18 September Wednesday

ടെലിപോര്‍ട്ടേഷന്‍ പുതിയ മുന്നേറ്റങ്ങള്‍

സീമ ശ്രീലയംUpdated: Friday Sep 20, 2013

നിന്നനില്‍പ്പില്‍ അങ്ങ് പ്രത്യക്ഷമായി നൊടിയിടയില്‍ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുക! ശാസ്ത്രകല്‍പ്പിത കഥകളിലും സ്റ്റാര്‍ ട്രെക് ടെലിവിഷന്‍ സീരിസുകളിലുമൊക്കെ നമ്മെ വിസ്മയത്തുമ്പത്തെത്തിച്ചിട്ടുണ്ട് ടെലിപോര്‍ട്ടേഷന്‍ (eleportation). ഇത് ശരിക്കും യാഥാര്‍ഥ്യമായാല്‍ എങ്ങനെയിരിക്കും? ഇപ്പറഞ്ഞതൊക്കെ ഏതായാലും കുറെക്കാലംകൂടി ഒരു ശാസ്ത്രകല്‍പ്പിത കഥയായിത്തന്നെ തുടരാനാണ് സാധ്യത. ഏതായാലും ദ്രവ്യസംപ്രേഷണത്തിലേക്കുള്ള വഴികള്‍ കൂടുതല്‍ എളുപ്പമാകുകയാണെന്നാണ് ഈയിടെ നടന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. പക്ഷേ അത് ഫോട്ടോണുകളുടെ കാര്യത്തിലാണെന്നുമാത്രം.

 

അത്ഭുതങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍. സെക്കന്‍ഡില്‍ 10,000 ബിറ്റ് ടെലിപോര്‍ട്ടേഷന്‍ നടത്തുക! ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ക്കിടയിലെ ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ എന്ന നൂതന ആശയം യാഥാര്‍ഥ്യമാക്കുകയാണ് സൂറിച്ചിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഊര്‍ജതന്ത്രജ്ഞനായ ആന്‍ഡ്രിയാസ് വാള്‍ റാഫിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍. ആറു മില്ലിമീറ്റര്‍ ദൂരത്തേക്കാണ് ക്വാണ്ടം ബിറ്റുകളുടെ qbit) ടെലിപോര്‍ട്ടേഷന്‍ നടന്നത്. ഒരു സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ടിലാണ് ഈ പരീക്ഷണം നടത്തിയത്. ഒരു ചെറിയ ചിപ്പില്‍ മൂന്നു മൈക്രോണ്‍ വലുപ്പത്തിലുള്ള അതിചാലക സര്‍ക്യൂട്ടുകള്‍ ഘടിപ്പിച്ചു. ഇതില്‍ രണ്ടു സര്‍ക്യൂട്ടുകള്‍ ക്യൂബിറ്റ് അയക്കുന്ന ഭാഗമായും ഒരെണ്ണം അതു സ്വീകരിക്കുന്ന ഭാഗമായും പ്രവര്‍ത്തിച്ചു. ഈ ചിപ്പിനെ കേവലപൂജ്യം (മൈനസ് 273 ഡിഗ്രി സെല്‍ഷ്യസ്) വരെ തണുപ്പിച്ചു. വിവരം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഈ അതിചാലക സര്‍ക്യൂട്ടുകള്‍ക്കിടയില്‍ ക്വാണ്ടം മെക്കാനിക്കിലെ മാജിക് എന്നു വിശേഷിപ്പിക്കുന്ന (quantum entanglement) എന്ന സവിശേഷ ബന്ധനം ഉണ്ടാക്കിയെടുത്തു.

 

നിയന്ത്രിത മൈക്രോവേവ് ഫോട്ടോണ്‍ പള്‍സുകളാണ് ഈ കൂട്ടിപ്പിണഞ്ഞ അവസ്ഥ സൃഷ്ടിക്കാന്‍ ഉപയോഗിച്ചത്. അതിനുശേഷം അവയെ ഭൗതികമായി വേര്‍പെടുത്തി. അപ്പോഴും അവയ്ക്കിടയിലുള്ള ബന്ധനം ഇല്ലാതാവുന്നില്ല എന്നതാണ് പ്രത്യേകത. തുടര്‍ന്ന് വിവരം അയക്കുന്ന സര്‍ക്യൂട്ടിലേക്കു നല്‍കിയ ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ബിറ്റ് ഞൊടിയിടയില്‍ സ്വീകരണ സര്‍ക്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടു. ഒരുവശത്തുനിന്നുള്ള ക്യൂബിറ്റുകള്‍ ആറു മില്ലിമീറ്റര്‍ അകലെയുള്ള സ്വീകരണിയില്‍ എത്തി. സ്വീകരണിയിലേക്ക് വിവരങ്ങള്‍ സഞ്ചരിച്ചെത്തുകയല്ല ചെയ്തത്. പകരം ഒരിടത്തുനിന്ന് അപ്രത്യക്ഷമായി മറ്റൊരിടത്തു പ്രത്യക്ഷപ്പെടുകയാണു ചെയ്തത്. ഇവിടെ വിവരവാഹക കണങ്ങളും സഞ്ചരിക്കുന്നില്ല. വൈദ്യുതകാന്തിക തരംഗങ്ങള്‍ ഉപയോഗിച്ചും മൈക്രോവേവ് തരംഗങ്ങള്‍ ഉപയോഗിച്ചും ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചും ഉള്ള വിവരവിനിമയത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണിത്.

ഫോട്ടോണുകള്‍ ഉപയോഗിച്ചുള്ള ക്വാണ്ടം ടെലിപോര്‍ട്ടേഷനില്‍ ഫോട്ടോണ്‍ നഷ്ടം പരമാവധി കുറച്ച് കാര്യക്ഷമത കൂട്ടാന്‍ സഹായിക്കുന്ന നൂതന മാര്‍ഗവുമായി ഈയിടെ രംഗത്തെത്തിയ ടോക്കിയോ സര്‍വകലാശാലാ ഗവേഷകരുടെ നേട്ടവും പ്രതീക്ഷ നല്‍കുന്നതാണ്. നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം കാര്യക്ഷമതയും വേഗവുമുള്ള ക്വാണ്ടം കംപ്യൂട്ടറുകളുടെ രംഗപ്രവേശത്തിനു വഴിയൊരുക്കുന്ന നേട്ടങ്ങളാണിവ. അതീവ സുരക്ഷിതമായ വിവരവിനിമയ മാര്‍ഗങ്ങള്‍ തേടുന്ന ക്രിപ്റ്റോഗ്രാഫിയിലും പുതിയ വഴിത്തിരിവുണ്ടാകും. അതിനൂതന വാര്‍ത്താവിനിമയ ഉപാധികളും രംഗത്തെത്തും. ദൂരത്തെയും സമയത്തെയും കീഴടക്കാനുള്ള മനുഷ്യന്റെ മോഹത്തിന്റെ പുതിയ മുഖമാണ് ഹ്യൂമന്‍ ടെലിപോര്‍ട്ടേഷന്‍ എന്ന ആശയം. പക്ഷേ ഒട്ടും എളുമല്ല മനുഷ്യസംപ്രേഷണം.

 

മനുഷ്യനെ ടെലിപോര്‍ട്ട് ചെയ്യണമെങ്കില്‍ മനുഷ്യശരീരത്തിലെ ഓരോ കണത്തിന്റെയും സ്ഥാനം, ഊര്‍ജം, ചലനദിശ എന്നിവ കൃത്യമായി തിട്ടപ്പെടുത്തണം. ഈ വിവരങ്ങളൊക്കെ ശേഖരിച്ചുവയ്ക്കണമെങ്കിലോ നിലവിലുള്ള ഡാറ്റാ സ്റ്റോറേജ് ഉപാധികളൊന്നും മതിയാവുകയുമില്ല. ഒന്നിനുശേഷം 22 പൂജ്യം വരുന്ന സംഖ്യ ഒന്നെഴുതിനോക്കു. അത്രയും ഗിഗാബൈറ്റ് വിവരസംഭരണശേഷിയുള്ള ഹാര്‍ഡ് ഡ്രൈവുകള്‍ വേണ്ടിവരും ഇതിനെന്നാണ് ഏകദേശ കണക്ക്. മനുഷ്യശരീരത്തിലെ ഓരോ കോശവും സ്കാന്‍ചെയ്ത് ആ പ്രത്യേകതകള്‍ വിദൂരതയിലേക്ക് അയക്കാനും ആ വിവരങ്ങള്‍ ഉപയോഗിച്ച് അവിടെ മനുഷ്യനെ പുനര്‍നിര്‍മിക്കാനുമുള്ള ഒരു മാര്‍ഗവും ഇതുവരെ യാഥാര്‍ഥ്യമായിട്ടുമില്ല.

 

ഒരു ഫാക്സ്മെഷീന്‍ നിര്‍മിക്കുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല ഇത്. ഫോട്ടോണുകളിലും ആറ്റങ്ങളിലും വിസ്മയങ്ങള്‍ വിരിയിക്കുന്ന ടെലിപോര്‍ട്ടേഷന്‍ വലിയ പദാര്‍ഥങ്ങളിലും മനുഷ്യരിലും യാഥാര്‍ഥ്യമാവുന്ന കാലമെത്താന്‍ ഇനിയും കാത്തിരിപ്പ് ഒരുപാട് വേണ്ടിവരുമെന്നു സാരം. seemasreelayam@gmail.com

പ്രധാന വാർത്തകൾ
 Top