയോപ്സ് തയ്യാറെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019


സൗരയൂഥത്തിന് സമീപമുള്ള അന്യഗ്രഹങ്ങളെ തെരയാൻ കയോപ്സ് തയ്യാറെടുക്കുന്നു. ഭൂതല ദൂരദർശിനികളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ചെറിയ ബഹിരാകാശ ദൂരദർശിനിയാണ് കയോപ്സ്.

ചെലവു കൂടിയതും വിക്ഷേപണവും നിയന്ത്രണവുമെല്ലാം ബുദ്ധിമുട്ടേറിയതുമായ വലിയ ബഹിരാകാശ ദൂരദർശിനികൾക്ക് നൽകാൻ കഴിയുന്ന നിരീക്ഷണ മികവ് കയോപ്സിനുമുണ്ടാകും.   2019 ഒക്ടോബറിൽ വിക്ഷേപിക്കുന്ന കയോപ്സ്‌  യൂറോപ്യൻ സ്പേസ് ഏജൻസിയുംടെയും സ്വിസ് സ്പേസ് ഏജൻസിയുടെയും സംയുക്ത ദൗത്യമാണ്‌.

വലിയ ഭൂതല ദൂരദർശിനികൾ ഉപയോഗിച്ച് കഴിഞ്ഞ പത്തുവർഷത്തിനിടെ കണ്ടെത്തിയ അന്യഗ്രഹങ്ങളുടെ വ്യാസം കൃത്യമായി അളക്കുകയാണ് കയോപ്സ് (CHaracterizing ExOPlanet Satellite-)ചെയ്യുന്നത്. ഫോട്ടോമെട്രി സാങ്കേതികവിദ്യ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും അതുവഴി കണ്ടെത്തിയ ഗ്രഹങ്ങളുടെ ഭൗതിക സവിശേഷതകൾ കൃത്യമായി കണ്ടെത്തുന്നതിനും ഈ ദൗത്യത്തിലൂടെ സാധിക്കും. ന്യൂ ജെനറേഷൻ ഗ്രൗണ്ട് ബേസ്ഡ് ട്രാൻസിറ്റ് സർവേ ഉപയോഗിച്ച് മാഗ്നിറ്റ്യൂഡ് 13 വരെയുള്ള നക്ഷത്രങ്ങളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവയുടെ പിണ്ഡവും ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കയോപ്സ് കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ഇത്തരം ഗ്രഹങ്ങളുടെ വ്യാസവും കൃത്യമായി അളക്കാൻ കഴിയും.  ഭൂമിയുടെ ആറുമടങ്ങ‌് വലിപ്പമുള്ള ഗ്രഹങ്ങളെവരെ കണ്ടെത്തുന്നതിന് കയോപ്സ് ദൗത്യത്തിന് കഴിയും അതിലൂടെ ഗ്രഹരൂപീകരണവും പരിണാമവും മനസ്സിലാക്കുന്നതിനും അവ വാസയോഗ്യമാണോ എന്ന് കണ്ടെത്തുന്നതിനും കഴിയും.

ഗ്രഹങ്ങളുടെ പിണ്ഡവും വലിപ്പവും തമ്മിലുള്ള ബന്ധവും അനുപാതവും കൃത്യമായി നിർണയിക്കുക, വ്യാഴത്തേപ്പോലെയുള്ള വാതകഭീമൻ ഗ്രഹങ്ങളിലെ ഊർജ വിനിമയ രീതി കൃത്യമായി മനസ്സിലാക്കുക, ഈ–-എൽറ്റ്, ജെയിംസ് വെബ്, എക്കോ തുടങ്ങിയ വലുതും ശക്തവുമായ ഭൂതല–-ബഹിരാകാശ ദൂരദർശിനികളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട് അവയുടെ പ്രവർത്തനമികവ് വർധിപ്പിക്കുക, അന്യഗ്രഹവേട്ടയിൽ പത്ത് ശതമാനം വർധനവുണ്ടാക്കുക, കണ്ടെത്തിക്കഴിഞ്ഞ ഗ്രഹങ്ങളും അവയുടെ മാതൃനക്ഷത്രങ്ങളും തമ്മിലുള്ള അകലം കൃത്യമായി നിർണയിക്കുക, അവയുടെ അന്തരീക്ഷ ഘടന അപഗ്രഥിക്കുക മുതലായവയാണ് കയോപ്സ് ദൗത്യത്തിലെ ശാസ്ത്രീയ ലക്ഷ്യങ്ങൾ.

2019 ഒക്ടോബറിൽ വിക്ഷേപിക്കുന്ന ഈ  ഈ ബഹിരാകാശ ദൂരദർശിനിയുടെ പ്രവർത്തനകാലം മൂന്നര വർഷമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒന്നരമീറ്റർ വീതം ദൈർഘ്യമുള്ള ക്യൂബ് ആകൃതിയാണ് കയോപ്സിന്റേത്. 300 കിലോഗ്രാം പിണ്ഡമുണ്ട് കയോപ്സിന്, ഭൂമിയിൽനിന്ന‌് 700 കിലോമീറ്റർ മാത്രം ഉയരമുള്ള ഒരു പൂർണവൃത്ത പഥത്തിലൂടെയാണ് കയോപ്സിന്റെ സഞ്ചാരം.


പ്രധാന വാർത്തകൾ
 Top