04 July Saturday

ഭ്രൂണത്തിലെ ക്രിസ്പർ ജീൻ എഡിറ്റിങ് വീണ്ടും

വെബ് ഡെസ്‌ക്‌Updated: Friday Dec 14, 2018


ക്രിസ്പർ ജീൻ എഡിറ്റിങ് സങ്കേതത്തിലൂടെ ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുഞ്ഞുങ്ങൾ പിറവിയെടുത്തുകഴിഞ്ഞുവെന്നാണ്‌ കഴിഞ്ഞയാഴ്‌ച പുറത്തുവന്ന റിപ്പോർട്ടുകൾ.  ഹോങ്കോങ്ങിൽ ഈയിടെ നടന്ന അന്താരാഷ‌്ട്ര ജീനോം എഡിറ്റിങ് ഉച്ചകോടിയുടെ തലേദിവസം ചൈനീസ് ശാസ്ത്രജ്ഞനായ ഹി ജിയാൻകുയി തന്റെ ജീൻ എഡിറ്റിങ് പരീക്ഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ വിവരങ്ങൾ കൗതുകത്തിനപ്പുറം അമ്പരപ്പും ആശങ്കയും ഉയർത്തിയിരിക്കുന്നു.   ചൈനയിലെ ഷെൻസെനിലുള്ള സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ‌് ടെക്നോളജി ഗവേഷകനായ ഹീ ജിയാൻകുയിയുടെ നേതൃത്വത്തിലുള്ള ഗവേഷകർ എച്ച്ഐവിബാധയെ ചെറുക്കാൻ കഴിയുംവിധം ജനിതകമാറ്റം വരുത്തിയ ഇരട്ടപ്പെൺകുഞ്ഞുങ്ങളെയാണ് സൃഷ്ടിച്ചതെന്നാണ്‌ അറിയിച്ചത്‌.   ഈ പരീക്ഷണത്തിന്റെ ധാർമിക, നൈതിക പ്രശ്നങ്ങൾ ചർച്ചകൾക്കു വഴിയൊരുക്കിക്കഴിഞ്ഞു.

ജനിതകമാറ്റത്തിന്റെ വഴികൾ
വന്ധ്യതാനിവാരണ ചികിത്സയ‌്ക്കെത്തിയ ഏഴു ദമ്പതികളിലായിരുന്നു പരീക്ഷണം.  ഇതിനായി ഏഴു ദമ്പതികളിൽനിന്ന‌് ഐവിഎഫ് മാർഗത്തിലൂടെ സൃഷ്ടിച്ച 22 ഭ്രൂണങ്ങളിൽ ക്രിസ്പർ കാസ്9 എന്ന  വിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റിങ് നടത്താൻ ശ്രമിച്ചെങ്കിലും 16 എണ്ണത്തിലേ ഇതു വിജയിച്ചുള്ളൂ. ഇതിൽ 11 എണ്ണം പരീക്ഷണത്തിനു വിധേയരായ സ്ത്രീകളുടെ ഗർഭപാത്രങ്ങളിൽ നിക്ഷേപിച്ചെങ്കിലും ഗർഭധാരണം സാധ്യമായത് ഒരാളിൽമാത്രമായിരുന്നു.

എച്ച്ഐവിയെ ചെറുക്കാൻകഴിവുള്ള കുഞ്ഞുങ്ങളുടെ സൃഷ്ടിക്കായി ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിൽത്തന്നെ രക്തകോശങ്ങളിൽ ജിയാൻകുയി ജീൻ എഡിറ്റിങ് നടത്തി.   ഇതിനായി ശ്വേതരക്താണുക്കളിൽ അത്യപൂർവമായ ഒരു ജനിതകമാറ്റം വരുത്തി. ശ്വേതരക്താണുക്കളുടെ ഉപരിതലത്തിലെ സിസിആർ5 ജീൻ  ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ ഒഴിവാക്കി. ഈ ജീൻ നിർമിക്കുന്ന പ്രോട്ടീൻ ആണ് എച്ച്ഐവി രോഗാണുക്കൾക്ക് കോശത്തിനുള്ളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നത്. അപ്പോൾ ഈ ജീൻ ഇല്ലാത്ത  കോശങ്ങൾക്ക് എച്ച്ഐവിബാധ ചെറുക്കാൻ കഴിയും! ഇതാണ് ചൈനീസ് ശാസ്ത്രജ്ഞർ പുറത്തുവിട്ട ഗവേഷണവിവരങ്ങൾ. 

ഏതെങ്കിലുമൊരു സയൻസ് ജേണലിൽ ഗവേഷണറിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ യാണ്‌ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ. അതുകൊണ്ടുതന്നെ കൂടുതൽ പരിശോധനകൾക്കുശേഷമേ ഈ വെളിപ്പെടുത്തലിന്റെ ആധികാരികതയും വിശ്വാസ്യതയും  ഉറപ്പുവരുത്താൻ കഴിയൂ എന്ന നിലപാടിലാണ് ഈ രംഗത്ത്‌ ഗവേഷണത്തിലുള്ള മറ്റുരാജ്യങ്ങളിലെ ചില ശാസ്ത്രജ്ഞർ.

പിതാവിന്റെ ബീജത്തിൽനിന്നു ഭ്രൂണത്തിലേക്കു നേരിട്ടുള്ള എച്ച്ഐവിബാധ തടയാനല്ല ഇവിടെ ഗവേഷകർ ശ്രമിച്ചത്. പകരം ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ജനിതകമാറ്റത്തിലൂടെ രോഗബാധയെ ചെറുക്കാനുള്ള ശേഷി നൽകുക എന്നതായിരുന്നു ജിയാൻകുയിയുടെ ലക്ഷ്യം. ഭ്രൂണാവസ്ഥയിലുള്ള ജനിതക പരിഷ്‌കരണം (ജേം ലൈൻ എൻജിനിയറിങ്) വിമർശനവിധേയമാകാനുള്ള ഒരു കാരണം ഇത്തരം മാറ്റങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്നതുതന്നെ. യുഎസ് അടക്കം രാജ്യങ്ങളിലും മനുഷ്യഭ്രൂണങ്ങളിൽ നടത്തുന്ന ജനിതകമാറ്റങ്ങൾക്ക് കർശന വിലക്കുകളുണ്ട്.

ഭ്രൂണത്തിൽ മുമ്പും ജീൻ എഡിറ്റിങ്

ഇതിനുമുമ്പും മനുഷ്യഭ്രൂണങ്ങളിൽ ക്രിസ്പർ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ചൈനയിൽ സൺയാറ്റ്സൺ യൂണിവേഴ്സിറ്റി ഗവേഷകനായ ജുൻഷ്യു ഹുവാങ്ങിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ആദ്യമായി മനുഷ്യഭ്രൂണങ്ങളിൽ ക്രിസ്പർ ജീൻ എഡിറ്റിങ് നടത്തിയത്.  ബ്രിട്ടനിൽ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർക്ക് ഭ്രൂണത്തിലെ ജനിതക എഡിറ്റിങ്ങിന് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ‌് എംബ്രിയോളജി അതോറിറ്റി അനുമതി നൽകിയതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിലെ രഹസ്യങ്ങൾ ചുരുൾനിവർത്തി ഐവിഎഫ് ചികിത്സയുടെ വിജയസാധ്യത കൂട്ടുക, ജനിതക രോഗങ്ങളില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുക എന്നിവയൊക്കെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നായിരുന്നു ഈ ഗവേഷകസംഘങ്ങളുടെ അവകാശവാദം.

പോർട്ട്ലാന്റിലെ ഓറിഗൺ ഹെൽത്ത് ആൻഡ‌് സയൻസ് യൂണിവേഴ്സിറ്റിയിൽ ഷൂഖ്റത്ത് മിതാലിപ്പോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ മനുഷ്യഭ്രൂണത്തിൽ ക്രിസ്പർ ജീൻ എഡിങ് നടത്തിയതും വൻ വാർത്തയായി. ബീറ്റ തലാസ്സീമിയ പോലുള്ള പാരമ്പര്യരോഗങ്ങൾക്ക് നിദാനമായ ജീനുകളിൽ ഭ്രൂണാവസ്ഥയിൽത്തന്നെ എഡിറ്റിങ് നടത്തി അത്തരം രോഗങ്ങളെ തടയാനാണ് തങ്ങളുടെ ശ്രമമെന്നും അല്ലാതെ ഡിസൈനർ ശിശുക്കളുടെ സൃഷ്ടി അല്ല ലക്ഷ്യമെന്നുമാണ്  മിതാലിപ്പോവ് പറയുന്നത്. ഇത്തരം പരീക്ഷണങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള യുഎസിൽ നടന്ന പരീക്ഷണം ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകതന്നെ ചെയ്തു. എന്നാൽ, ഈ പരീക്ഷണങ്ങളിലെല്ലാം ഏതാനും ദിവസങ്ങൾ മാത്രമേ മനുഷ്യഭ്രൂണങ്ങൾ പരീക്ഷണശാലയിൽ വളരാൻ അനുവദിച്ചുള്ളൂവെന്നും ഇതിൽ ഒന്നുപോലും ഗർഭപാത്രത്തിൽ നിക്ഷേപിച്ചുവളർത്തിയെടുത്തില്ല എന്നുമാണ് ഗവേഷകർ പറയുന്നത്.

കർശനനിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ട് പരീക്ഷണശാലകളിൽ മനുഷ്യഭ്രൂണങ്ങളിൽ ജനിതകപരിഷ‌്കരണം, ഭിന്നജീവി സങ്കരങ്ങളെ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ, മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങൾ എന്നിവയൊക്കെ നടക്കുന്നുണ്ടെന്ന് പലപ്പോഴായി പുറത്തുവന്ന റിപ്പോർട്ടുകൾ സൂചന നൽകിയിട്ടുണ്ട്. പ്രകൃതിനിയമങ്ങളെ മുഴുവൻ കാറ്റിൽപ്പറത്തിക്കൊണ്ട് ഇത്തരം പരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞരെ കാത്തിരിക്കുന്നത്  മേരി ഷെല്ലിയുടെ പ്രശസ്ത സയൻസ് ഫിക്ഷനിലെ ഫ്രാങ്കൻസ്റ്റൈൻ എന്ന ശാസ്ത്രജ്ഞന്റെ അവസ്ഥയാവുമോ  എന്ന ആശങ്കയും ഒരുവിഭാഗം പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങൾക്കായി പരീക്ഷണശാലയിൽ മനുഷ്യഭ്രൂണങ്ങൾ സൃഷ്ടിക്കുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിലെ ധാർമികതയും നൈതികതയുമൊക്കെ വൻ ചർച്ചാവിഷയമാണിപ്പോൾ.
 

ഡിസൈനർ ശിശുക്കളുടെ  ലോകം
ഡിസൈനർ ശിശുക്കളുടെ പിറവിയാണ് ഭ്രൂണാവസ്ഥയിലുള്ള ജനിതക പരിഷ‌്കരണം ഉയർത്തുന്ന പ്രധാന ആശങ്ക. ഭ്രൂണാവസ്ഥയിൽത്തന്നെ സ്വന്തം കുഞ്ഞിന്റെ ഭാവി തീരുമാനിക്കാനുള്ള അവസരം മാതാപിതാക്കൾക്ക് ലഭിച്ചാൽ ഉണ്ടാവുന്ന പൊല്ലാപ്പുകൾ ചില്ലറയൊന്നുമല്ല. ബുദ്ധിശക്തി, സർഗാത്മകശേഷി, കലാ കായിക ശേഷികൾ, ഉയർന്ന രോഗപ്രതിരോധശേഷി തുടങ്ങി അഭിലഷണീയമായ ഗുണങ്ങളൊക്കെ അനുയോജ്യമായ തോതിൽ കൂട്ടിച്ചേർത്തൊരു രൂപകൽപ്പന ഭ്രൂണവളർച്ചയുടെ ആദ്യഘട്ടത്തിൽത്തന്നെ സാധ്യമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എല്ലാം തികഞ്ഞവരും ഒന്നിനും കൊള്ളാത്തവരും എന്ന വലിയ അന്തരത്തിലേക്ക് എത്തിക്കാനേ ഈ അഭിനവ യൂജനിക്സ് ഉപകരിക്കൂ എന്ന കാര്യവും ഒരു വിഭാഗം ശാസ്ത്രജ്ഞരും ബയോ എത്തിക്സ് വിദഗ്ധരും  ചൂണ്ടിക്കാണിക്കുന്നു. ഒരു വ്യക്തിയുടെ ഭാവി ഭ്രൂണാവസ്ഥയിൽത്തന്നെ തീരുമാനിക്കപ്പെടുമ്പോൾ  സ്വയം തെരഞ്ഞെടുപ്പിനുള്ള അവകാശംകൂടിയാണ് ഹനിക്കപ്പെടുന്നത്.

ജനിതകരോഗങ്ങളെയും അർബുദംപോലുള്ള മാരകരോഗങ്ങളെയുമൊക്കെ പേടിക്കുകയേ വേണ്ടാത്ത ഒരു കാലം! അതാണ് ക്രിസ്പർ കാസ് 9 എന്ന ജീൻ എഡിറ്റിങ് സങ്കേതം നൽകുന്ന വാഗ്ദാനം. ഈ നൂറ്റാണ്ടിലെ വിസ്മയനേട്ടം എന്നാണ് ക്രിസ്പർ വിശേഷിപ്പിക്കപ്പെടുന്നത്

ക്രിസ്പറും പ്രതീക്ഷകളും
ജനിതകരോഗങ്ങളെയും അർബുദംപോലുള്ള മാരകരോഗങ്ങളെയുമൊക്കെ പേടിക്കുകയേ വേണ്ടാത്ത ഒരു കാലം! അതാണ് ക്രിസ്പർ കാസ് 9 എന്ന ജീൻ എഡിറ്റിങ് സങ്കേതം നൽകുന്ന വാഗ്ദാനം. ഈ നൂറ്റാണ്ടിലെ വിസ്മയനേട്ടം എന്നാണ് ക്രിസ്പർ വിശേഷിപ്പിക്കപ്പെടുന്നത്. ക്ലസ്റ്റേഡ് റഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പാലിൻഡ്രോമിക് റിപ്പീറ്റ്സ് എന്നാണ് ക്രിസ്പറിന്റെ (ഇഞകടജഞ)  പൂർണരൂപം.  ഇത് ഡിഎൻഎയിൽ ഒരു തന്മാത്രാകത്രികപോലെയാണ് പ്രവർത്തിക്കുക. ഇതുപയോഗിച്ച് ഡിഎൻഎയിൽ കിറുകൃത്യമായി ജീൻ മുറിക്കാം. തകരാറുള്ള ജീൻ ഒഴിവാക്കാം. അറ്റകുറ്റപ്പണികൾ നടത്താം. പുതിയത് തുന്നിച്ചേർക്കുകയും ചെയ്യാം! ഇതിൽ കാസ്9 എന്ന എൻസൈം ആണ് നിശ്ചിതഭാഗത്ത് ഡിഎൻഎയെ മുറിക്കുന്നത്. ഈ എൻസൈമിനെ നിശ്ചിതസ്ഥാനത്ത് എത്തിക്കാനുള്ള വഴികാട്ടിയായി ഒരു ഗൈഡ് ആർഎൻഎയും ഉപയോഗിക്കുന്നു.

ചൈനയിലെ സിചുവാൻ യൂണിവേഴ്സിറ്റി ഗവേഷകർ ശ്വാസകോശാർബുദം ബാധിച്ച ഒരു രോഗിയുടെ പ്രതിരോധകോശങ്ങളിൽ ക്രിസ്പർ ഉപയോഗിച്ചുനടത്തിയ ജീൻ എഡിറ്റിങ്ങിന്റെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. എലികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ക്രിസ്പർവിദ്യ ഉപയോഗിച്ച് ചർമകോശങ്ങളെ വിത്തുകോശങ്ങളാക്കി മാറ്റാമെന്നു തെളിയിച്ചു കഴിഞ്ഞു സാൻഫ്രാൻസിസ‌്കോയിലെ  ഗ്ലാഡ്സ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ. സംയോജകകലകളെ ന്യൂറോണുകളാക്കി മാറ്റാമെന്നാണ് ഡ്യൂക്ക് സർവകലാശാലാഗവേഷകരുടെ കണ്ടെത്തൽ.  അപൂർവജനിതക രോഗങ്ങൾക്കു കാരണമാകുന്ന ജനിതക ഉൽപ്പരിവർത്തനങ്ങൾക്ക് ക്രിസ്പർ ജീനോം സർജറിയിലൂടെ പരിഹാരം കാണാനുള്ള ശ്രമത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് കാലിഫോർണിയ സർവകലാശാല സാൻഫ്രാൻസിസ‌്കോയിലെയും കലിഫോർണിയ സർവകലാശാല ബെർക്കിലിയിലെയും ഗവേഷകർ.  ശാസ്ത്രകല്പിതകഥകളെയും വെല്ലുന്നതരത്തിലാണ് ക്രിസ്പർ ജീൻ എഡിറ്റിങ്  ഗവേഷണങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. മനുഷ്യഭ്രൂണങ്ങളിലെ ക്രിസ്പർ ജീൻ എഡിറ്റിങ് കടുത്ത എതിർപ്പു നേരിടുന്നുണ്ടെങ്കിലും  ജനിതക എൻജിനിയറിങ്ങിലും ബയോ മെഡിക്കൽരംഗത്തും പ്രതീക്ഷയുടെ പച്ചത്തുരുത്തുതന്നെയാണ് ക്രിസ്പർ.


പ്രധാന വാർത്തകൾ
 Top