02 April Sunday

സുരക്ഷിത എടിഎം ഇടപാടിന് 20 നിര്‍ദേശങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2016

എടിഎമ്മുകള്‍ സുരക്ഷിതമാണ്, നിങ്ങള്‍കൂടി ഒന്ന് മനസ്സുവച്ചാല്‍. സുരക്ഷിതമായി എടിഎം ഇടപാടുകള്‍ നടത്താന്‍ ചില നിര്‍ദേശങ്ങളിതാ.

1. എടിഎമ്മില്‍ കയറുന്നതിനുമുന്നെ അതിനു പുറത്ത് സംശയം തോന്നിപ്പിക്കുംവിധം ആരെങ്കിലും നില്‍ക്കുന്നുണ്ടോ എന്ന് ഒരു വട്ടം നോക്കുക. നിങ്ങള്‍ പണവുമായി പുറത്തേക്കിറങ്ങുമ്പോള്‍ പിടിച്ചുവാങ്ങാന്‍ അവിടെ ചുറ്റിപ്പറ്റി ആരെങ്കിലും ഉണ്ടെങ്കില്‍ ആ എടിഎമ്മില്‍ കയറാതിരിക്കുന്നതാവും നല്ലത്.
2 ഇന്ത്യയിലുള്ള എടിഎമ്മുകളില്‍ കാര്‍ഡ് ഇന്‍സേര്‍ട്ട്ചെയ്ത് വാതില്‍ തുറക്കുന്ന സംവിധാനം ഏതാനും വര്‍ഷമായി നിലവിലില്ല. അതായത് കതകു തുറക്കാന്‍ കാര്‍ഡിന്റെ ആവശ്യമില്ല. നിങ്ങളുടെ കാര്‍ഡിലെ വിവരങ്ങള്‍ വാതില്‍ക്കലും സ്കിമ്മറുകള്‍ വച്ച് ചോര്‍ത്താം എന്നതിനാല്‍ വാതില്‍ തുറക്കാന്‍ കാര്‍ഡ് ഉപയോഗിക്കാതിരിക്കുക. 
3. നിങ്ങള്‍ കയറിയ എടിഎമ്മിന് അകത്തോ, പുറത്തോ വെളിച്ചം നന്നേ കുറവാണോ? അല്ല സ്ക്രീന്‍ നല്ലവണ്ണം കാണാന്‍ ബുദ്ധിമുട്ടുണ്ടോ? അടുത്ത എടിഎം തപ്പിപ്പോകുന്നതാണ് ബുദ്ധി.
4. കയറിയ എടിഎമ്മില്‍ മെഷീനുകളെക്കാള്‍ ആള്‍ക്കാരുണ്ടോഎന്നു ശ്രദ്ധിച്ചു വേണം നിങ്ങളുടെ ഇടപാട് നടത്താന്‍. ഒരു പ്രശ്നക്കാരന്‍ ഒളിച്ചിരിക്കാന്‍ ഇടയുണ്ട്. എന്തെങ്കിലും പന്തികേടു തോന്നിയാല്‍ പണമെടുക്കാതെ സ്ഥലംവിടുക.
5. പിന്‍നമ്പര്‍ അടിക്കുമ്പോള്‍ ഒരിത്തിരി മറച്ച്, രഹസ്യമായി ചെയ്യുക. ആരെങ്കിലും നിങ്ങളുടെ പിന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുക. ഇനി തട്ടിപ്പുകാര്‍ ക്യാമറവച്ചിട്ടുണ്ട് എന്നുതന്നെ വിചാരിച്ച്, ഒരുകൈകൊണ്ട് മറച്ച് മറ്റേ കൈകൊണ്ട് ടൈപ്ചെയ്യുക.
6. കാര്‍ഡ്, പിന്‍വലിച്ച പണം, രസീത് എന്നിവ ഭദ്രമായി കീശയിലോ ബാഗിലോ ആക്കുക. കൌണ്ടറില്‍ ഇതൊന്നും വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മെഷീനില്‍നിന്നു വരുന്ന പണം സാധാരണ കൃത്യമാകും. അവിടെവച്ചുതന്നെ എണ്ണുന്നത് പറ്റുമെങ്കില്‍ ഒഴിവാക്കുക. ഒരു അപകടം ചുറ്റുവട്ടത് ഒളിച്ചിരിപ്പുണ്ടായേക്കാം. ഇനി അഥവാ കണക്ക് തെറ്റാണെങ്കില്‍ അത് അല്‍പ്പം കഴിഞ്ഞു നോക്കി, ബാങ്കില്‍ പരാതിപ്പെടാവുന്നതാണ്.
7. ഹെല്‍മെറ്റ് ധരിച്ച് എടിഎം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തുനിന്നോ വശങ്ങളില്‍നിന്നോ ആരെങ്കിലും നിങ്ങളെ (അല്ലെങ്കില്‍ നിങ്ങള്‍ ടൈപ്ചെയ്യുന്നത്) ശ്രദ്ധിച്ചാലോ, അക്രമിക്കാന്‍ തുനിഞ്ഞാലോ നിങ്ങള്‍ അറിയായും പ്രതികരിക്കാനും വൈകാന്‍ ഇടയുണ്ട്.
8. പിന്‍നമ്പര്‍ എന്റര്‍ചെയ്യാനോ, പണമെണ്ണാനോ, മെഷീന്‍ ഉപയോഗിക്കാനോ അപരിചിതരില്‍നിന്ന് സഹായം തേടാതിരിക്കുക.
9. വാഹനം പാര്‍ക്ക്ചെയ്താണ് എടിഎം കൌറില്‍ ചെല്ലുന്നതെങ്കില്‍ വണ്ടി ഓഫ്ചെയ്ത് പൂട്ടിയശേഷം കൌണ്ടറില്‍ ചെല്ലുക. നിങ്ങള്‍ അകത്തു കയറുന്ന തക്കം പാര്‍ത്ത് നിങ്ങളുടെ വണ്ടിയോ, അതിലെ സാധനങ്ങളോ കൈക്കലാക്കാന്‍ കാത്തിരിക്കുന്ന കള്ളന്മാര്‍ ചുറ്റുമുണ്ടായേക്കാം.
10. ഇടയ്ക്കിടയ്ക്ക്
പിന്‍നമ്പര്‍ മാറ്റുക.
11. എടിഎം മെഷീനിലെ കീപാഡിലോ, കാര്‍ഡ് സ്ളോട്ടിലോ ടേപോ, അസ്വാഭാവികമായ എന്തെങ്കിലുമോ ഉള്ളതുപോലെ തോന്നിയാല്‍ ആ കൌണ്ടര്‍ ഒഴിവാക്കുക. ബാങ്കില്‍ വിവരമറിയിക്കുക.
12. കാര്‍ഡ് സുരക്ഷിതമായും, കേടുകൂടാതെയും വയ്ക്കുക.
13. പിന്‍നമ്പര്‍ ഓര്‍ത്തുവയ്ക്കുക. എവിടെയും എഴുതിവയ്ക്കാതിരിക്കുക; ആരോടും പറയാതിരിക്കുക. മറ്റുള്ളവര്‍ക്ക് ഒരല്‍പ്പം വിവരം സ്വരൂപിച്ചാല്‍ എളുപ്പത്തില്‍ ഊഹിച്ചെടുക്കാന്‍ സാധ്യതയുള്ള പിന്‍ ഒഴിവാക്കുക. ഉദാഹരണത്തിന് സ്വന്തം ജനനത്തീയതിയിലെ അക്കങ്ങള്‍.
14. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് ഉടന്‍ ബാങ്കില്‍ അറിയിക്കുക. — കാര്‍ഡ് ക്യാന്‍സല്‍ ചെയ്യിപ്പിക്കുക. 
15. ഒരുരീതിയിലും കാര്‍ഡ്നമ്പറും പിന്‍നമ്പറും വേറൊരു വ്യക്തിക്ക് പറഞ്ഞ്/അയച്ച് കൊടുക്കാതിരിക്കുക. വ്യക്തിയുടെ ഫോണോ, ടാബോ ഒക്കെ നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ വിവരങ്ങള്‍ ഏതെങ്കിലും കുറ്റവാളിയുടെ കൈയില്‍ എത്തിയേക്കാം.
16. ഒരിക്കലും നേരിട്ടോ, ഫോണിലോ, ഇ–മെയില്‍വഴിയോ ആരും നിങ്ങളുടെ പിന്‍, സിവിവി, കാര്‍ഡ് എക്സ്പയറി ഡേറ്റ്, ഓടിപി എന്നിവ ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാതിരിക്കുക. കാര്‍ഡ് ക്യാന്‍സലാവും എന്നൊക്കെയുള്ള ഭീഷണി ആയാല്‍പോലും ഈ വിവരങ്ങള്‍ പറഞ്ഞുകൊടുക്കരുത്. കാരണം ബാങ്ക് ഈ വിവരങ്ങള്‍ നിങ്ങളോട് ഒരിക്കലും വിളിച്ചുചോദിക്കില്ല. ഇങ്ങോട്ടുവരുന്ന കോളുകളില്‍ മേല്‍പ്പറഞ്ഞ വിവരങ്ങളും, വിലാസം, ജനന ത്തീയതി അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ പറഞ്ഞുകൊടുക്കാതിരിക്കുക. ബാങ്കില്‍നിന്നാണെന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍ ബാങ്കിനെ അങ്ങോട്ട് വിളിക്കുക. വെബ്സൈറ്റിലുള്ള കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക്.
17. എസ്എംഎസ്, ഇ–മെയില്‍വഴിയുള്ള ഇടപാട് സന്ദേശങ്ങള്‍ ശ്രദ്ധിച്ച് വായിക്കുക. എന്തെങ്കിലും പന്തികേട് തോന്നിയാല്‍ അപ്പോള്‍തന്നെ ബാങ്കിനെ വിളിക്കുക.
18. കാര്‍ഡോ, പണമോ എടിഎമ്മില്‍ കുടുങ്ങിയാല്‍ അപ്പോള്‍ തന്നെ  ബാങ്കിനെ വിളിക്കുക.
19. ഇടപാട് തീര്‍ന്നോ ഇല്ലയോ എന്ന് സംശയം ഉണ്ടെങ്കില്‍ “ ക്യാന്‍സല്‍“ബട്ടണ്‍ ഒന്നുരണ്ടു തവണ അമര്‍ത്തുക.
20. കാര്‍ഡ് ക്ളോണിങ്ങില്‍നിന്ന് ഒരുപരിധിവരെ രക്ഷനേടാന്‍ സഹായിക്കുന്ന ചിപ്പ് ഉള്ള ഇഎംവി കാര്‍ഡുകള്‍ നിങ്ങളുടെ ബാങ്ക് കൊടുക്കാന്‍ തുടങ്ങിയെങ്കില്‍ അത് ചോദിച്ചുവാങ്ങുക. അടുത്തവര്‍ഷം സെപ്തംബര്‍ ആകുമ്പോഴേക്കും എല്ലാ ബാങ്കുകളോടും ചിപ്പുള്ള കാര്‍ഡിലേക്കു മാറാനാണ് റിസര്‍വ്ബാങ്ക് നിര്‍ദേശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top