ലൂണ -9 ഇറങ്ങിയതുപോലെ, സർവേയർ പേടകങ്ങൾ ഇറങ്ങിയതു പോലെ, നീൽ ആംസ്ട്രോങ്ങുമായി ഈഗിൾ ഇറങ്ങിയതുപോലെ ഐഎസ്‌ആർഒയുടെ ചാന്ദ്രയാൻ- 3ലെ ലാൻഡറും ചന്ദ്രനിൽ പതുക്കെ ഇറങ്ങി. ഇതുവരെയും ആരും സോഫ്‌റ്റ് ലാൻഡ് ചെയ്യാത്ത ദക്ഷിണ ധ്രുവത്തിലാണെന്നതാണ് പ്രധാനം. അതും പ്രപഞ്ച രഹസ്യങ്ങളുടെ കലവറയിലേക്ക്. ചെന്നിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലാൻഡറിൽനിന്ന് റാമ്പുവഴി റോവർ പുറത്തിറങ്ങി ചാന്ദ്രപ്രതലത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ലാൻഡറും റോവറും പര്യവേക്ഷണം ആരംഭിച്ചു.
ഭൂമിയിലെ 14 ദിവസത്തിനു സമാനമായ ചന്ദ്രനിലെ ഒരു ദിവസം കഴിയുമ്പോൾ അവിടെ സൂര്യൻ അസ്തമിക്കും. അതുവരെ ലാൻഡറും റോവറും പ്രവർത്തിച്ചുകൊണ്ടിരിക്കും. ആ പകൽ കഴിഞ്ഞു പിന്നെ വരുന്ന രാത്രിയിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ ‘അവർക്കു’ സാധിക്കില്ല.
അത്ര എളുപ്പമല്ല
സോഫ്‌റ്റ് ലാൻഡിങ്
അത്ര പ്രയാസമുണ്ടോ ചന്ദ്രനിൽ ഒരു പേടകം ഇറക്കാൻ. ഇല്ലെങ്കിൽ പിന്നെ ചന്ദ്രനിൽ ആദ്യമായി ലൂണ 9 ഇറക്കിയ സോവിയറ്റ് യൂണിയന്റെ പിൻഗാമികളായ റഷ്യയുടെ ലൂണ -25 എന്തുകൊണ്ട് പരാജയപ്പെട്ടു. ചാന്ദ്രയാൻ -2 എന്തുകൊണ്ട് അവസാന നിമിഷം നിയന്ത്രണം വിട്ടു തകർന്നു.സമീപകാലത്ത് ഇസ്രേലിന്റെ ബെയർഷീറ്റ് എന്ന ലാൻഡർ എന്തുകൊണ്ട് വിജയിച്ചില്ല. യുഎഇ ദൗത്യം പാളിയതിന് കാരണമെന്ത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നത് ഒട്ടും എളുപ്പമല്ലെന്ന് പലതവണ തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തിൽ. ആറ് അപ്പോളോ ദൗത്യ പേടകങ്ങളടക്കം 16 തവണയേ ഇതുവരെ ചന്ദ്രനിൽ പതുക്കെ ഇറങ്ങിയിട്ടുള്ളൂ. ദക്ഷിണ ധ്രുവത്തിൽ അവരാരും ഇറങ്ങിയിട്ടുമില്ല. ഇതിനുമുമ്പ് സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും മാത്രമേ ചന്ദ്രനിൽ മറ്റു പല ഇടങ്ങളിലുമായി പതുക്കെ ഇറങ്ങിയിട്ടുള്ളൂ.
എൽവിഎം-3 എന്ന ഭീമാകാരൻ റോക്കറ്റാണ് ചാന്ദ്രയാൻ- 3നെ ആദ്യ ഭ്രമണപഥത്തിൽ എത്തിച്ചത്. തുടർന്നുള്ള യാത്രകൾക്ക് കരുത്തേകിയത് സഹയാത്രികനായ പ്രൊപ്പൽഷൻ മൊഡ്യൂളും. ജൂലൈ 14ന് ഭ്രമണപഥത്തിൽ എത്തിച്ച ചാന്ദ്രയാൻ -3 വിവിധ ഭ്രമണപഥങ്ങളിൽ ഭൂമിയെ ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ അടുത്തേക്ക് കുതിച്ചത്. അവിടെയും വിവിധ ദീർഘവൃത്ത ഭ്രമണപഥങ്ങളിൽ ചന്ദ്രനെ ചുറ്റിയശേഷം പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഉപേക്ഷിച്ച് ലാൻഡർ മൊഡ്യൂൾ ഒറ്റക്കായി. 18ന് ലാൻഡർ 25 കിലോമീറ്റർ പെരിജിയുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലെത്തി. അവിടെ തുടരവെയാണ് ചന്ദ്രനിലേക്കുള്ള ഇറക്കം ആരംഭിക്കുന്നത്.
ചാന്ദ്രയാൻ 3ലെ ലാൻഡറിൽനിന്ന് റോവർ പുറത്തേക്ക് വരുന്നു
ചാന്ദ്രയാൻ -3 ലാൻഡറിന്റെ സോഫ്‌റ്റ് ലാൻഡിങ് അഥവാ പതിയെ ഇറക്കം അത്യന്തം സങ്കീർണമായിരുന്നു. ചന്ദ്രന്റെ പ്രതലത്തിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽനിന്നാണ് ഇറക്കം ആരംഭിച്ചത്. നേരെ താഴേക്കല്ല ഇറങ്ങേണ്ടത്. തിരശ്‌ചീനമായി സഞ്ചരിച്ച് 750 കിലോമീറ്റർ അകലെയാണ് ഇറങ്ങേണ്ടത്. അത്രയും ദൂരം താണ്ടുമ്പോഴേക്കും 30 കിലോമീറ്റർ ഉയരം ഇല്ലാതാവുകയും വേണം. അവിടെയാണ് സാങ്കേതിക മികവ്. ഭൂമിയിൽ ഒരുദാഹരണം നോക്കാം. 30 കിലോമീറ്റർ ഉയരത്തിൽനിന്ന് നാലു കാലുള്ള ഒരു പേടകത്തെ ഭൂമിക്ക് സമാന്തരമായി വിക്ഷേപിക്കുക. അത് 750 കിലോമീറ്റർ അകലെ ചെന്ന് വീഴണം. വീഴുമ്പോൾ നാല് കാലിൽ തന്നെ വീഴണം. അങ്ങനെ വീഴണമെങ്കിൽ നാലു കാലും കീഴ്പ്പോട്ടാക്കണം. ഇത് ഭൂമിയിലെ ഉദാഹരണം. എന്നാൽ ചന്ദ്രനിലെ അവസ്ഥ ഭൂമിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. ചന്ദ്രനിൽ അന്തരീക്ഷമില്ല. അതുകൊണ്ട് ഘർഷണംമൂലം വേഗത കുറയുന്നില്ല. ഗുരുത്വാകർഷണമാണെങ്കിൽ ഭൂമിയിൽ ഉള്ളതിന്റെ എട്ടിൽ ഒന്നും! എന്നാലും പേടകം നാലു കാലിൽ തന്നെ ഇറങ്ങണം. പതുക്കെ ഇറങ്ങണം. ഉദ്ദേശിച്ച സ്ഥലത്തു തന്നെ ഇറങ്ങണം. കടുകിട തെറ്റിയാൽ എല്ലാം പാളും. ഇവിടെയാണ് ചാന്ദ്രയാൻ 2ന് പിഴച്ചതും ചാന്ദ്രയാൻ 3 വിജയിച്ചതും.
ഭീതിത നിമിഷം
19 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ചന്ദ്രനിലേക്കുള്ള ഇറക്കം. ‘ഭീതിതവും ഉദ്വേഗജനകവുമായ’ നിമിഷങ്ങളുടെ നാല് ഘട്ടങ്ങൾ. ആദ്യത്തെ ഘട്ടമാണ് "റഫ് ബ്രേക്കിംഗ്’. ആദ്യം ലാൻഡറിന്റെ നാല് 800 -ന്യൂടൺ ശക്തിയുള്ള റോക്കറ്റ് എൻജിനുകളും പ്രവർത്തിച്ചു തുടങ്ങുന്നു. 30 കിലോമീറ്റർ ഉയരത്തിൽനിന്ന് ഉയരം ഏഴ് കിലോമീറ്റർ ആയി കുറയുന്നത് വരെ, ഏകദേശം 12 മിനിറ്റ് ത്രസ്റ്റർ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. സാധാരണയായി റോക്കറ്റുകൾ പ്രവർത്തിപ്പിക്കുന്നത് വേഗത കൂട്ടാനാണ്. ഇവിടെ ത്രസ്റ്റർ പ്രവർത്തിപ്പിച്ചത് എതിർ ദിശയിലേയ്ക്കാണ്; അതായത് വേഗത കുറയ്‌ക്കാൻ. ഇറക്കം ആരംഭിക്കുമ്പോൾ ലാൻഡറിന്റെ തിരശ്ചീന വേഗത സെക്കൻഡിൽ 1.68 കിലോമീറ്റർ ആയിരുന്നത് കുറച്ചു വേഗത ഇല്ലാത്ത അവസ്ഥയിൽ (0.0 കിലോമീറ്റർ) എത്തിച്ചു. സെക്കൻഡിൽ 1.68 കിലോമീറ്റർ വലിയ വേഗതയാണ്. ശരാശരി വിമാനം പറക്കുന്നതിന്റെ ആറ് ഇരട്ടി വേഗത.
ഇനിയാണ് ഹ്രസ്വവും നിർണായകവുമായ അടുത്ത ഘട്ടം. 10 സെക്കൻഡ് ദൈർഘ്യമുള്ള ‘ആറ്റിറ്റ്യൂഡ് ഹോൾഡ്’. ഇതാണ് ലാൻഡർ സ്ഥിരത കൈവരിക്കുന്ന ഘട്ടം. ഒരു പൂച്ചയാണ് വീഴുന്നതെകിൽ അത് നാലു കാലിൽ വീഴണം. അല്ലെങ്കിൽ അതിന്റെ എല്ലൊടിയും. ലാൻഡർ ഇറങ്ങുമ്പോഴും അത് നാലു കാലിൽ തന്നെ ഇറങ്ങണം. അതിനായി നാലു കാലുകളും താഴേക്ക് ആക്കണം. ലാൻഡറിലെ എട്ട് ചെറിയ ത്രസ്റ്ററുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. പേടകത്തിലെ വിവിധ ലാൻഡിങ് സെൻസറുകളുടെ സഹായവും ലഭിച്ചു, ഒപ്പം ചന്ദ്രന്റെ പ്രതലത്തിൽ പതിയെ ഇറങ്ങാനുള്ള സ്ഥിരത നേടി.
സ്ഥിരത നേടിയതിനുശേഷമുള്ള മൂന്നു മിനിറ്റ് "ഫൈൻ ബ്രേക്കിങ്’ ഘട്ടമാണ് . ഈ ഘട്ടത്തിൽ നാല് പ്രധാന എൻജിനുകളിൽ രണ്ടെണ്ണം മാത്രം ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 850 മീറ്റർവരെ താഴേക്ക് എത്തുന്നു. അവിടയും ഒരു ഹ്രസ്വമായ ‘വിശ്രമം’ . ഈ സമയത്താണ് ലാൻഡർ ഇറങ്ങുന്ന സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഇവിടെയാണ് ആ ചിത്രങ്ങൾ ‘ഓർമ്മ’ യിൽ സൂക്ഷിച്ച ചിത്രങ്ങളുമായി ഒത്തു നോക്കി, നേരത്തെ നിശ്ചയിച്ച സ്ഥലത്തു തന്നെയാണ് ഇറങ്ങുന്നത് എന്ന് ഉറപ്പ് വരുത്തിയത്. സ്വയം നിയന്ത്രണ സംവിധാനത്തിന്റെ കരുത്തിൽ.
അവസാന ഘട്ടം വിജയം
അവസാനത്തെ "ടെർമിനൽ ഡിസെന്റ്" ഘട്ടത്തിൽ, ലാൻഡർ ഉപരിതലത്തിൽ നിന്ന് ഏകദേശം 150മീറ്റർ ഉയരം വരെ ഇറങ്ങി, താഴെ വല്ല അപകടവും പതിയിരിക്കുന്നുണ്ടോ എന്നു പരിശോധിച്ച് , ഇറക്കം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം പതുക്കെ അവിടെ ഇറങ്ങി. അങ്ങനെ ചാന്ദ്രയാൻ-3 ന്റെ ലാൻഡർ ദക്ഷിണധ്രുവത്തിനടുത്ത് നിർദിഷ്ട സ്ഥാനത്തിനടുത്തെ സുരക്ഷിതമായി ചന്ദ്രനെ സ്പർശിച്ചത്. അതോടെ വലിയ ശാസ്‌ത്ര നേട്ടമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണ ധ്രൂവത്തിലിറങ്ങുന്ന ആദ്യ രാജ്യവും.
(ഐഎസ്‌ആർഒയിലെ മുൻ
ശാസ്‌ത്രജ്ഞനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..