28 January Tuesday

ആരു വാഴും ലോർഡ്‌സിൽ ? ഇന്ന് ഫൈനല്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

ലോർഡ‌്സ‌്
ഇയോവിൻ മോർഗന്റെ ഇംഗ്ലണ്ടോ കെയ‌്ൻ വില്യംസന്റെ ന്യൂസിലൻഡോ? ലോർഡ‌്സിൽ ആരുവാഴുമെന്ന‌് ഇന്നറിയാം. കിരീടസാധ്യതയിൽ  മുന്നിലുണ്ടായിരുന്ന ഇന്ത്യയെയാണ‌് ന്യൂസിലൻഡ‌് സെമിയിൽ കീഴടക്കിയത‌്. നിലവിലെ ചാമ്പ്യൻമാരായ ഓസ‌്ട്രേലിയയെ  ഇംഗ്ലണ്ട‌് വീഴ‌്ത്തി.
1979, 1987, 1992 ഫൈനലുകൾ കളിച്ച ഇംഗ്ലണ്ടിന‌് കിരീടം കിട്ടാക്കനിയാണ‌്. ഇക്കുറി അത‌് തിരുത്താനാണ‌് മോർഗന്റെയും കൂട്ടരുടെയും ഒരുക്കം. കിവികൾ കഴിഞ്ഞ ലോകകപ്പിൽ ഓസീസിനോട‌് കിരീടപ്പോരിൽ തോറ്റു. ആ നിരാശ മാറ്റണം വില്യംസണും സംഘത്തിനും.

ഇംഗ്ലണ്ട‌് സന്തുലിത ടീമാണ‌്. ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം ഒന്നാം നമ്പർ ടീമിന്റെ നിലവാരം കാണിക്കുന്നു. കിവികൾക്ക‌് ദൗർബല്യങ്ങളുണ്ട‌്. എന്നാൽ, മികച്ച സംഘശക്തിയിൽ ഏത‌് ടീമ‌ിനെയും കീഴടക്കാനാകുമെന്ന‌് അവർ ഇതിനകം തെളിയിച്ചു.ലോർഡ‌്സിൽ തെളിഞ്ഞ ആകാശമാണ‌്. ടോസ‌് കിട്ടുന്ന ടീം ബാറ്റിങ‌് തെരഞ്ഞെടുക്കും.ആദ്യഘട്ടത്തിൽ ഇംഗ്ലണ്ട‌് പരുങ്ങിയതാണ‌്. ശ്രീലങ്ക, ഓസീസ‌് ടീമുകളോടുള്ള തോൽവിയിൽ സെമിവരെ സംശയത്തിലായി. എന്നാൽ,  ജാസൺ റോയ‌് പരിക്കുമാറി തിരിച്ചെത്തിയത‌് ടീമിന്റെ സ്വഭാവംതന്നെ മാറ്റി. മുൻനിരയിലെ മറ്റ‌് കളിക്കാരായ ജോണി ബെയർസ‌്റ്റോയും ജോ റൂട്ടും

റണ്ണടിച്ചുകൂട്ടുന്നു. മൂവരും ചേർന്ന‌് ഈ ലോകകപ്പിൽ നേടിയത‌് 1,471 റൺ. ബൗളിങ‌് വിഭാഗത്തിൽ ക്രിസ‌് വോക‌്സും ജോഫ്ര ആർച്ചെറും അപകടകാരികൾ. സ‌്പിന്നർ ആദിൽ റഷീദും നിർണായക ഘടകമാകും. സെമിവരെ കാര്യമായ പ്രകടനമില്ലാതിരുന്ന റഷീദ‌് ഓസീസിനെതിരെ മിന്നി. തുടക്കം കസറിയ ന്യൂസിലൻഡിന‌് അവസാന ഘട്ടത്തിൽ തിരിച്ചടിയുണ്ടായി.  തുടർച്ചയായ മൂന്ന‌് തോൽവികൾ വഴങ്ങി. എന്നാൽ, സെമിയിൽ ഇന്ത്യക്കെതിരെ പുറത്തെടുത്ത ഉശിരൻ പ്രകടനത്തിൽ ആ നിരാശയെല്ലാം മാഞ്ഞു.

ബാറ്റിങ‌് നിരയിൽ വില്യംസണും റോസ‌് ടെയ‌്‌ലറും തിളങ്ങും. ഓപ്പണർ മാർട്ടിൻ ഗ‌ുപ‌്റ്റിലിന്റെ മോശം ഫോമാണ‌് ആശങ്ക. ബൗളർമാരിൽ ട്രെന്റ‌് ബോൾട്ട‌്–-മാറ്റ‌് ഹെൻറി–-ലോക്കി ഫെർഗൂസൻ പേസ‌് ത്രയം ഇംഗ്ലണ്ട‌് മുൻനിരയെ പരീക്ഷിക്കും. സ‌്പിന്നർ മിച്ചൽ സാന്റ‌്നെറും നിർണായക സാന്നിധ്യമാണ‌്.ഇംഗ്ലണ്ട‌്‌: ബെയർസ‌്റ്റോ, റോയ‌്, ജോ റൂട്ട‌്, മോർഗൻ, സ‌്റ്റോക‌്സ‌്, ബട‌്‌ലർ, വോക‌്സ‌്, മാർക‌് വുഡ‌്, ആദിൽ റഷീദ‌്, ആർച്ചെർ, ലിയാം പ്ലങ്കറ്റ‌്, ടോം കറൻ, ലിയാം ഡോസൺ, ജയിംസ‌് വിൻസെ.

ന്യൂസിലൻഡ‌്: ഗുപ‌്റ്റിൽ, നിക്കോൾസ‌്, വില്യംസൺ, റോസ‌് ടെയ‌്‌ലർ, ടോം ലാതം,  ജിമ്മി നീഷം, കോളിൻ ഡി ഗ്രാൻഡ‌്ഹോം, മിച്ചെൽ സാന്റ‌്നെർ, ട്രെന്റ‌് ബോൾട്ട‌്, മാറ്റ‌് ഹെൻറി, ലോക്കി ഫെർഗൂസൻ, ടോം ബ്ലൻഡെൽ, ടിം സൗത്തി, കോളിൻ മൺറോ, ഇഷ‌് സോധി.


പ്രധാന വാർത്തകൾ
 Top