23 July Tuesday

ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം; ഓസീസിനെ തകർത്തത് 36 റൺസിന്

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ഓവൽ> ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനു നിശ്ചിത ഓവറിൽ എല്ലാവരുടെയും വിക്കറ്റ് നഷ്ടമായി. ഓസീസിനായി സ്റ്റീവ് സ്മിത്ത്(70 പന്തിൽ 69), വാർണർ(84 പന്തിൽ 56) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

ഓപ്പണിങ് കൂട്ടുകെട്ടിൽ സ്കോർ 61ൽ എത്തിനിൽക്കേ 36 റൺസ് എടുത്ത് ഫിഞ്ച് പുറത്തായെങ്കിലും വാർണറും സ്മിത്തും ചേർന്ന് കളി മുന്നോട്ടു കൊണ്ടുപോയി. വാർണർ 56 റൺസെടുത്ത് 24ആം ഓവറിൽ പുറത്തായെങ്കിലും പിന്നീടെത്തിയ ഉസ്മാൻ ഖവാജ 39 പന്തിൽ 42 റൺസെടുത്ത് സ്മിത്തിന് മികച്ച പിന്തുണ നൽകി. 36ആം ഓവറിൽ ബുംറയുടെ പന്തിൽ ഖവാജ പുറത്തായെങ്കിലും പിന്നീടെത്തിയ മാക്‌സ്‌വെൽ സ്മിത്തുമായി ചേർന്ന് സ്കോറിങ് വേഗം ഉയർത്തി.

ഒരുഘട്ടത്തിൽ ഓസീസ് ജയിക്കുമെന്ന് നിലയിലെത്തിയപ്പോളാണ് ഭുവനേശ്വർ കുമാറിന്റെ 39ആം ഓവറിൽ സ്മിത്തും ആറാമനായി ഇറങ്ങിയ സ്റ്റോയ്‌നിസും(2 പന്തിൽ ൦) പുറത്താകുന്നത്. തൊട്ടടുത്ത ഓവറിൽ മാക്സ്‌വെല്ലിനെ(14 പന്തിൽ 28) യുസ്‌വേന്ദ്ര ചഹൽ പുറത്താക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.

അവസാന ഓവറുകളിൽ അലക്സ് കാരെ പുറത്താകാതെ (35 പന്തിൽ 55) രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യക്കായി ബുംറ, ബുവനേശ്വർ കുമാർ എന്നിവർ മൂന്നും ചഹൽ രണ്ടും വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തിരുന്നു. ഇന്ത്യക്കായി ശിഖർ ധവാൻ (117) സെഞ്ചുറിയും വിരാട് കോഹ്ലി( 82) രോഹിത് ശർമ( 57) എന്നിവർ അർദ്ധ സെഞ്ചുറിയും പാണ്ഡ്യ 48 റൺസും നേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top