16 July Tuesday

ലക്ഷ്യം ചന്ദ്രനും അപ്പുറത്തേക്ക്‌

ദിലീപ് മലയാലപുഴ Updated: Sunday Apr 9, 2023


‘ചന്ദ്രനിൽനിന്ന്‌ ചൊവ്വയിലേക്കും അവിടെനിന്ന്‌ അപ്പുറത്തേക്കുമുള്ള മനുഷ്യന്റെ നേരിട്ടുള്ള യാത്രയ്‌ക്കുള്ള വലിയ തുടക്കമാണിത്‌...’  നാസ അഡ്‌മിനിസ്‌ട്രേറ്റർ ബിൽ നെൽസന്റെ വാക്കുകളാണിത്‌. ആർട്ടിമസ്‌ 2 ദൗത്യത്തിനായി തെരഞ്ഞെടുത്തവരെ പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു ബിൽ നെൽസൺ ഇത്‌ പറഞ്ഞത്‌.

കഴിഞ്ഞ ദിവസമായിരുന്നു ലോകം കാത്തുനിന്ന ആ പ്രഖ്യാപനം. അരനൂറ്റാണ്ടിന്റെ ഇടവേളയ്‌ക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്‌ പോകുന്നു. ഏറ്റവും ആധുനികമായ ശാസ്‌ത്ര– -സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ. ഒരു വനിതയടക്കം നാലു പേരെയാണ്‌ ചാന്ദ്രയാത്രയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. നാസയുടെ ഫ്‌ളൈറ്റ്‌ എൻജിനിയറായ ക്രിസ്‌റ്റിന കോക്കാണ്‌ സംഘത്തിലെ ഏക വനിത. കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ്‌ വിക്ടർ ഗ്ലോവർ, മിഷൻ സ്‌പെഷ്യലിസ്റ്റ്‌ ജെർമി ഹാൻസൻ എന്നിവരാണ്‌ മറ്റുള്ളവർ. അടുത്ത വർഷം നവംബറിൽ ഇവർ ചന്ദ്രനിലേക്ക്‌ യാത്ര തിരിക്കും.

മുൻ ചാന്ദ്ര ദൗത്യങ്ങൾ


1972 ഡിസംബർ ഏഴിന്‌ നാസ അയച്ച  അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം. ഡിസംബർ 11ന്‌ ചന്ദ്രനിലെ ടൊറാസ്‌ ലിട്രോവ്‌( Taurus-Littrow Valley) എന്ന മേഖലയിലാണ്‌  പേടകമിറങ്ങിയത്‌. യൂജിൻ സെർനൺ ആയിരുന്നു കമാൻഡർ. ഹാരിസൺ സ്‌മിത്ത്‌, റൊണാൾഡ്‌ ഇവാൻസ്‌ എന്നിവർ  സഹയാത്രികരും. യൂജിനും ഹാരിസണും മാത്രമാണ്‌ ചന്ദ്രനിൽ ഇറങ്ങിയത്‌. മൂന്ന്‌ ദിവസം‌ ഇരുവരും ചന്ദ്രോ പരിതലത്തിൽ ചെലവഴിച്ചു. 14ന്‌ മടക്കയാത്ര തുടങ്ങി. 19ന്‌ സുരക്ഷിതമായി അവർ ഭൂമിയിൽ മടങ്ങിയെത്തി. 11 വർഷം നീണ്ട അപ്പോളോ ദൗത്യങ്ങളിലായി (11, 12, 14, 15, 16, 17) 12 പേരാണ്‌ ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്‌. 1969 ജൂലൈ 11ന്‌  ഫ്‌ളോറിഡയിൽനിന്ന്‌ വിക്ഷേപിച്ച അപ്പോളോ 11 ആണ്‌ ചന്ദ്രനിൽ ഇറങ്ങിയ ആദ്യ  മനുഷ്യദൗത്യം. ജൂലൈ  21ന്‌ പുലർച്ചെ 1.45ന്‌ നീൽ ആംസ്‌ട്രോങ്‌ ചന്ദ്രനിൽ  കാലുകുത്തി. തുടർന്ന്‌, എഡ്വിൻ ആൽഡ്രിനും. രണ്ടര മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം മടങ്ങി. അപകടത്തിൽപ്പെട്ടതും പരാജയപ്പെട്ടതുമായ ദൗത്യങ്ങളുമുണ്ട്‌. ചന്ദ്രന്‌ സമീപംവരെ എത്തി സാങ്കേതിക തകരാർമൂലം മടങ്ങിയ അപ്പോളോ 13 ദൗത്യവുമുണ്ട്‌

ഇക്കൂട്ടത്തിൽ. ഇടത്താവളവും കോളനിയും

സമീപ വർഷങ്ങളായി ലോകത്തെ ബഹിരാകാശ ഏജൻസികൾ ചാന്ദ്ര പര്യവേഷണത്തിന്‌ മുന്തിയ പരിഗണനയാണ്‌ നൽകുന്നത്‌. നാസ, ചൈനീസ്‌ സ്‌പെയ്‌സ്‌ ഏജൻസി, യൂറോപ്യൻ സ്‌പെയ്‌സ്‌ ഏജൻസി, ഐഎസ്ആർഒ, ജാപ്പനീസ്‌ സ്‌പെയ്‌സ്‌ ഏജൻസി, യുഎഇ സ്‌പെയ്‌സ്‌ ഏജൻസി തുടങ്ങിയവയെല്ലാം ദൗത്യങ്ങളുമായി രംഗത്തുണ്ട്‌. ഓർബിറ്റർ, ലാൻഡർ, റോവർ  പര്യവേഷണങ്ങൾ തുടരുകയുമാണ്‌.

ചന്ദ്രന്റെ ദക്ഷിണ ധ്രുവം കേന്ദ്രീകരിച്ചു നടത്തിയ ഗവേഷണങ്ങളിൽ ലഭിച്ച വിവരങ്ങളാണ്‌ ചന്ദ്രനിലേക്ക്‌ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണമായത്‌. ധ്രുവങ്ങളിലെ ജലസാന്നിധ്യം, ‘സമശീതോഷ്‌ണ മേഖല’കൾ തുടങ്ങിയവ ഭാവിയിൽ ഉപയോഗപ്പെടുത്താനാകുമെന്ന ചിന്തയിലാണ്‌ ഗവേഷകർ. ചന്ദ്രനിലെ ജലസാന്നിധ്യത്തെപ്പറ്റി ആദ്യം വിവരം ലഭ്യമാക്കിയത്‌ ഐഎസ്‌ആർഒയുടെ  ചാന്ദ്രയാൻ–-1 ദൗത്യമായിരുന്നു. തുടർന്ന്‌ മറ്റ്‌ ഏജൻസികളും ഇത്‌ സ്ഥിരീകരിച്ചു. ചൈനയുടെ റോവർ ശേഖരിച്ച സ്‌ഫടിക ഗോലികൾപോലുള്ള വസ്‌തുക്കളിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചത്‌ അടുത്തിടെയാണ്‌. ചന്ദ്രന്റെ മറുപുറത്ത്‌ പര്യവേഷണം നടത്തിയ ചാങ്ങ്‌ ദൗത്യമാണ്‌ ‘ഗോലികൾ’ കണ്ടെത്തിയത്‌.  ഹീലിയംപോലുള്ള ധാതുക്കളുടെ സാന്നിധ്യം ചന്ദ്രനിൽ വലിയതോതിലുണ്ട്‌. ഭൂമിയിലെ ഊർജാവശ്യങ്ങൾക്ക്‌ ഈ ഹീലിയം ശേഖരം ഉപയോഗപ്പെടുത്താനാകും. ചന്ദ്രനെ ഭാവി ഗോളാന്തര യാത്രകളുടെയും ഗവേഷണങ്ങളുടെയും ഇടത്താവളമാക്കാനുള്ള അനുകൂല സാഹചര്യങ്ങൾ ഏറെയാണെന്ന നിഗമനത്തിലേക്ക്‌ ശാസ്‌ത്രലോകം എത്തിക്കഴിഞ്ഞു. 2030നകം ചന്ദ്രനിൽ അന്താരാഷ്‌ട്ര ലൂണാർ റിസർച്ച്‌ സ്‌റ്റേഷൻ സ്ഥാപിക്കാ (ILRS)നുള്ള മുന്നൊരുക്കങ്ങൾ ചൈന ആരംഭിച്ചിട്ടുണ്ട്‌. വിദൂര ഭാവിയിൽ മനുഷ്യവാസത്തിനുള്ള കോളനികളുടെ സാധ്യതയും തള്ളിക്കളയാനാകില്ല ! ഇവയ്‌ക്കായുള്ള സാങ്കേതിക വിദ്യാവികസനവും ഗവേഷണവും സമാന്തരമായി നടക്കുന്നു.

അര നൂറ്റാണ്ടിനു ശേഷം

അരനൂറ്റാണ്ടിനു ശേഷമുള്ള ചാന്ദ്രയാത്രയ്‌ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ്‌ നാസ  നടത്തുന്നത്‌. ഇതിനായുള്ള ‘ഡമ്മി പരീക്ഷണം’ കഴിഞ്ഞ നവംബറിൽ വിജയകരമായി പൂർത്തിയാക്കി. ആർട്ടിമസ്‌ 1  ദൗത്യത്തിന്റെ ഭാഗമായുള്ള ഒറിയോൺ പേടക വിക്ഷേപണം നവംബർ 16ന്‌ ആയിരുന്നു.  ചന്ദ്രന്റെ 130 കിലോമീറ്റർവരെ അടുത്തെത്തി പേടകം വിവരശേഖരണം നടത്തി. മനുഷ്യന്റെ ചാന്ദ്രയാത്രയിലുണ്ടാകുന്ന ജൈവപരവും സാങ്കേതികവുമായ എല്ലാ പരീക്ഷണവും നടത്താനായി. പുതുതായി രൂപകൽപ്പന ചെയ്‌ത സ്‌പെയ്‌സ്‌ സ്യൂട്ടിന്റെ ക്ഷമതാ പരിശോധനയും നടത്തി. പേടകം  ഡിസംബർ 11ന്‌  ഭൂമിയിൽ സുരക്ഷിതമായി മടങ്ങിയെത്തി.

നവംബറിൽ ചന്ദ്രനിലേക്ക്‌ പുറപ്പെടുന്ന നാല്‌ യാത്രികർ ചന്ദ്രനെ വലംവച്ചശേഷം മടങ്ങും. പത്തു ദിവസമാണ്‌ ദൗത്യത്തിനായി നിശ്‌ചയിച്ചിരിക്കുന്നത്‌. 2025ൽ ആർട്ടിമസ്‌ മൂന്നാം ദൗത്യത്തിലാകും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യൻ ഇറങ്ങുക. ആദ്യമായി ഒരു വനിതയും.


നാൽവർ  സംഘം ഇവർ

|
ക്രിസ്‌റ്റിനാ കോക്ക്‌

ആർട്ടിമസ്‌ 2ന്റെ മിഷൻ സ്‌പെഷ്യലിസ്‌റ്റായ ക്രിസ്‌റ്റിനാ കോക്ക്‌ ചാന്ദ്രദൗത്യത്തിലെ ആദ്യ വനിതയാണ്‌.
ഒറ്റയാത്രയിൽ തുടർച്ചയായി 328 ദിവസവും 14 മണിക്കൂറും ബഹിരാകാശത്ത്‌ കഴിഞ്ഞ വനിതയെന്ന അത്യപൂർവ റിക്കാർഡുമായാണ്‌ ക്രിസ്‌റ്റിനാ ഈ ദൗത്യത്തിൽ പങ്കാളിയാവുന്നത്‌. 2019–- 20ൽ 11 മാസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ഇവർ ആറ്‌  തവണ സ്‌പേയ്‌സ്‌ വാക്ക്‌ നടത്തി. അറ്റകുറ്റ പണികൾക്കും മറ്റുമായി 42 മണിക്കൂറിലധികമാണ്‌  നിലയത്തിനുപുറത്ത്‌ പ്രവർത്തിച്ചത്‌. ആദ്യ വനിതാ സ്‌പേയ്‌സ്‌ വാക്ക്‌ ദൗത്യത്തിലും പങ്കെടുത്തു. 5248 തവണ ഭൂമിയെ വലംവച്ചു.

ഇലക്‌ട്രിക്കൽ എൻജിനിയറിങിൽ മാസ്‌റ്റേഴ്‌സ്‌ ബിരുദമുള്ള ക്രിസ്‌റ്റിനാ 2001 ലാണ്‌ നാസയിൽ ചേർന്നത്‌. 2013ൽ ആസ്‌ട്രോനോട്ട്‌ പരിശീലനത്തിനായി തെരഞ്ഞെടുത്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ 59,60,61 ദൗത്യങ്ങളിൽ ഫ്‌ളൈറ്റ്‌ എൻജിനിയറായി. നിലയത്തിൽ നിരവധി പരീക്ഷണ ഗവേഷണങ്ങൾക്ക്‌ നേതൃത്വം നൽകി. ദീർഘകാല ഗോളാന്തര യാത്രകളിൽ മനുഷ്യന്‌ ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന വെല്ലുവിളികളെ പറ്റിയുള്ള പഠനമാണ്‌ ഇവയിൽ പ്രധാനം. യുഎസിലെ ഗ്രാന്റ്‌ റാപിഡ്‌സിലാണ്‌ ജനനം.

റീഡ് വൈസ്‌മാൻ
നാസയിലെ റീഡ് വൈസ്‌മാനാണ് ആർട്ടിമസ് 2 ദൗത്യത്തിന്റെ കമാൻഡർ. 2014ൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഫ്ളൈറ്റ്‌ എൻജിനിയറായി പ്രവർത്തിച്ച അദ്ദേഹം അവിടെ 300 ശാസ്‌ത്ര പര്യവേഷണങ്ങളിൽ പങ്കാളിയായി. സിസ്‌റ്റം എൻജിനീയറിങിൽ മാസ്‌റ്റേഴ്‌സ്‌ ബിരുദം നേടിയ വൈസ്‌മാനെ 2009ലാണ്‌  അസ്‌ട്രോനോട്ട്‌ പരിശീലനത്തിനായി തെരഞ്ഞെടുത്തത്‌. മേരി ലാന്റ്‌ ബാൾട്ടിമോർ സ്വദേശിയാണ്‌.
വിക്‌ടർ ഗ്ലോവർ
നാസയുടെ വിക്ടർ ഗ്ലോവറാണ്‌ ആർട്ടിമസ് 2 ദൗത്യത്തിന്റെ പൈലറ്റ്‌. ചന്ദ്രനെ ചുറ്റുന്ന ഒറിയോൺ പേടകത്തിന്റെ നിയന്ത്രണം വിക്ടറിനായിരിക്കും. 2013ൽ അസ്‌ട്രോനോട്ട്‌ പരിശീലനത്തിനായി തെരഞ്ഞെടുത്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള 64–-ാം ദൗത്യത്തിൽ അംഗമായിരുന്നു. ഫ്‌ളൈറ്റ്‌ എൻജിനിയറായി 168 ദിവസം നിലയത്തിൽ പ്രവർത്തിച്ചു. മൂവായിരം മണിക്കൂറിലേറെ വിവിധ വിമാനങ്ങൾ പറത്തിയുള്ള പരിചയവുമുണ്ട്‌. ഫ്‌ളൈറ്റ്‌ ടെസ്‌റ്റ്‌ എൻജിനിയറിങ്‌, സിസ്‌റ്റം എൻജിനിയറിങ്‌ എന്നിവയിൽ മാസ്‌റ്റർ ബിരുദം നേടിയ വിക്‌ടറിന്റെ ജനനം കലിഫോർണിയയിലാണ്‌.
ജെർമി ഹാൻസെൻ
കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ  ജെർമി ഹാൻസെന്റെ ആദ്യ ബഹിരാകാശ ദൗത്യമാണിത്‌. ആർട്ടിമസ്‌ 2ൽ മിഷൻ സ്‌പെഷ്യലിസ്‌റ്റായി പ്രവർത്തിക്കും. ഫിസിക്‌സിൽ മാസ്‌റ്റർ ബിരുദമുള്ള ജെർമി ഫൈറ്റർ പൈലറ്റായിരുന്നു. 2009ൽ കനേഡിയൻ ബഹിരാകാശ ഏജൻസിയിൽ ചേർന്നു. ലണ്ടനിലാണ്‌ ജനനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top