18 September Wednesday

കാന്തിക ധ്രുവങ്ങളുടെ ദിശമാറ്റത്തിന് അപ്രതീക്ഷിത വേഗം

സീമ ശ്രീലയംUpdated: Thursday Nov 13, 2014

ഒരു സുപ്രഭാതത്തില്‍ ഉണര്‍ന്നെണീക്കുമ്പോള്‍ വടക്കുനോക്കിയന്ത്രങ്ങളെല്ലാം തെക്കുനോക്കി യന്ത്രങ്ങളാവുന്ന അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചുനോക്കു. ഏതെങ്കിലും സയന്‍സ് ഫിക്ഷന്‍ സിനിമയിലെ രംഗമോ ശാസ്ത്രകല്‍പ്പിത കഥയിലെ സന്ദര്‍ഭമോ മാത്രമല്ല ഇത്. മറിച്ച് ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ സംഭവിക്കാന്‍ പോവുന്ന പ്രതിഭാസംതന്നെയാണ്. എന്നാല്‍, ഭൗമകാന്തികമണ്ഡലത്തിന്റെ ദിശാമാറ്റം, ഇതാദ്യമായി നടക്കുന്ന സംഭവമൊന്നുമല്ല എന്ന് ഭൂമിയുടെ ചരിത്രം പറയുന്നുണ്ട്. എന്നാല്‍ ഭൗമകാന്തിക ധ്രുവങ്ങളുടെ ദിശാമാറ്റത്തിന് ഏതാണ്ട് ഒരു മനുഷ്യായുസ്സിന്റെ സമയമേ വേണ്ടിവരൂ എന്ന സൂചന നല്‍കുന്ന പുതിയ കണ്ടുപിടിത്തം ശാസ്ത്രലോകത്ത് പുതിയ ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും തുടക്കിമിടുകയാണ്.

പതിനായിരക്കണക്കിനോ ദശലക്ഷക്കണക്കിനോ വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഭൂമിയുടെ കാന്തികധ്രുവങ്ങളുടെ ദിശാമാറ്റം സംഭവിക്കാറുണ്ടെന്നായിരുന്നു ഇതുവരെയുള്ള അറിവ്. എന്നാല്‍ ഇത് അവസാനമായി സംഭവിച്ചത് 786000 വര്‍ഷം മുമ്പാണെന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. ഇത്രയും വര്‍ഷം മുമ്പ് കാന്തികധ്രുവങ്ങളുടെ തലതിരിയലിന് നേരെത്ത കരുതിയതുപോലെ ആയിരക്കണക്കിനു വര്‍ഷമൊന്നും വേണ്ടിവന്നില്ലെന്നും കേവലം 100 വര്‍ഷംകൊണ്ട് ഈ ദിശാമാറ്റം സംഭവിച്ചു എന്നുമാണ് അമ്പരപ്പിക്കുന്ന പുതിയ കണ്ടെത്തല്‍! ഇറ്റലി, ഫ്രാന്‍സ്, കൊളംബിയ യൂണിവേഴ്സിറ്റി, കലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്കിലി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ അടങ്ങിയ ഗവേഷകസംഘമാണ് പാലിയോ മാഗ്നറ്റിക് ഡാറ്റയുടെപിന്‍ബലത്തോടെയാണ് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. സാധാരണ തോതിനെ അപേക്ഷിച്ച് 10 മടങ്ങ് വേഗത്തിലാണ് ഭൂമിയുടെ കാന്തികമണ്ഡലം ഇപ്പോള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നത്.

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഉപഗ്രഹക്കൂട്ടമായ സ്വാം നല്‍കുന്ന വിവരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇങ്ങനെ പോയാല്‍ അടുത്ത ഏതാനും സഹസ്രാബ്ദങ്ങള്‍ക്കുള്ളില്‍ കാന്തികമണ്ഡലത്തിന്റെ അസാധാരണമായ ശോഷണവും കാന്തികധ്രുവങ്ങളുടെ ദിശാമാറ്റവും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഈ രംഗത്തെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പുരാതന തടാകങ്ങള്‍ക്കിടയിലെ അവസാദ അടുക്കുകളിലും ലാവ തണുത്തുറഞ്ഞുണ്ടായ പാളികളിലുമൊക്കെ ഉറങ്ങിക്കിടപ്പുണ്ട് കാന്തികമണ്ഡല വ്യതിയാനത്തിന്റെയും കാന്തിക ധ്രുവമാറ്റത്തിന്റെയുമൊക്കെ അടയാളങ്ങള്‍. പുതിയ പഠനത്തില്‍ ഗവേഷകര്‍ തെരഞ്ഞതും ഇത്തരമൊരു സാധ്യതതന്നെ. ഇറ്റലിയില്‍ റോമിന്റെ കിഴക്കന്‍പ്രദേശത്തുള്ള അപെനൈന്‍ കുന്നുകളുടെ സള്‍മോണാ തടത്തില്‍ അതിപുരാതന തടാകത്തിലെ അവസാദ അടരുകള്‍ അഗ്നിപര്‍വതങ്ങള്‍ തുപ്പിയ ചാരത്തിന്റെ പാളികള്‍ക്കുള്ളില്‍ ഉറഞ്ഞുകിടപ്പുണ്ട്. തടാകത്തിനു സമീപമുള്ള അഗ്നിപര്‍വതപ്രദേശത്ത് അഗ്നിപര്‍വതസ്ഫോടനം ഉണ്ടായപ്പോള്‍ കാറ്റിലൂടെ തടാകത്തിലെത്തിയ ചാരക്കൂമ്പാരമാണിത്.

റോമിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക് ആന്‍ഡ് വോള്‍ക്കാനോളജിയില്‍ ഗവേഷകനായ ലിയോനാര്‍ദോ സാഗ്നോട്ടിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് തടാകത്തിന്റെ അടിയില്‍ പുരാതന അവസാദങ്ങളില്‍ ഉറഞ്ഞിരിക്കുന്ന കാന്തികമണ്ഡലത്തിന്റെ ദിശകള്‍ അളന്നത്. യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ ബെര്‍ക്കിലി ഗവേഷകരായ പോള്‍ റെന്നെ, കോട്നി സ്പ്രെയ്ന്‍ എന്നിവര്‍ പാറകളുടെയും മറ്റും പഴക്കം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ആര്‍ഗണ്‍, ആര്‍ഗണ്‍ ഡേറ്റിങ്ങിലൂടെ അവസാദ അടുക്കുകള്‍ക്കു മുകളിലും താഴെയുമുള്ള ചാരപ്പാളികളുടെ പ്രായം നിര്‍ണയിച്ചു.

ഈ പഠനങ്ങളില്‍നിന്നു ലഭിച്ച പാലിയോമാഗ്നറ്റിക് വിവരങ്ങള്‍ അപഗ്രഥിച്ചാണ് അവസാനമായി കാന്തികധ്രുവ ദിശാമാറ്റം സംഭവിച്ചത് 786000 വര്‍ഷം മുമ്പാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. ഈ അവസാന ദിശാമാറ്റത്തിന് 100 വര്‍ഷമേ വേണ്ടിവന്നുള്ളൂവെങ്കിലും ഇനി വരാന്‍പോവുന്ന ദിശാമാറ്റം ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ പൊടുന്നനെ നടക്കുമോ എന്ന് തീര്‍ത്തുപറയാനാവില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

പ്രധാന വാർത്തകൾ
 Top