24 January Thursday

കൊലയാളി തിമിംഗലങ്ങളുടെ അന്തകനായി പിസിബി

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018


കൊലയാളിത്തിമിംഗലങ്ങളും  (killer whales) പിസിബിയും തമ്മിൽ എന്താണു ബന്ധം? പിസിബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളി ക്ലോറിനേറ്റഡ് ബൈഫിനൈലുകൾ ഈ ജീവിയുടെ അന്തകനായി മാറിക്കഴിഞ്ഞിരിക്കുന്നു. പേരിൽ തിമിംഗലം എന്നുണ്ടെങ്കിലും ഇവ ഡോൾഫിൻ കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ്.  കടൽ ഇളക്കിമറിച്ചുവാഴുന്ന വേട്ടക്കാരായ കൊലയാളിത്തിമിംഗലങ്ങൾക്കുപോലും മനുഷ്യനിർമിത മലിനീകരണത്തിൽനിന്നു രക്ഷയില്ലെന്നു സാരം. പ്രകൃതിയിൽ മാരകമായ രാസവസ്തുക്കൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ഒരു നേർക്കാഴ്ചതന്നെയാണിത്. പിസിബി എന്ന രാസവസ്തു ആദ്യമായി ഒരു രാജ്യം നിരോധിച്ചിട്ട് 40 വർഷമായി. എന്നിട്ടും ഭക്ഷ്യശൃംഖലയുടെ മുകൾത്തട്ടിലുള്ള ജീവികൾക്ക് ഇപ്പോഴും വൻഭീഷണിയാണ് ഈ വിഭാഗത്തിൽപ്പെടുന്ന രാസവസ്തുക്കൾ. നാം പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളുമൊക്കെയടങ്ങുന്ന മാലിന്യക്കൂമ്പാരത്തിൽനിന്നാണ് സമുദ്രത്തിൽ അപകടകരമായതോതിൽ പിസിബി എത്തിച്ചേരുന്നത്. സമുദ്രങ്ങൾ അക്ഷരാർഥത്തിൽ കുപ്പത്തൊട്ടിയാവുന്ന ഈ അവസ്ഥ  തുടർന്നാൽ അടുത്ത മൂന്നോ അഞ്ചോ ദശകത്തിനുള്ളിൽ കൊലയാളി തിമിംഗലങ്ങളിൽ പകുതിയോളം അപ്രത്യക്ഷമാകുമെന്ന് ഈയിടെ സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് അപായമണികൾ മുഴക്കുന്നു. ഡെന്മാർക്കിലെ ആർഹസ് യൂണിവേഴ്സിറ്റി ഗവേഷകരും അമേരിക്ക, കനഡ, ഗ്രീൻലാൻഡ‌്, ഇംഗ്ലണ്ട്, ഐസ‌്‌ലാൻഡ‌് തുടങ്ങി വിവിധ സ്ഥലങ്ങളിലെ  ശാസ്ത്രജ്ഞരും ചേർന്ന  അന്താരാഷ്ട്ര ഗവേഷകസംഘമാണ് ആശങ്കയുണർത്തുന്ന പഠനറിപ്പോർട്ടുമായി രംഗത്തെത്തിയിരിക്കുന്നത്.

പഠനം

ആർഹസ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോസയൻസ് ആൻഡ‌് ആർട്ടിക് റിസർച്ച് സെന്ററിലെ പ്രൊഫ. റുണെ ഡീറ്റ്സ് ആണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. ധ്രുവക്കരടികളിലും മറ്റും പിസിബികൾ പ്രത്യുല്പാദനത്തകരാറുകൾ ഉണ്ടാക്കുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന്റെ  പശ്ചാത്തലത്തിലാണ് കൊലയാളിത്തിമിംഗലങ്ങളുടെ വംശനാശഭീഷണിയും ഈ രാസവസ്തുവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണത്തിലേക്ക് ഗവേഷകർ തിരിഞ്ഞത്. ഓർസിനസ് ഓർക  (orcinus orca)  എന്ന ശാസ്ത്രനാമമുള്ള കൊലയാളിത്തിമിംഗലങ്ങൾ കടലിലെ നീളമേറിയ ഒരു ഭക്ഷ്യശൃംഖലയിലെ മുകൾത്തട്ടിലെ കണ്ണിയാണ്. അതുകൊണ്ടുതന്നെ ഈ സസ്തനിയുടെ ശരീരത്തിൽ പിസിബിക്ക് ജൈവാവർധനം സംഭവിക്കുകയും ശരീരത്തിൽ ഈ രാസവസ്തുവിന്റെ തോത് അപകടകരമായ രീതിയിലേക്ക് ഉയരുകയും ചെയ്യുന്നു. വിവിധ കൊലയാളിത്തിമിംഗല ആവാസവ്യവസ്ഥകളിൽ ഇവർ നടത്തിയ പഠനങ്ങളിൽനിന്നും  മലിനീകരണം അതിരൂക്ഷമായ ഇടങ്ങളിൽ ഈ സസ്തനികൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് വെളിച്ചത്തുവന്നത്.   ബ്രസീലിനും യുകെക്കും ചുറ്റുമുള്ള സമുദ്രത്തിലും  ജിബ്രാൾട്ടർ കടലിടുക്കിലും ജപ്പാനു ചുറ്റുമുള്ള കടലിലും ഗ്രീൻലാൻഡിന്റെ കിഴക്കൻ തീരങ്ങളിലും വടക്കുകിഴക്കൻ പസഫിക്കിലുമൊക്കെ നാശത്തിന്റെ വക്കിലാണ് കൊലയാളിത്തിമിംഗലകുടുംബം. അതിരൂക്ഷമായ മലിനീകരണമുള്ള ഇടങ്ങളിൽ അപൂർവമായിമാത്രമേ തിമിംഗലക്കുഞ്ഞുങ്ങളെ കാണുന്നുള്ളൂവെന്നും ഗവേഷകർ പറയുന്നു.

 

എവിടെയൊക്കെ
ലോകത്തിലെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും വലിയതോതിൽ കാണപ്പെട്ടിരുന്ന ജീവിയാണ് കൊലയാളിത്തിമിംഗലം. പക്ഷേ, ഇപ്പോൾ താരതമ്യേന മലിനീകരണം കുറഞ്ഞ ഭാഗങ്ങളിൽമാത്രമേ ഈ തിമിംഗലങ്ങളുടെ എണ്ണം ഗണ്യമായ തോതിലുള്ളൂ. അമിതവും അനിയന്ത്രിതവുമായ മത്സ്യബന്ധനവും കടലിൽ മനുഷ്യനുണ്ടാക്കുന്ന ശബ്ദമലിനീകരണവും കൊലയാളിത്തിമിംഗലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുണ്ട്. അനിയന്ത്രിതമായ മത്സ്യബന്ധനം കാരണം മത്സ്യസമ്പത്ത് ശോഷിക്കുമ്പോൾ ഇവയ്ക്ക് ഭക്ഷ്യപ്രതിസന്ധിയുണ്ടാകും. ഇതിലുമപ്പുറമാണ് പോളീ ക്ലോറിനേറ്റഡ് ബൈഫിനൈലുകൾ ഉയർത്തുന്ന ഭീഷണി. ഈ രാസവസ്തു ശരീരത്തിൽ അടിഞ്ഞുകൂടുന്നതോടെ കൊലയാളിത്തിമിംഗലങ്ങളുടെ പ്രത്യുല്പാദനശേഷിയും രോഗപ്രതിരോധശേഷിയും അന്തസ്രാവഗ്രന്ഥികളുടെ പ്രവർത്തനവും പാടെ തകരാറിലാകുന്നു. ഇത്തിരിക്കുഞ്ഞു പ്ലവകങ്ങളിൽ(ഫൈറ്റോ പ്ലാങ്ക്ടണും സുവോ പ്ലാങ്ക്ടണും)നിന്നു ചെറു മത്സ്യങ്ങളിലേക്കും അതിൽനിന്ന് വലിയ മത്സ്യങ്ങളിലേക്കും തുടർന്ന് കൊലയാളിത്തിമിംഗലങ്ങളിലേക്കും നീളുന്ന ഭക്ഷ്യശൃംഖലയുടെ ഓരോ തട്ടിലും പിസിബികൾക്ക് ജൈവ ആവർധനം സംഭവിക്കും. ഓരോപടി മുകളിലേക്കു പോകുന്തോറും അവിടെയുള്ള ജീവികളുടെ ശരീരത്തിൽ ഈ രാസവസ്തുവിന്റെ അളവ് കൂടിക്കൂടിവരുമെന്ന് സാരം. ട്യൂണ, സ്രാവ് പോലുള്ള വലിയ മത്സ്യങ്ങളെ ആഹാരമാക്കുന്ന കൊലയാളിത്തിമിംഗലങ്ങളുടെ ശരീരത്തിലെത്തുന്ന രാസവസ്തുവിന്റെ അളവ് അപകടകരമായ തോതിലേക്കാണ് ഉയരുന്നത്.

കൊലയാളിത്തിമിംഗലങ്ങളുടെ ശരീരകലകളിൽ പ്രത്യേകിച്ച് കൊഴുപ്പുകലകളിൽ (ബ്ലബ്ബറിൽ) ഒരു കിലോഗ്രാമിന് 1300 മില്ലിഗ്രാം എന്ന തോതിൽവരെ പിസിബിയുടെ സാന്നിധ്യമുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇത് ഒരു കിലോഗ്രാമിന് 50 മില്ലിഗ്രാം ആയാൽപ്പോലും അത് രോഗപ്രതിരോധശേഷിക്കുറവിനും വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  അതേസമയം,  ചെറുമത്സ്യങ്ങളെ ആഹാരമാക്കുന്ന കൊലയാളിത്തിമിംഗലങ്ങളുടെ ശരീരത്തിൽ പിസിബി യുടെ അളവ് താരതമ്യേന കുറവാണെന്നും ഗവേഷകർ കണ്ടെത്തി. പരിസ്ഥിതിയിൽ ഈ രാസവസ്തു വളരെ സാവധാനത്തിൽമാത്രമേ വിഘടന വിധേയമാകുന്നുള്ളൂ. കൊലയാളിത്തിമിംഗലങ്ങളിൽ അമ്മയുടെ കൊഴുപ്പുനിറഞ്ഞ പാലിലൂടെ കുഞ്ഞുങ്ങളിലേക്ക് അപകടകരമായ തോതിൽ ഈ രാസവസ്തു എത്തിച്ചേരുന്നുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജീവികളുടെ ശരീരത്തിൽ ഇത് വർഷങ്ങളോളം ചുറ്റിസഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു എന്നർഥം.

എന്താണ് പി സി ബി
1930  മുതൽ തുടങ്ങുന്നു പിസിബികൾ എന്ന രാസവസ്തുക്കളുടെ കഥ. ഒരു ഓർഗാനോക്ലോറിൻ രാസവസ്തുവാണിത്. ഇതിന്റെ ഉയർന്ന സ്ഥിരത, പെട്ടെന്നു തീപിടിക്കാത്ത സ്വഭാവം, കുചാലക സ്വഭാവം, ഉയർന്ന തിളനില തുടങ്ങിയ സവിശേഷതകൾ കാരണം ഇത് രാസവ്യവസായരംഗത്തെ താരമായി മാറാൻ അധികനാൾ വേണ്ടിവന്നില്ല.  പ്ലാസ്റ്റിക്കിലും ഇലക്ട്രിക്കൽ ഉപകരണഭാഗങ്ങളിലും പെയിന്റിലും കൂളന്റുകളിലും രാസകീടനാശിനികളിലുമൊക്കെ ഈ രാസവസ്തു വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. ഇതുവരെ ഏതാണ്ട് 10 ലക്ഷം ടൺ പിസിബി ഉൽപ്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അധികം വൈകാതെ കരയിൽനിന്നു പുറന്തള്ളുന്ന മാലിന്യങ്ങളിലൂടെ ഇത്  ലോകമെങ്ങുമുള്ള സമുദ്രങ്ങളിലെത്താൻ തുടങ്ങി.

വിഷസ്വഭാവമുള്ളതും കാർസിനോജനിക്കുമായ (അർബുദമുണ്ടാക്കാൻ സാധ്യതയുള്ളത്) രാസവസ്തുവാണ് പിസിബി.  ഇതുണ്ടാക്കുന്ന ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾ വെളിച്ചത്തുവരാൻ തുടങ്ങിയതോടെ 1978ൽ അമേരിക്കയിലും  1980ൽ മറ്റു ചില രാജ്യങ്ങളിലും ഈ രാസവസ്തുവിന്റെ ഉൽപ്പാദനം  നിരോധിച്ചു. 2004ൽ സ്റ്റോക്ക്ഹോം കൺവൻഷൻ ഓൺ പെർസിസ്റ്റന്റ് ഓർഗാനിക് പൊല്ല്യുട്ടന്റ്സ് നിലവിൽവരികയും വിവിധ  രാജ്യങ്ങൾ ഈ രാസവസ്തുവിന്റെ ഉൽപ്പാദനവും ഉപയോഗവും ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനിക്കുകയുംചെയ്തു. എന്നാൽ,  ഇവയുടെ ഉപയോഗം ഇനിയും പൂർണമായി നിർത്താൻ സാധിച്ചിട്ടില്ല. നിലവിൽ ഉപയോഗത്തിലുള്ള പിസിബികൾ അടങ്ങിയ ഉപകരണങ്ങളിൽനിന്നും  ഉൽപ്പന്നങ്ങളിൽനിന്നും ഇവ പരിസ്ഥിതിയിൽ കലരുന്നുണ്ട്. ഏതുവിധേനയും കടലിൽ പിസിബികൾ എത്തുന്നത് തടയുകയും കൊലയാളിത്തിമിംഗലങ്ങളെ വംശനാശത്തിൽനിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുകയുംചെയ്യേണ്ട സമയം അതിക്രമിച്ചു എന്നുതന്നെയാണ് ഗവേഷണറിപ്പോർട്ട് അടിവരയിട്ടുപറയുന്നത്.


പ്രധാന വാർത്തകൾ
 Top