24 January Thursday

ലോകം കീഴടക്കി ഫ്രാന്‍സ് ചാംപ്യന്മാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 15, 2018

മോസ്‌‌കോ > റഷ്യന്‍ മണ്ണില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രഞ്ച് പട. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ചാംപ്യന്മാരായത്‌. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ജേതാക്കളാകുന്നത്. 1998 ലാണ് ഫ്രാന്‍സ് ഇതിനുമുമ്പ് ലോകകപ്പില്‍ മുത്തമിട്ടത്. ലോകകപ്പിലെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി ക്രൊയേഷ്യ മടങ്ങി.

ഗോളുകള്‍-മിനിറ്റില്‍

18: മരിയോ മാന്‍സൂകിച്ച് (ക്രൊയേഷ്യ, സെല്‍ഫ് ഗോള്‍) ഫ്രാന്‍സ് 1 - ക്രൊയേഷ്യ - 0
28: ഇവാന്‍ പെരിസിച്ച് (ക്രൊയേഷ്യ) ഫ്രാന്‍സ് 1 - ക്രൊയേഷ്യ - 1
38: അന്റോയിന്‍ ഗ്രീസ്‌മന്‍ (ഫ്രാന്‍സ്) ഫ്രാന്‍സ് 2 - ക്രൊയേഷ്യ - 1
59: പോള്‍ പോഗ്ബ (ഫ്രാന്‍സ്) ഫ്രാന്‍സ് 3 - ക്രൊയേഷ്യ - 1
65: കിലിയന്‍ എംബപെ (ഫ്രാന്‍സ്) ഫ്രാന്‍സ് 4 - ക്രൊയേഷ്യ -1
69: മരിയോ മാന്‍സൂകിച്ച് (ക്രൊയേഷ്യ) ഫ്രാന്‍സ് 4 - ക്രൊയേഷ്യ -2

ആക്രമിച്ചു കളിക്കുന്ന ക്രൊയേഷ്യ ഗോള്‍ നേടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ അപ്രതീക്ഷിതമായി ഫ്രാന്‍സ് സ്‌കോര്‍ ബോര്‍ഡ് തുറന്നു.  അപകടകരമല്ലാതിരുന്ന ഗ്രീസ്‌മാന്റെ നീക്കം തടയാന്‍ മാഴ്‌‌‌സലോ ബ്രോസോവിക് കടുത്ത പ്രയോഗം നടത്തി. റഫറി ഫ്രീകിക്കിന് വിസല്‍ മുഴക്കി. ഗ്രീസ്മാന്‍ വില്ലു പോലെ വളച്ച് രണ്ടാം പോസ്റ്റിലേക്കു അയച്ച പന്ത് നിരന്നുനിന്ന പ്രതിരോധക്കാര്‍ക്ക് ഇടയിലൂടെ ചാടിയ വരാനെയ്ക്ക് കിട്ടിയില്ല. പിന്നില്‍ ചാടിയ മരിയോ മാന്‍സുകിചിന്റെ തലയില്‍ തട്ടി പന്ത് വലയില്‍(1-0). ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ ആദ്യ സെല്‍ഫ് ഗോള്‍.  ഒരു ഗോള്‍ വീണതോടെ കളി ചൂടുപിടിച്ചു.

മേഡ്രിച്ചിന്റെ ഫ്രീകിക്ക് ബോക്‌‌‌സില്‍ തഞ്ചത്തിനു കിട്ടിയപ്പോള്‍ പെരിസിച്ച് തൊടുത്ത പന്ത് ആള്‍ക്കൂട്ടത്തിലൂടെ വന്നപ്പോള്‍ ലോറിസ് കണ്ടില്ല(1-1). ക്രൊയേഷ്യ കഴിഞ്ഞ കളികളിലേതു പോലെ തിരിച്ചുവരുമെന്ന് തോന്നിയ നിമിഷങ്ങള്‍. എന്നാല്‍, ഫ്രാന്‍സ് നിശ്ചയിച്ച പോലെ കാര്യങ്ങള്‍ നീക്കുന്നതാണ് പിന്നീട് കണ്ടത്.

പെരിസിച്ചിന്റെ ആവേശം വരുത്തിയ പിഴവ് പെനല്‍റ്റിക്ക് വഴിവെച്ചത് കളിയില്‍ വഴിത്തിരിവായി. ഗ്രീസ്മാന്‍ പെനല്‍റ്റി പിഴവില്ലാതെ വലയിലാക്കി(2-1). ഇതോടെ കളിയുടെ താളം ഫ്രാന്‍സ് പിടിച്ചെടുത്തു.

മൂന്നു ഗോള്‍, ഒരു പെനല്‍റ്റി, ഒരു സെല്‍ഫ് ഗോള്‍, രണ്ട് മഞ്ഞക്കാര്‍ഡ്. അതിനാടകീയമായിരുന്നു ആദ്യപകുതി. 45 മിനിറ്റിലൊതുക്കാവുന്ന പരമാവധി ചേരുവകള്‍ ഫൈനലിന്റെ ഒന്നാം പകുതി ഉശിരുള്ളതാക്കി. 4-2-3-1 ശൈലിയില്‍ രണ്ടു ടീമും കളിച്ച രീതി വ്യത്യസ്‌തമായിരുന്നു.

രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തനിസ്വരൂപം കാണിച്ചു.  എംബാപെയും ഗ്രീസ്മാനും പോഗ്ബയും കളംനിറഞ്ഞു. ഫ്രാന്‍സിന്റെ രൂപമാറ്റത്തില്‍ ക്രൊയേഷ്യ പതറി. ഫ്രഞ്ച് പടയോട്ടത്തില്‍ ലോകകപ്പിലെ ഏറ്റവും കടുപ്പമുള്ള പ്രതിരോധ കൂട്ടുകെട്ടായ ലോവ്‌റനും വിദയ്‌യക്കും നിരന്തരം പിഴച്ചു. ഫ്രാന്‍സ് അനായാസം രണ്ടു ഗോള്‍ കൂടി നേടി കിരീടം ഉറപ്പിച്ചു.  

പ്രതിരോധക്കാരന്‍ പിന്നോട്ട് നല്‍കിയ പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ച ലോറിസിന് പിഴച്ചപ്പോള്‍ മാന്‍സുകിച് ചുളുവിന് ഒരു ഗോള്‍ നേടി(4-2). പക്ഷേ പിന്നീട് ക്രൊയേഷ്യയ്ക്ക് പൊരുതാന്‍ ത്രാണിയുണ്ടായില്ല. അവസാന നിമിഷങ്ങളില്‍ ഫ്രാന്‍സിന് ലീഡ് ഉയര്‍ത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. പോഗ്ബയ്ക്കും എംബാപെയ്ക്കും പിഴച്ചില്ലായിരുന്നെങ്കില്‍ ക്രൊയേഷ്യയുടെ പരാജയഭാരം ഉയര്‍ന്നേനെ.

ആദ്യമായി ലോകകപ്പ് ഫൈനലില്‍ കടന്ന ക്രൊയേഷ്യയുടേത് ലോകത്തെ അമ്പരപ്പിച്ച പ്രയാണമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കായികനേട്ടത്തിനു തൊട്ടരികിലാണ് ക്രോട്ടുകള്‍. സെമിഫൈനലിനപ്പുറം ക്രൊയേഷ്യക്ക് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍, അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു ഫൈനല്‍പ്രവേശം.

ഫ്രാന്‍സ് ഇത്തവണ ഏറെ കരുതലോടെയാണ് വന്നത്. 20 വര്‍ഷമായി കൈവിട്ട കനകകിരീടം ഇത്തവണ കൈയിലേന്താന്‍ ഉരുക്കഴിക്കേണ്ട തന്ത്രങ്ങള്‍ അവര്‍ നന്നായി ഉറപ്പിച്ചിരുന്നു. യുവത്വവും പരിചയസമ്പത്തും ഒരുപോലെ കൈമുതലായി.
 

പ്രധാന വാർത്തകൾ
 Top